ഇനി തലപുകയ്ക്കണ്ട, കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരാം
പലരും കാർ ഇൻഷുറൻസ് ഒരു അനാവശ്യ ചെലവായാണ് കണക്കാക്കുന്നത്. എന്നാൽ ഇൻഷുറൻസ് ഇല്ലാതെ റോഡിൽ ഇറങ്ങിയാൽ പണിപാളുമെന്നതിനാൽ മാത്രമാണ് പലരും ഇൻഷുറൻസ് പുതുക്കുന്നതും എടുക്കുന്നതും തന്നെ.

എന്നാൽ മികച്ച കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വാഹനത്തിന്റെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ്.
വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നരിക്കേ അവയുടെ ചെലവുകള്‍ കുറയ്ക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക വഴി.

പണം ഒരു പ്രശ്‌നമാണെങ്കിൽ, എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികളും ചെലവേറിയതല്ല എന്ന് മനസിലാക്കേണ്ടതാണ്. ശരിക്കും പറഞ്ഞാൽ ചില ടിപ്പുകളുടെ സഹായത്തോടെ ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. എന്നാൽ ഇതെങ്ങനെയെന്നാലും പലരും തലപുകഞ്ഞ് ആലോചിക്കുന്നത്. അതിനുള്ള മാർഗങ്ങൾ പറഞ്ഞുതരാം.

ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം പല ഘടകങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെടുന്ന ഒരു കാര്യമാണ്. ഈ ഘടകങ്ങൾ നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്താൻ മോട്ടോർ ഇൻഷുററെ സഹായിക്കുന്നു. അപകടസാധ്യത കൂടുന്തോറും ഉയർന്ന കാർ ഇൻഷുറൻസ് പ്രീമിയം ലഭിക്കും.

കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ കർശനമല്ല. നിങ്ങളുടെ ബജറ്റ് അധികമാക്കാതെ തന്നെ നിങ്ങൾക്ക് മികച്ച കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അതിനായി കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സഹായിക്കുന്ന ചില ലളിതമായ കാര്യങ്ങൾ പിന്തുടരുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
നിങ്ങളുടെ കാർ ഇൻഷുറൻസ് ചെലവ് എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുന്ന ഒമ്പത് ലളിതമായ ഘട്ടങ്ങളാണ് ഇനി വിശദീകരിക്കാൻ പോവുന്നത്.

പഴയ കാറുകൾക്കായി തേർഡ് പാർട്ടി ഇൻഷുറൻസ്
കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറക്കാൻ സാഹിക്കും.

തേർഡ് പാർട്ടി ഇൻഷുറൻസ് കാർ ഉടമയുടെ മൂന്നാം കക്ഷി ബാധ്യതകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, മൂന്നാം കക്ഷി ബാധ്യതകൾക്ക് പുറമെ കാർ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ചെലവും കോംപ്രഹൻസീവ് ഇൻഷുറൻസ് പരിരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. കാലപ്പഴക്കം കൂടുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാലോ.

കാറിനുണ്ടാകുന്ന നാശനഷ്ടത്തേക്കാള്‍ കൂടുതലാകും ഒരുപക്ഷെ നിങ്ങള്‍ ഫുള്‍കവറിനായി ചെലവഴിക്കുന്നത്. അതിനാല്‍ തന്നെ തേര്‍ഡ് കവറിലേക്കു മാറുന്നത് പ്രീമിയത്തില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.

കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാം
മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

ഗിയർ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, സ്റ്റിയറിംഗ് ലോക്ക് തുടങ്ങിയ ഉപകരണങ്ങൾ നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനാലിണിത്. ഈ രീതിയിൽ, കാർ ഇൻഷുറർമാരുടെ ബാധ്യത കുറയുകയും അവർ കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

അനാവശ്യ മോഡിഫിക്കേഷനുകൾ ഒഴിവാക്കാം
നിരവധി ആളുകൾ അവരുടെ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി കാറുകളിൽ മോഡിഫിക്കേഷനുകൾ ചെയ്യുന്നത് ഒരു സ്വാഭാവികമായ കാര്യമാണ്. ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ കാറില്‍ മാറ്റം വരുത്തുകയാണെങ്കില്‍, എന്തിന് ഒരു സിഎന്‍ജി കിറ്റോ അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് ഉപകരണമോ ഘടിപ്പിച്ചാൽ പോലും അത് പ്രീമിയത്തെ ബാധിച്ചേക്കാം.

അധിക ഫീച്ചറുകൾക്കൊപ്പം, കാറിന്റെ മൂല്യവും വർധിക്കുന്നതാണ് കാരണം. അതുവഴി ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കും. അതിനാൽ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകളെല്ലാം ഇന്‍ഷുറന്‍സ് ദാതാവിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ ക്ലെയിം പിന്നീട് നിരസിക്കപ്പെടാൻ വരെ കാരണമായേക്കാം.

കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ താരതമ്യം ചെയ്യുക
ഇന്ത്യയിലെ നിരവധി മോട്ടോർ ഇൻഷുറൻസ് കമ്പനികൾ മികച്ച കാർ ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരാധിഷ്ഠിത വിലകളിൽ അവയെല്ലാം ആകർഷകമായ കവറേജ് വാഗ്ദാനം ചെയ്യുന്നതിനാൽ അവയിൽ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കുന്നത് ശരിക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയാം.

ഫോർ വീലറിന് അനുയോജ്യമായ ഇൻഷുറൻസ് പോളിസി കണ്ടെത്തുന്നതിന് പോളിസി കവറേജ്, ആനുകൂല്യങ്ങൾ, പ്രീമിയം വില, അതുപോലെ ഓഫർ ചെയ്യുന്ന സർവീസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത മോട്ടോർ ഇൻഷുറർമാർ വാഗ്ദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് താരതമ്യം ചെയ്യണം. ഇത് അധിക ചെലവഴിക്കാതെ തന്നെ അനുയോജ്യമായ കാർ ഇൻഷുറൻസ് പോളിസി കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ കിഴിവ് വര്‍ധിപ്പിക്കുക
ഇന്‍ഷുറര്‍ ക്ലെയിം പരിരക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പോക്കറ്റില്‍ നിന്ന് അടയ്ക്കുന്ന തുകയാണ് കിഴിവ്. കിഴിവ് കൂടുന്തോറും ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ അടയ്ക്കുന്ന പ്രീമിയം കുറയുമെന്നതാണ് ഹൈലൈറ്റ്. കാറിന് സംഭവിച്ച നാശനഷ്ടങ്ങൾ കാരണം ഒരു ക്ലെയിം ഉയർന്നാൽ കാർ ഉടമ അടയ്ക്കാൻ സമ്മതിക്കുന്ന ക്ലെയിം തുകയുടെ വിഹിതമാണിത്.

ക്ലെയിം തുകയുടെ ഒരു വിഹിതം നൽകാമെന്ന് സമ്മതിക്കുന്നതിലൂടെ, നിങ്ങളുടെ മോട്ടോർ ഇൻഷുററുടെ ബാധ്യത നിങ്ങൾ കുറയ്ക്കുന്നു. തൽഫലമായി, മോട്ടോർ ഇൻഷുറർ കുറഞ്ഞ വിലയ്ക്ക് കാർ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു.

അനാവശ്യ ആഡ്-ഓണുകൾ ഒഴിവാക്കുക
ഒരു കോംപ്രഹൻസീവ് കാർ ഇൻഷുറൻസ് പോളിസി വാങ്ങാൻ തീരുമാനിക്കുമ്പോൾ, നിങ്ങളുടെ പോളിസിയിലേക്ക് ആഡ്-ഓൺ കവറുകൾ ചേർക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. ഉയർന്ന പ്രീമിയം അടയ്‌ക്കുമ്പോൾ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ കവറേജ് വർധിപ്പിക്കുന്നതിനാണ് ആഡ്-ഓൺ കവറുകൾ.

