സ്ക്രാം 411 മുതൽ പുതുതലമുറ RC390 വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന മുൻനിര പ്രീമിയം മോട്ടോർസൈക്കിളുകൾ
വാഹന വിപണിയെ സംബന്ധിച്ചിടത്തോളം മന്ദഗതിയിലുള്ള ഒരു വർഷമാണ് കടന്നുപോയത്. കൊവിഡ് ഭീഷണിക്ക് ശേഷം ഇന്ത്യൻ വാഹന മേഖല വീണ്ടും വേഗത കൈവരിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുചക്ര വാഹന രംഗത്ത് ഇലക്‌ട്രിക് മോഡലുകളുടെ വളർച്ചയുണ്ടെങ്കിലും പരമ്പരാഗത പെട്രോൾ മോഡലുകൾക്ക് ഇന്നും നിരവധി ആവശ്യക്കാരാണുള്ളത്. പ്രത്യേകിച്ച പ്രീമിയം ബൈക്ക് സെഗ്മെന്റിൽ.

പകർച്ചവ്യാധിയുടെ മൂന്നാം തരംഗം കാരണം മുമ്പ് വൈകിയിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ ഉടൻ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. നമ്മുടെ ആഭ്യന്തര വിപണിയിൽ വരാനിരിക്കുന്ന പ്രധാന പ്രീമിയം ബൈക്കുകൾ ഏതൊക്കെയാണെന്ന് ഒന്നു പരിടചയപ്പെടാം.

റോയൽ എൻഫീൽഡ് സ്‌ക്രാം 411
ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ റോഡ് അധിഷ്ഠിത മോഡലാണ് വരാനിരിക്കുന്ന സ്‌ക്രാം 411. ഇതിനോടകം രാജ്യത്തെ റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിൽ ബൈക്ക് എത്തി തുടങ്ങിയിട്ടുമുണ്ട്.

ഹിമാലയന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പായി സ്‌ക്രാം 411 പുറത്തിറങ്ങും. ഒരേ എഞ്ചിനും പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയാണ് ഇത് വരുന്നതെങ്കിലും താഴ്ന്ന സസ്‌പെൻഷൻ കിറ്റും ചെറിയ ഫ്രണ്ട് വീലും ഇതിന് കമ്പനി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാർച്ച് ഏഴിന് വിപണിയിൽ അവതരിപ്പിക്കാനാരിക്കുന്ന റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിന് 1.70 ലക്ഷം മുതൽ 1.90 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നാണ് ലഭിക്കുന്ന സൂചന.

2022 കെടിഎം 390 അഡ്വഞ്ചർ
ഈ വർഷം നിരവധി ഉൽപ്പന്നങ്ങൾ നിരത്തിലിറക്കാനാണ് ബജാജ് ഓട്ടോ പദ്ധതിയിട്ടിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത 390 അഡ്വഞ്ചർ ഈ വർഷത്തെ അതിന്റെ ആദ്യ ബൈക്കുകളിലൊന്നായിരിക്കും. എക്സ്റ്റീരിയർ സ്റ്റൈലിംഗിൽ മാറ്റങ്ങളുമായാണ് പുതിയ എഡിവി എത്തുന്നത്.

അടുത്തിടെ വിദേശ നിരത്തുകളിൽ എത്തിയ 2022 മോഡൽ കെടിഎം 390 അഡ്വഞ്ചർ പുതിയ ഡ്യുവൽ-ടോൺ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാകും വിപണിയിൽ എത്തുക. അധികം വൈകാതെ തന്നെ പ്രീമിയം കെടിഎം അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത.

റോയൽ എൻഫീൽഡ് ഹണ്ടർ 350
സ്‌ക്രാം 411ന് ശേഷം ബുള്ളറ്റ് നിർമാതാക്കൾ പുതിയ ഹണ്ടർ 350 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മീറ്റിയോർ 350 അടിസ്ഥാനമാക്കിയാണ് ഹണ്ടറിന്റെ നിർമാണംം പൂർത്തിയാക്കിയിരിക്കുന്നത്.

എന്നാൽ മുൻകാല സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ ക്രൂയിസർ ബൈക്കിനെ അപേക്ഷിച്ച് കൂടുതൽ ഓഫ്-റോഡ് അധിഷ്ഠിത സ്‌ക്രാംബ്ലർ ക്ലാസ് ബൈക്കായിരിക്കും വരാനിരിക്കുന്ന ഹണ്ടർ 350 എന്നതാണ് ശ്രദ്ധേയം.

പുതുതലമുറ കെടിഎം RC390
പുതിയ RC200 ഇതിനകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വലിയ പതിപ്പായ RC390 ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ല. എന്നാൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ മോഡൽ ഉടൻ തന്നെ ഇന്ത്യൻ അരങ്ങേറ്റത്തിന് സാക്ഷ്യംവഹിക്കും.

തലമുറ പരിഷ്ക്കാരങ്ങൾക്കൊപ്പം ബൈക്കിന് പുതിയ രൂപകൽപനയും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും പുതിയ സവിശേഷതകളും ഓസ്‌ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎം സമ്മാനിക്കും. ലോഞ്ച് ചെയ്യുമ്പോൾ നിലവിലുള്ള മോഡലിനേക്കാൾ അൽപ്പം കൂടിയ വിലയാകും ഇതിനുണ്ടാവുക.

ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V2
2021 നവംബറിലാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V2 ആദ്യമായി വിപണിയിൽ അവതരിപ്പിക്കുന്നത്. 2022 അവസാനത്തോടെ കമ്പനി പുതിയ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത. പാനിഗാലെ V2 സ്പോർട്ടി പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമാണ് ബൈക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ 955 സിസി, സൂപ്പർ ക്വാഡ്രോ, ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V2 സൂപ്പർ ബൈക്കിന് തുടിപ്പേകുന്നത്. എന്നാൽ ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിളിനേക്കാൾ അൽപ്പം കുറഞ്ഞ പവറും ടോർഖുമായിരിക്കും ഇതിനുണ്ടാവുക.

ഈ എഞ്ചിൻ 10,750 rpm-ൽ 151 bhp കരുത്തും 9,000 rpm-ൽ 101.4 Nm torque ഉം ആയിരിക്കും ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ V2 വേരിയന്റിൽ ഉത്പാദിപ്പിക്കുക. ബൈക്കിൽ ബൈ-ഡയറക്ഷണൽ അപ്പ്/ഡൗൺ ക്വിക്ക്‌ഷിഫ്റ്റർ ഉള്ള അതേ 6 സ്പീഡ് ഗിയർബോക്‌സും ലഭിക്കും.


Click it and Unblock the Notifications








