കാർ വാങ്ങുമ്പോൾ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിഗണിക്കേണ്ടതുണ്ടോ? ഇതൊന്ന് അറിഞ്ഞിരുന്നോ
ഒരു കാർ വാങ്ങുന്ന എന്നത് പലരുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവാം. ഏറെ കാത്തിരുന്ന് ഒരു മോഡൽ വീട്ടിലേക്ക് വാങ്ങുമ്പോൾ പലരും പല കാര്യങ്ങളായിരിക്കാം പരിഗണിക്കുക. പണ്ടൊക്കെ മൈലേജ് നോക്കി മാത്രം കാർ വാങ്ങിയിരുന്ന ഇന്ത്യൻ ജനത ഇന്ന് വാഹന സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

സ്വന്തമായി ഒരു വാഹനം സ്വന്തമാക്കാൻ പോകുമ്പോൾ സംശയങ്ങൾ പലതുണ്ടെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് ഇന്നത്തെ തലമുറ തയാറാവില്ല. ഏതു വാഹനം വാങ്ങണം ഫുൾ-ഓപ്ഷൻ വേണോ എന്നിങ്ങനെ മൊത്തം കൺഫ്യൂഷനാണ്. കാരണം കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നത് ടോപ്പ് എൻഡ് വേരിയന്റുകളിലാണല്ലോ. എന്നാൽ കാർ വാങ്ങുമ്പോൾ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിഗണിക്കേണ്ടതുണ്ടോയെന്നതാണ് പ്രധാന ആശയക്കുഴപ്പം.

ഒന്നിലധികം എയർബാഗുകളും മറ്റ് ഫീച്ചേഴ്‌സുകളും നിർമാതാക്കൾ നൽകുമ്പോൾ ഈയൊരു കാര്യത്തിന് എന്താ ഇത്ര പ്രത്യേകതയെന്ന് ആലോചിക്കുന്നവരുണ്ടാവും. സമീപ വർഷങ്ങളിൽ ഇന്ത്യൻ കാർ വിപണിയിൽ സുരക്ഷാ റേറ്റിംഗുകൾ ഒരു ചെറിയ കാര്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നെക്‌സോൺ ആദ്യമായി പരീക്ഷിച്ച് ടാറ്റ മോട്ടോർസാണ് ഈ ട്രെൻഡിന് ഇന്ത്യയിൽ തുടക്കമിട്ടതെന്നു വേണം പറയാൻ. GNCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്‌കോർ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ കാറായി നെക്‌സോൺ മാറി.

നേരത്തെ NCAP ക്രാഷ് ടെസ്റ്റുകളിൽ പല ഇന്ത്യൻ കാറുകളും പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫലങ്ങളെല്ലാം നിരാശാജനകമായിരുന്നു. കൂടുതലും മോഡലുകൾ 3-സ്റ്റാർ റേറ്റിംഗുമായി മടങ്ങിയിടത്താണ് നെക്സോൺ അഞ്ചിൽ അഞ്ചും നേടി താരമായത്. ഈ കണക്കുകൾ നിരവധി ഉപഭോക്താക്കളിൽ എത്തുകയും നെക്സോൺ വലിയ വിജയമാവുകയും ചെയ്തു. എന്നിരുന്നാലും, ഒരു കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട കാര്യമാണോ കാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ എന്ന് നമുക്ക് ഒന്ന് ചർച്ച ചെയ്‌തു നോക്കിയാലോ?

ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നിർണയിക്കുന്നത് എങ്ങനെയെന്ന് ആദ്യം നോക്കാം. ജനപ്രിയ കാറുകളെ ഫ്രണ്ട് ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നിങ്ങനെയുള്ള നിരവധി പരിശോധനകളിലൂടെ ഉൾപ്പെടുത്തുകയും പിന്നീട് തകർച്ചയെ നേരിടാനുള്ള കാറിന്റെ കഴിവ് നിർണയിക്കുകയും ചെയ്യുന്ന രീതിയുമാണ് ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (GNCAP) തുടർന്നു വരുന്നത്. കാറിൽ മനുഷ്യനെപ്പോലെയുള്ള ഡമ്മികൾ വെച്ചാണ് ക്രാഷ് ടെസ്റ്റ് പരീക്ഷണം നടത്തുന്നത്.

