ഇൻസ്റ്റ കത്തിച്ചിട്ട് ദേ നിൽക്കുന്നു, ഭാര്യയ്ക്കൊപ്പം പുത്തൻ കാർ വാങ്ങിയ സന്തോഷത്തിൽ എംജി അണ്ണൻ
മലയാളികൾക്ക് മറക്കാനാവത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. പഴയ തലമുറ മുതൽ പുതിയകാലത്തെ പിള്ളേർ വരെ ഒരുപോലെ സ്നേഹിക്കുന്ന മറ്റൊരു പാട്ടുകാരനെ കണ്ടെത്തുക അത്ര എളുപ്പവുമല്ല. സിനിമയിലെ പിന്നണി ഗാനരംഗത്ത് മാത്രമല്ല, എംജി അണ്ണന്റെ ഗാനമേളയ്ക്കുള്ള ഫാൻബേസും ഒന്ന് വേറെ തന്നെയാണ്. അടുത്തിടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലടക്കം ഭക്തിഗാനമേള വരെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായിരുന്നു. എംജി ശ്രീകുമാറിനോളം മലയാളികളെ ആവേശം കൊള്ളിച്ചൊരു ഗായകൻ ഉണ്ടോന്ന കാര്യത്തിൽ ആർക്കേലും സംശയമുണ്ടായിരുന്നെങ്കിൽ അതിനും ഇതോടെ അന്ത്യമായിട്ടുണ്ടാവും.
അമ്മാതിരി ഓളമാണ് എംജി ശ്രീകുമാർ ഉത്സവ പറമ്പുകളിൽ തീർത്തത്. വിവിധ മ്യൂസിക് ബാന്റുകൾ അരങ്ങ് വാഴുന്ന നിലവിലെ സാഹചര്യത്തിൽ പോലും ഭക്തിഗാനമേളയ്ക്ക് പോലും എത്തിയ ആളുകളെ കണ്ട് സോഷ്യൽ മീഡിയ വരെ അമ്പരന്നുപോയിരുന്നു. പുതിയ ആളുകൾകളെ ഒപ്പം പിടിക്കുവാനായി സോഷ്യൽ മീഡിയയിൽ പോലും സജീവമാണ് എംജി. ഇദ്ദേഹം പങ്കുവെക്കുന്ന പല പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ വീട്ടിലേക്ക് പുതിയൊരു കാർ കൊണ്ടുവന്നിരിക്കുകയാണ് പകരക്കാരനില്ലാത്ത ഗായകൻ. പുതിയതൊന്നുമല്ല കേട്ടോ, പഴയൊരു സെക്കൻഡ് ഹാൻഡ് മിനി കൂപ്പർ ഹാച്ച്ബാക്കാണ് എംജി അണ്ണൻ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. എംജി ശ്രീകുമാറിന്റെ യാത്രകൾക്ക് എന്നും കൂട്ടായുള്ള അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖയ്ക്കൊപ്പം എത്തിയാണ് വീട്ടിലെ പുതിയ അതിഥിയെ വരവേറ്റിരിക്കുന്നത്.
സെക്കൻഡ് ഹാൻഡ് കാറുകളുടെ മഞ്ചേരിയിലെ ഡീലറായ HM മോട്ടോർസിൽ നിന്നുമാണ് എംജി ശ്രീകുമാർ മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുന്നത്. 2014 മുതൽ 2018 വരെ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ വിപണിയിലെത്തിച്ചിരുന്ന കൂപ്പറിന്റെ മൂന്നാംതലമുറ മോഡലാണ് പാട്ടുകാരന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. 3-ഡോർ, 5-ഡോർ, കൺവേർട്ടിബിൾ ബോഡി ശൈലികളിൽ ലഭ്യമായ ഒരു സ്റ്റൈലിഷ്, രസകരമായ ഡ്രൈവ് ഹാച്ച്ബാക്കാണിത്.

എംജി അണ്ണന്റെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത് ത്രീ-ഡോർ മോഡലാണ്. 1.5 ലിറ്റർ 3-സിലിണ്ടർ ഡീസൽ, 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് അക്കാലത്തെ മിനി കൂപ്പറിന് തുടിപ്പേകാൻ എത്തിയിരുന്നത്. ഇന്ന് ഫുള്ളി ഓട്ടോമാറ്റിക്കാണെങ്കിലും അക്കാലത്ത് 6-സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് ആഡംബര ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്‌തിരുന്നത്.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഡീസൽ എഞ്ചിന് 114 bhp കരുത്തോളം നിർമിക്കാൻ യോഗ്യമായിരുന്നു. അതേസമയം പെട്രോൾ എഞ്ചിൻ 189 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഓയിൽ ബർണറിന് 21 കിലോമീറ്ററോളം മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ടായിരുന്നു. മികച്ച എക്സ്റ്റീരിയറും ഇൻ്റീരിയറുമായിരുന്നു ഈ ലക്ഷ്വറി ഹാച്ചിലുണ്ടായിരുന്നത്.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബിഎംഡബ്ല്യുവിൽ നിന്നുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ഫീച്ചറുകളുടെ അകമ്പടിയും വേറിട്ടുനിർത്തിയിരുന്ന കാര്യങ്ങളാണ്. മിനി കൂപ്പറിന്റെ സുരക്ഷാ സവിശേഷതകളിൽ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒന്നിലധികം എയർബാഗുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഒരുക്കിയിരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications