ഒറ്റ ചുംബനരംഗം കൊണ്ട് വൻഹിറ്റായ സീരിയലിലെ നായകൻ, ഹാരിയർ ഇവി വാങ്ങി കാതോട് കാതോരത്തിലെ അർജുൻ
മിനിസ്ക്രീനിൽ ഒറ്റ ചുംബനരംഗം കൊണ്ട് വൻ ഹിറ്റായ സീരിയലാണ് കാതോട് കാതോരം. ആദ്യമായാണ് മലയാള സീരിയലിൽ ഇത്തരത്തിലൊരു ലിപ്പ്ലോക്ക് സീൻ വരുന്നത് എന്നതിനാൽ തന്നെയാണ് ഏഷ്യാനെറ്റിലെ ഹിറ്റായത്. ടിവിയിൽ മാത്രമല്ല കേട്ടോ, മീനുവും അർജുനും തമ്മിലുള്ള ആദ്യ രാത്രിയിലെ പ്രണയ രംഗങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. പുതുതലമുറ വരവേറ്റ സീനിൽ പ്രത്യക്ഷപ്പെട്ടത് കൃഷ്ണേന്ദുവും രാഹുൽ സുരേഷുമായിരുന്നു. സീരിയൽ കാണാത്ത ആളുകൾ വരെ ഈ ഒരു രംഗം കണ്ടതോടെ ഹോട്ട്സ്റ്റാറിലൂടെ പോലും കാതോട് കാതോരം കാണാൻ തുടങ്ങിയിരുന്നു.
എന്തായാലും ഇതോടെ നായികയ്ക്കും നായകനും വലിയ ഫാൻബേസും ലഭിക്കുകയുണ്ടായി. രാഹുൽ സുരേഷും ഇതോടെ സ്റ്റാറായി. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് സീരിയൽ നടൻ. കല്യാണം കഴിച്ചതൊന്നുമല്ല കേട്ടോ, അതിനാൽ ആരാധകർ നിരാശപ്പെടുകയൊന്നും വേണ്ട. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി രാഹുൽ പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ്.

ഏതാണന്നല്ലേ, ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവിയായ ഹാരിയറാണ് രാഹുൽ സുരേഷ് സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന ഫോർഡ് ഇക്കോസ്പോർട്ടുമായി വേർപിരിയുന്നുവെന്ന വീഡിയോ താരം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമാണ് ഇവിയിലേക്ക് ചേക്കേറാൻ നടൻ തീരുമാനിച്ചത്. അതും വാഗമണ്ണിലെ ആനപ്പാറ വരെ കീഴടക്കിയ ഹാരിയർ ഇവിയാവുമ്പോൾ സംഗതി സ്പെഷ്യലാവുന്നുണ്ട്.
പുതിയ ഹാരിയർ ഇലക്ട്രിക് എസ്‌യുവിക്കും ബ്ലാക്ക് കളർ ഓപ്ഷൻ തന്നെയാണ് രാഹുൽ തെരഞ്ഞെടുത്തിരിക്കുന്നത്. അതായത് സ്റ്റെൽത്ത് എഡിഷൻ എന്നാണ് ഈ പതിപ്പിന് ടാറ്റ മോട്ടോർസ് പേരിട്ടിരിക്കുന്നത്. ഇക്കോസ്പോർട്ടിനും ബ്ലാക്ക് നിറമായിരുന്നതിനാലാവാം ഇതേ നിറം തന്നെ വാങ്ങാൻ താരം തീരുമാനിച്ചത്. അല്ലെങ്കിൽ കറുപ്പിനോട് താരത്തിന് പ്രത്യേക ഇഷ്‌ടമുണ്ടായിരിക്കും. എന്തായാലും ഹാരിയർ ഇവിക്ക് സ്പോർട്ടി ലുക്ക് നൽകുന്ന ഈ നിറം അന്യായ റോഡ് പ്രസൻസാണ് നൽകുന്നത്.

കുടുംബത്തോടൊപ്പമെത്തിയാണ് രാഹുൽ പുതിയ വാഹനത്തെ വരവേറ്റിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നീ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമായ ടാറ്റ ഹാരിയർ ഇവി നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ലഭ്യമാവും.
21.49 ലക്ഷം മുതൽ 30.23 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ താഴ്ന്ന വേരിയന്റുകളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകളുമുണ്ട്. ഹാരിയർ ഇവിയുടെ RWD പതിപ്പുകൾ 235 bhp പവറിൽ പരമാവധി 315 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് എസ്‌യുവിയുടെ QWD വകഭേദങ്ങൾ 391 bhp കരുത്തിൽ പരമാവധി 504 Nm ടോർക്ക് വരെയും നൽകും. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.
പെർഫോമൻസിലേക്ക് നോക്കിയാൽ 6.3 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാൻ ഹാരിയർ ഇവിക്ക് സാധിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. മോഡേൺ ടാറ്റ കാറുകളെ പോലെ ഫീച്ചേഴ്‌സിന്റെ കാര്യത്തിലെല്ലാം ആശാൻ അഡാറാണ്. ഡ്യുവൽ-ടോൺ ഫിനിഷിലുള്ള അകത്തളം അതിമനോഹരമാണെന്ന് തന്നെ വേണം പറയാൻ. കൂടെ കാലാതീതമായ ഫീച്ചറുകളും കീടി ചേരുന്നതോടെ വേറെ ലെവലാവുന്നു.
10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹാർമൻ ഓഡിയോ സിസ്റ്റം, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ റിയർ വ്യൂ മിറർ, 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ലെവൽ 2 ADAS എന്നിവയാണ് ഹാരയർ ഇവിയിലെ പ്രധാന ഫീച്ചറുകൾ.
ഇതോടൊപ്പം നോർമൽ, സാൻഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 വ്യത്യസ്‌ത ടെറെയ്ൻ മോഡുകളും ടാറ്റ ഹാരിയർ ഇവിയിൽ ഒരുക്കിയിട്ടുണ്ട്. സേഫ്റ്റിയിലും ഒന്നാന്തരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി 5-സ്റ്റാർ റേറ്റിംഗാണ് ടാറ്റയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവി നേടിയിരിക്കുന്നത്. ഹാരിയർ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








