സൂപ്പർനായികമാരുടെ മുൻകാമുകൻ, ഇന്ന് തിരക്കുള്ള സൂപ്പർസ്റ്റാർ! പുതുതായി 4.50 കോടിയുടെ ആഡംബര കാറും വാങ്ങി
ജബ് വി മെറ്റ്, ഉഡ്താ പഞ്ചാബ്, പദ്മാവത്, ജേഴ്‌സി, കബീർ സിങ് പോലുള്ള ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്കിടയിലും ഫാൻസുണ്ടാക്കിയെടുത്ത ബോളിവുഡ് നടനാണ് ഷാഹിദ് കപൂർ (Shahid Kapoor). നടന്‍ പങ്കജ് കപൂറിന്റേയും നര്‍ത്തകി നീലിമ അസീമിന്റേയും മകനായിട്ടാണ് ബി-ടൌണിൽ എത്തുന്നതെങ്കിലും കരീന കപൂറിന്റെ കാമുകനായിട്ടാണ് തുടക്കം മുതൽ താരം അറിയപ്പെട്ടിരുന്നത്. പിന്നീട് പ്രിയങ്ക ചോപ്രയുമായി അടുപ്പത്തിലായതുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് ഹിന്ദിയിലെ ഏറ്റവും തിരക്കേറിയ നായകൻമാരിൽ ഒരാളായി മാറാനും ഷാഹിദ് കപൂറിനായിട്ടുണ്ട്.
മുമ്പ് തന്റെ ജീവിതത്തിലുണ്ടായ ബന്ധങ്ങളില്‍ പലതിലും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തുറന്ന്പറയാനും ധൈര്യം കാണിച്ചയാളാണ് ഷാഹിദ്. നിലവിൽ തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് താരം കടന്നുപോവുന്നത്. മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദേവയിലൂടെ അടുത്ത ഹിറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഷാഹിദ്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മോളിവുഡിൽ ഹിറ്റായ മുംബൈ പോലീസിന്റെ റീമേക്ക് ആണോയെന്നാണ് ഇപ്പോൾ ഏവരും കാത്തിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദേവയുടെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനുവരി 31-ന് ചിത്രം തീയേറ്ററില്‍ എത്തുമെന്നതിന് മുമ്പായി ജീവിതത്തിൽ പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് ഷാഹിദ്.
മറ്റൊന്നുമല്ല, യാത്രകൾക്കായി പുത്തനൊരു അത്യാഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം. പുത്തൻ വാഹനത്തിൽ മുംബൈയിലൂടെ കറങ്ങുന്ന ഷാഹിദിന്റെ പുതിയ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. ആദ്യത്തെ മെർസിഡീസ് മെയ്‌ബാക്ക് GLS600 നൈറ്റ് സീരീസ് ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമ നടൻ കൂടിയാണ് കക്ഷി കേട്ടോ. ഇക്കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയ ആഡംബര എസ്‌യുവിക്ക് 4.50 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ.

ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ഗ്രേ നിറത്തിലുള്ള സ്വെറ്റ് പാന്റും ധരിച്ച് പുത്തൻ കാറിൽ കയറുന്ന ഷാഹിദിനെ വീഡിയോയിൽ കാണാം. ഇനി ഷാഹിദ് കപൂർ സ്വന്തമാക്കിയിരിക്കുന്ന മെർസിഡീസ് മെയ്‌ബാക്ക് GLS600 നൈറ്റ് സീരീസ് മോഡലിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മെയ്ബാക്ക് കാറുകളുടെ ഹാൾമാർക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
ആഡംബര വാഹനത്തിന്റെ മുകൾ ഭാഗത്ത് മൊജാവേ സിൽവർ ഫിനിഷും താഴത്തെ ഭാഗത്ത് ഒനിക്സ് ബ്ലാക്ക് ഫിനിഷുമാണ് ജർമൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഈ നിറത്തിന് അനുയോജ്യമായ രീതിക്ക് എക്സ്റ്റീരിയർ ഫിറ്റ്‌മെന്റുകളും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഫ്രണ്ട് ഗ്രിൽ പാനലിലും ഹെഡ്‌ലൈറ്റുകളിലും റോസ് ഗോൾഡ് ഇൻസേർട്ടുകളും കാണാം.

മെയ്ബാക്ക് EQS 680 നൈറ്റ് സീരീസിൽ കാണപ്പെടുന്നതിന് സമാനമായി ഓൾ-ബ്ലാക്ക് മെയ്ബാക്ക് 22 ഇഞ്ച് അലോയ് വീലുകളാണ് ഷാഹിദിന്റെ GLS600 മോഡലിലും ഒരുക്കിയിരിക്കുന്നത്. കാറിന്റെ ഇന്റീരിയറും കറുപ്പിലാണ് തീർത്തിരിക്കുന്നത്. സീറ്റുകൾ ബെസ്പോക്ക് നാപ്പ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നതെങ്കിൽ വുഡ്, അലുമിനിയം ആക്സന്റുകളും ഇതിൽ ഒരുക്കിയിരിക്കുന്നത്.
എസ്‌യുവിയുടെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് എക്സ്ക്ലൂസീവ് നൈറ്റ് സീരീസ് ആനിമേഷനും ലഭിക്കുന്നുണ്ടേ. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 27-സ്പീക്കർ സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളെല്ലാം വാഹനത്തിലുണ്ട്. മെയ്ബാക്ക് GLS 600 നൈറ്റ് സീരീസിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന അതേ 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിൻ തന്നെയാണ് ബോളിവുഡ് നടന്റെ പുതിയ മോഡലിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
കൂടുതൽ കാര്യക്ഷമതയ്ക്കായി 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും എഞ്ചിനൊപ്പം കോർത്തിണക്കിയിട്ടുണ്ടെന്നും മെർസിഡീസ് ബെൻസ് പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിന് 550 bhp കരുത്തിൽ പരമാവധി 770 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഫോർവീൽ ഡ്രൈവ് എസ്‌യുവിയായതിനാൽ തന്നെ വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മെയ്ബാക്ക് GLS 600 നൈറ്റ് സീരീസിന് സാധിക്കും. എന്തായാലും പുതിയ പടം ഹിറ്റായാൽ ഹിന്ദി സിനിമയുടെ മുഖംരക്ഷിക്കാനും ഷാഹിദ് കപൂറിനാവും. നിലവിൽ ഒരു പടത്തിൽ അഭിനയിക്കാൻ ഏകദേശം 25 കോടി രൂപയോളമാണ് താകം കൈപ്പറ്റുന്നതും.


Click it and Unblock the Notifications








