ഇടിക്കൂട്ടിലെ താരങ്ങൾ ഇവർ, 2022-ൽ ക്രാഷ് ടെസ്റ്റിൽ വിജയിച്ച മിടുക്കൻ കാറുകൾ ഇവരൊക്കെ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രാഷ് ടെസ്റ്റുകളെക്കുറിച്ചും അവരുടെ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചും ആളുകൾക്കിടയിൽ അവബോധം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ മികച്ച സ്കോർ നേടിയ കാറുകൾ നിർമിച്ച് സുരക്ഷാ ഫീച്ചറുകൾ നൽകിക്കൊണ്ട് അവബോധം പ്രചരിപ്പിക്കുന്നതിൽ മഹീന്ദ്രയും ടാറ്റയും പ്രധാന പങ്കുവഹിക്കുകയും ചെയ്‌തു.
ശരിക്കും പറഞ്ഞാൽ ക്രാഷ് ടെസ്റ്റിൽ വിജയിച്ച വാഹനങ്ങൾ ഇന്ന് നമ്മുടെ ഇന്ത്യൻ വിപണിയിൽ വളരെ ചുരുക്കമാണെന്ന് പറയാം. പല പ്രമുഖ ബ്രാൻഡുകളും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന തിൽ നിന്നും വിമുഖത കാണിക്കുമ്പോൾ ടാറ്റ മോട്ടോർസും മഹീന്ദ്രയും മുന്നോട്ട് വരുന്നത് സന്തോഷകരമായ വിഷമാണ്. എന്നാൽ ഈ രണ്ട് ബ്രാൻഡുകൾ മാത്രമല്ല കേട്ടോ നമ്മൾ തിരിച്ചറിയാതെ പോവുന്ന ചില കമ്പനികളും സുരക്ഷിതമായ കാറുകൾ പോയ വർഷം വിപണിയിൽ എത്തിച്ചിരുന്നു. 2022-ൽ GNCAP ക്രാഷ് ടെസ്റ്റ് വിജയിച്ച അഞ്ച് മുൻനിര കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

മഹീന്ദ്ര സ്കോർപിയോ N
ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച മഹീന്ദ്ര സ്‌കോർപിയോ-എൻ എസ്‌യുവി ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് നേടിയെടുത്തത്. ഇവിടെ പരീക്ഷിക്കപ്പെട്ട ഏറ്റവും പുതിയ എസ്‌യുവിയാണ് സ്കോർപിയോ N. അഡൽറ്റ് ഒക്യുപന്റ് ടെസ്റ്റിൽ മൊത്തം 34-ൽ 29.25 പോയിന്റുമായാണ് വാഹനം 5-സ്റ്റാർ സ്വന്തമാക്കിയത്. അതേസമയം ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ എസ്‌യുവി 49-ൽ 28.93 പോയിന്റ് നേടി ത്രീ-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കി.
സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ
സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ രണ്ട് എസ്‌യുവികളും ഒരേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചെടുത്തിരിക്കുന്നതെന്ന് ഇതിനോടകം പലർക്കും അറിയാവുന്ന കാര്യമാണ്. എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളും ഇരുവരും തമ്മിൽ പങ്കിടുന്നുണ്ട്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പ്രവർത്തിക്കുന്നത് എന്നതാണ് ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. കുഷാഖും ടൈഗൂണും MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചെടുത്തിരിക്കുന്നത്. മുതിർന്നവരുടെ സംരക്ഷണത്തിൽ എസ്‌യുവികൾക്ക് 34-ൽ 29.64 പോയിന്റുമായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ലഭിച്ചത്.
അതേസമയം സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവികൾക്ക് ചൈൽഡ് ഒക്കപ്പന്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49-ൽ 42 പോയിന്റുമായി 4 സ്റ്റാർ റേറ്റിംഗും ലഭിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ടൈഗൂൺ, കുഷാഖ് എസ്‌യുവികൾ പുതിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഗ്ലോബൽ NCAP പരീക്ഷിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രണ്ട് കാറുകൾ കൂടിയാണ്. പരീക്ഷിക്കപ്പെട്ട രണ്ട് എസ്‌യുവികൾക്കും സ്റ്റാൻഡേർഡ് ഫീച്ചറായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
നിസാൻ മാഗ്നൈറ്റ്
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിസാൻ മാഗ്നൈറ്റ് 4 സ്റ്റാർ റേറ്റിംഗാണ് നേടിയെടുത്തത്. 2020-ൽ പുറത്തിറക്കിയ ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ജാപ്പനീസ് ബ്രാൻഡിനെ രാജ്യത്ത് പിടിച്ചുനിൽക്കാൻ സഹായിച്ച മോഡലാണ്. ജിഎൻസിഎപി ക്രാഷ് ടെസ്റ്റിലും കോംപാക്ട് എസ്‌യുവി മികച്ച സ്‌കോർ നേടി. ഗ്ലോബൽ ക്രാഷ് ടെസ്റ്റിലെ പരീക്ഷണത്തിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ വാഹനം 17-ൽ 11.85 പോയിന്റുമായി 4 സ്റ്റാർ സ്കോർ ചെയ്തു, അതേസമയം കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 24.88 പോയിന്റുമായി 2 സ്റ്റാർ റേറ്റിംഗുമാണ് സ്കോർ ചെയ്തത്.
റെനോ കൈഗർ
നിസാൻ മാഗ്‌നൈറ്റുമായി റെനോയുടെ കൈഗർ അതിന്റെ പ്ലാറ്റ്ഫോമും എഞ്ചിനും ഫീച്ചറുകളും പങ്കുവെക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ തനിയെ പരീക്ഷിക്കപ്പെട്ട വാഹനത്തിന് മികച്ച സ്കോർ കണ്ടെത്താനായി. മുതിർന്ന ഒക്യുപന്റ് ടെസ്റ്റിൽ 17-ൽ 12.34 പോയിന്റുമായി കൈഗർ 4 സ്റ്റാർ സ്കോർ ചെയ്തു. അതേസമയം കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 21.05 പോയിന്റുമായി 2 സ്റ്റാർ റേറ്റിംഗുമാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ സെഗ്മെന്റിലെ ഏറ്റവും വില കുറവുള്ള മോഡലുകളിൽ ഒന്നു കൂടിയാണ് റെനോ കൈഗർ
നാലാം തലമുറ ഹോണ്ട സിറ്റി
പുതിയ അഞ്ചാംതലമുറ മോഡൽ വന്നെങ്കിലും വിൽപ്പന കണക്കുകളുടെ കാര്യത്തിൽ ഇപ്പോഴും മാന്യമായ സംഖ്യകൾ ഹോണ്ടയ്ക്ക് സമ്മാനിക്കുന്ന മോഡലാണ് നാലാം തലമുറ ആവർത്തനത്തിലുള്ള സിറ്റി സെഡാൻ. അടുത്ത വർഷം നിർത്തലാക്കാമെങ്കിലും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ അഡൽറ്റ് ഒക്യുപന്റ് ടെസ്റ്റിൽ 17-ൽ 12.03 പോയിന്റുമായി വാഹനം 4 സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. കുട്ടികളുടെ സംരക്ഷണത്തിൽ ഊ സിറ്റി 49 ൽ 38.27 പോയിന്റുമായി 4 സ്റ്റാർ സേഫ്റ്റിയാണ് സ്വന്തമാക്കിയത്.


Click it and Unblock the Notifications