അപകടമുണ്ടായാൽ മനുഷ്യ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾക്ക് പരിക്കേൽക്കുമെന്ന് നിർണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ഈ ഡമ്മികളിലെ പരിക്കുകളുടെ തീവ്രതയും ആഘാതവും അനുസരിച്ച് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി GNCAP ഒരു സ്കോർ പുറത്തിറക്കും. ഇങ്ങനെയാണ് ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സ്കോർ പരിഗണിക്കപ്പെടുന്നത്.

ഇനിയുള്ള അടുത്ത പ്രധാന സംശയമാവും എങ്ങനെയാണ് ക്രാഷ് ടെസ്റ്റുകൾക്കുള്ള കാറുകൾ തെരഞ്ഞെടുക്കുന്നത് എന്നത്. ഇതിന് പ്രധാനമായും രണ്ട് വഴികളാണുള്ളത്. അതായത് ആദ്യത്തേത് GNCAP-ന് ഒരു ജനപ്രിയ കാർ ക്രമരഹിതമായി തെരഞ്ഞെടുക്കാനും ഒരു ഡീലർ മുഖേന അത് വാങ്ങാനും അതിന്റെ സൗകര്യത്തിൽ അടിസ്ഥാന മോഡൽ പരീക്ഷിക്കാനും കഴിയും. രണ്ടാമതായി, നിർമാതാവിന് GNCAP സൗകര്യത്തിലേക്ക് ഒരു കാർ അയച്ച് അത് വിലയിരുത്താവുന്നതാണ്.

ടാറ്റ, മഹീന്ദ്ര, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകൾ എന്നിവ ഒഴികെ മിക്ക ഇന്ത്യൻ കാറുകളും സ്വയമേ GNCAP സൗകര്യത്തിലേക്ക് കാർ പരീക്ഷിക്കാൻ എത്തിയിട്ടില്ലെന്നതാണ് രസകരമായ മറ്റൊരു കാര്യം. പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവരെല്ലാം ഇതിൽ നിന്നും വിട്ടുനിൽക്കാനാണ് താത്പര്യം കാണിച്ചിരിക്കുന്നത്.

പൊതുവായി ഉയരുന്ന അടുത്ത ചോദ്യമാണ് കാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ വിശ്വസനീയമാണോ എന്നത്. GNCAP പരീക്ഷിക്കപ്പെടുന്ന കാറുകൾ വിവിധ നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോവുന്നത്. ഈ പ്രക്രിയ വളരെ സുതാര്യമാണ്. ഈ കാറുകൾ എങ്ങനെയാണ് പരീക്ഷിക്കപ്പെടുന്നതെന്ന് കാണിക്കുന്ന ഒരു യൂട്യൂബ് ചാനൽ പോലും അവർക്ക് ഉണ്ടെന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് എത്തും. ടെസ്റ്റ് സ്കോറുകൾ വിശ്വസനീയമാണെന്ന് തന്നെവേണം പറയാൻ.

വാസ്തവത്തിൽ GNCAP ടെസ്റ്റുകൾ വളരെ വിശ്വസനീയമാണെന്ന് സാരം. വരാനിരിക്കുന്ന ഭാരത് NCAP ടെസ്റ്റുകൾ GNCAP ചെയ്യുന്നതുമായി വളരെ സാമ്യമുള്ളതാണ് എന്നതിനാൽ ഇനി ഇവിടെ പരീക്ഷിക്കപ്പെടുന്ന മോഡലുകളും വിശ്വസനീയമാണെന്ന് പറയാം. കാർ വാങ്ങുമ്പോൾ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിഗണിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാൽ തീർച്ചയായും ഉണ്ട്.!

ഒരു പുതിയ കാർ വാങ്ങുമ്പോൾ ഏറ്റവും മുൻഗണന നൽകേണ്ട കാര്യമാണിത്. നിങ്ങൾ എത്ര സുരക്ഷിതമായി വാഹനമോടിച്ചാലും അപകടങ്ങൾ സംഭവിക്കാമെന്നതാണ് യാഥാർഥ്യം. ആ സമയത്ത് നിങ്ങളുടെ കാർ മാത്രമാണ് നിങ്ങൾക്ക് ചുറ്റുമുള്ള ഏക കവചം. ഏറ്റവും കുറഞ്ഞത് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡൽ എങ്കിലും വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കാം എന്നതാണ് നമുക്ക് ചെയ്യാനാവുന്നത്.


Click it and Unblock the Notifications








