6 വയസുകാരി വാങ്ങിയത് 25 ലക്ഷത്തിന്റെ പുത്തൻ എസ്‌യുവി; സീരിയലിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ ആളെ മനസിലായോ
സീരിയൽ കാണാത്ത മലയാളികൾ പൊതുവേ കുറവായിരിക്കുമല്ലോ. പുരുഷൻമാർക്ക് പൊതുവേ ഇത്തരം കാര്യങ്ങളോട് പുഛമാണെങ്കിലും ദൂരദർശനിലെ ജ്വാലയായ് പോലും കണ്ടവരാണ് ഇന്ന് മറ്റ് സീരിയലുകളോട് മുഖംതിരിച്ചിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം. പണ്ടത്തെ നിലവാരം സീരിയലുകൾക്കില്ലെങ്കിലും വീട്ടിലെ സ്ത്രീകളുടെ പ്രധാന സ്ട്രെസ് ബസ്റ്ററാണ് സീരിയലുകൾ. ഇവിടെ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ ഏത് സംസ്ഥാനമെടുത്താലും അവിടുത്തെ സ്ത്രീകളും സന്ധ്യയ്ക്ക് ടിവിയുടെ മുന്നിലെത്തുന്നതും ഇതിനു വേണ്ടിയാവും. അന്യഭാഷ സീരിയലുകൾ പൊതുവേ കാണാറില്ലെങ്കിലും ചാനൽ മാറ്റുമ്പോൾ ചിലതൊക്കെ അൽപനേരം നോക്കിയിരിക്കാൻ നമുക്ക് തോന്നിയേക്കും.
അത്തരത്തിലൊരു പുതിയ കന്നഡ സീരിയലാണ് ലക്ഷ്മി നിവാസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കന്നഡയിലെ ഒന്നാം നമ്പർ സീരിയൽ എന്ന നിലയിൽ ജനപ്രീതി നേടിയെടുക്കാനും ഇതിനായി. ഒരു മിഡിൽ ഫാമിലി ദമ്പതികളുടെ കഥയാണ് ലക്ഷ്മി നിവാസ് സീരിയൽ പറയുന്നത്. ഈ സീരിയലിലൂടെ ടെലിവിഷൻ ലോകത്ത് ശ്രദ്ധനേടിയിരിക്കുകയാണ് അതിലെ കുട്ടി കഥാപാത്രമായ നിഷിത ആന്ദ്രെ. സോഷ്യൽ മീഡിയയിൽ റീലുകളുണ്ടാക്കി ബാലതാരം നെറ്റിസൺമാരുടെ ഹൃദയത്തിലും സ്ഥാനംപിടിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ റീൽസിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് നിഷിതയ്ക്ക് ലക്ഷ്മി നിവാസ് സീരിയലിൽ അവസരം ലഭിച്ചത്. വെറും 6 വയസ് മാത്രമാണ് നിഷിത ആന്ദ്രെയ്ക്ക് പ്രായമുള്ളത്. ആരാധകരും ഏറെയുള്ള ലിറ്റിൽ സ്റ്റാർ ഇപ്പോഴിതാ ഒരു വിലകൂടിയ കാർ സ്വന്തമായി വാങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ ഹ്യുണ്ടായി ക്രെറ്റയാണ് ബാലതാരം തന്റെ വീട്ടിലെത്തിച്ചിരിക്കുന്നത്.
പുതിയ കാർ വാങ്ങിയതിൻ്റെ സന്തോഷംനിഷിത തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനായി ചെയ്‌ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. നിഷിതയുടെ ഇൻസ്റ്റാഗ്രാം പേജിന് 9 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. അമ്മയാണ് നിഷിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. കാറും താരത്തിന്റെ അമ്മയുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്.

ബാലതാരം വാങ്ങിയ പുതിയ ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയെക്കുറിച്ച് വണ്ടിഭ്രാന്തൻമാർക്കെല്ലാം നല്ലപോലെ അറിയാം. എന്തായാലും സമാധാനത്തിന്റെ നിറമായ വൈറ്റ് കളർ ഓപ്ഷനാണ് ലിറ്റിൽ സ്റ്റാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം ADAS സേഫ്റ്റി ടെക്കുള്ള ടോപ്പ് എൻഡ് വേരിയന്റുമാണ് ബാലതാരം വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. നിലവിൽ E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലായി വരുന്ന മോഡലിന് 11 ലക്ഷം മുതൽ 20.15 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ടോപ്പ്-എൻഡ് വേരിയന്റ് റോഡിലിറക്കുമ്പോൾ ഏകദേശം 25 ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി ക്രെറ്റ വാങ്ങാനാവും. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയുടെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നതാണ് ക്രെറ്റയുടെ വിജയം. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്തെ കിടിലൻ പാറ്റേൺ ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും തന്നെയാണ് വാഹനത്തെ കിടിലമാക്കുന്നത്. വശക്കാഴ്ച്ചയിൽ വലിയ അലോയ് വീലുകളും കൊടുത്തിട്ടുണ്ട്. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് ടെയിൽ ലാമ്പുകളാണ് ക്രെറ്റയെ അഴകുറ്റതാക്കുന്നത്. കാറിന്റെ സൗകര്യത്തിനും പ്രായോഗികതയ്ക്കും വേണ്ടി രൂപകല്പന ചെയ്തിരിക്കുന്ന ഇൻ്റീരിയറും സമാനതകളില്ലാത്തതാണ്.
ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി കൊടുത്തിരിക്കുന്ന വലിയ ഡ്യുവൽ ടച്ച്സ്ക്രീനുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാന സവിശേഷതകൾ.
സേഫ്റ്റിയിലേക്കേ വന്നാൽ 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയെല്ലാമാണ് ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര ഹോണ്ട എലിവേറ്റ് എന്നിവയാണ് ക്രെറ്റയുടെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