എല്ലാ നാശനഷ്ടങ്ങളും അടിസ്ഥാന കവര്‍ മുഖേന കവര്‍ ചെയ്യപ്പെടുന്നില്ല. അതിനാൽ ഒരോരുത്തരുടേയും ആവശ്യമനുസരിച്ച് ആഡ്-ഓണുകള്‍ തെരഞ്ഞെടുക്കണം. ഉദാഹരണത്തിനു വെള്ളപ്പൊക്ക ഭീതിയില്ലാത്ത ഒരിടത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ എഞ്ചിൻ സംരക്ഷണ കവര്‍ നിര്‍ബന്ധമില്ല. സ്വാഭാവികമായും കാർ ഇൻഷുറൻസ് പോളിസിയിൽ എത്ര ആഡ്-ഓൺ കവറുകൾ ചേർക്കുന്നുവോ അത്രയും ഉയർന്ന പ്രീമിയം ലഭിക്കും. ആയതിനാൽ അനാവശ്യ ആഡ്-ഓണുകൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കേണം.

ചെറിയ ക്ലെയിമുകൾ ഒഴിവാക്കുക
കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കാറിന്റെ ചെറിയ നാശനഷ്ടങ്ങൾക്കുള്ള ക്ലെയിം ചെയ്യുന്നത് ഒഴിവാക്കണം. ചെറിയ കാർ കേടുപാടുകൾ നന്നാക്കാൻ സ്വന്തം പോക്കറ്റിൽ നിന്നും കാശിറക്കിയാൽ മതിയാവും.

കാരണം അടുത്ത പുതുക്കലില്‍ നിങ്ങളുടെ നോ-ക്ലെയിം ബോണസ് നഷ്ടമാകാന്‍ ഇതു വഴിവയ്ക്കും. പ്രീമിയം തന്‍മൂലം കൂടും. തുടര്‍ച്ചയായി ക്ലെയിമുകള്‍ ഉണ്ടായില്ലെങ്കില്‍ ഇതുവഴി നോം ക്ലെയിം ബോണസ് ഇനത്തില്‍ 20- 50 ശതമാനം വരെ ലാഭം നേടാം.

പേ ആസ് യു ഡ്രൈവ് ഇന്‍ഷുറന്‍സ്
വാഹനത്തിന്റെ ഉപയോഗം അനുസരിച്ചാകും ഇവിടെ പ്രീമിയം തീരുമാനിക്കുന്ന സംവിധാനമാണ് പേ ആസ് യു ഡ്രൈവ് ഇന്‍ഷുറന്‍സ്. എന്നാൽ വളരെ കുറച്ച് ഇന്‍ഷുറന്‍സ് ദാതാക്കള്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. പോളിസി എടുക്കുമ്പോള്‍ നിശ്ചയിക്കുന്ന കിലോമീറ്ററുകള്‍ക്കു മാത്രമാകും പ്രീമിയം ഈടാക്കുക. എന്നാല്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് പരമ്പരാഗത സമഗ്രമായ കവറിലുള്ള അതേ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.

കൃത്യസമയത്ത് പ്രീമിയം അടയ്ക്കുക
എല്ലാ കാർ ഇൻഷുറൻസ് പോളിസികൾക്കും കാലഹരണ തീയതിയുണ്ട്. ഒരു കാർ ഉടമ എന്ന നിലയിൽ, നിങ്ങളുടെ കാറിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ നിങ്ങൾ എല്ലാ വർഷവും പോളിസി പുതുക്കേണ്ടതുണ്ട്. കാലവധിക്കുള്ളില്‍ പോളിസി പുതുക്കിയില്ലെങ്കില്‍ നോ ക്ലെയിം ബോണസും നഷ്ടമാകും.


Click it and Unblock the Notifications