പോർച്ചിലുള്ളത് ബിഎംഡബ്ല്യു, വീട്ടുകാർക്ക് ഒന്നിച്ച് പോവാൻ ഹ്യുണ്ടായി എസ്‌യുവി വാങ്ങി മലയാളത്തിന്റെ പാട്ടുകാരൻ
ഒരു സിനിമയുടെ വിജയ പരാജയങ്ങളിൽ പോലും നിർണായകമാവുന്ന സംഗതിയാണ് അതിന്റെ സംഗീതം. പാട്ടായാലും പാട്ട് ചിട്ടപ്പെടുത്തുന്നതിനായാലും പ്രത്യേക കഴിവ് തന്നെയാണ് വേണ്ടുന്നത്. അത്തരക്കാരെ വാർത്തെടുക്കുന്നതിൽ നമ്മുടെ ടെലിവിഷൻ റിയാലിറ്റി ഷോകൾക്കും ഇപ്പോൾ പ്രത്യേക സ്ഥാനമുണ്ട്. സ്മാർട്ട് ഫോണുകളുടെ വരവിന് മുമ്പ് വീടുകളിൽ ടെലിവിഷനുകൾ പ്രധാന വിനോദമായിരുന്ന കാലഘട്ടം പലർക്കും അത്രവേഗമൊന്നും മറക്കാനാവില്ല. മലയാളത്തിലെ ടെലിവിഷൻ രംഗത്ത് നിരവധി റിയാലിറ്റി ഷോകൾ വന്ന് പോയിട്ടുണ്ടെങ്കിലും ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ സ്വീകാര്യത ഒന്ന് വേറെ തന്നെയായിരുന്നു. നിർത്തിപ്പോയിട്ടും സ്റ്റാർ സിംഗർ വീണ്ടും പുനാരംഭിക്കാൻ ഏഷ്യാനെറ്റ് തീരുമാനിച്ചതിന്റെ പിന്നിലും ഇതേ കാരണം തന്നെയാണ്.
ഐഡിയ സ്റ്റാർ സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്ക് ഉയർന്നുവന്നയാളാണ് നജീം അർഷാദ്. മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിൽ പിന്നണി ഗായകനായും സംഗീത സംവിധായകനായും വരെ തിളങ്ങിയ താരത്തിന്റെ തുടക്കം ഈ റിയാലിറ്റി ഷോയിൽ നിന്നായിരുന്നു. മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന നിരവധിപ്പേരുണ്ടെങ്കിലും നജീമിനെ പോലെ ഇന്നും തിളങ്ങി നിൽക്കുന്നവർ വളരെ കുറവാണെന്ന് തന്നെ പറയാം.

പാട്ടുജീവിതം കഴിഞ്ഞാല്‍ നജീം അർഷാദ് ഏറ്റവും കൂടുതല്‍ ഇഷ്‍ടപ്പെടുന്നത് യാത്രകളാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. പുതിയ സ്ഥലവും കാഴ്ച്ചകളും ആസ്വദിക്കാനായി അടിക്കടി യാത്ര പോവുന്ന നജീം കുടുംബത്തിനേയും കൂടെക്കൂട്ടാൻ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര കാർ ഒന്നുമല്ല കേട്ടോ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിയായ അൽകസാറാണ് നജീം അർഷാദ് ഒപ്പം കൂട്ടിയിരിക്കുന്നത്.
ഈദ് ദിവസമാണ് പുത്തൻ വാഹനം വാങ്ങിയ വിവരം നജീം ആരാധാകരിലേക്ക് എത്തിച്ചിരിക്കുന്നത്. അൽകസാറിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ പാട്ടുകാരൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയ്ക്കും മകനും ഒപ്പമെത്തിയാണ് പുതിയ അതിഥിയെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ കൊച്ചിയിലെ പ്രമുഖ വിതരണക്കാരായ കേശ്‌വിൻ ഹ്യുണ്ടായിയിൽ നിന്നുമാണ് വണ്ടി സ്വന്തമാക്കിയിരിക്കുന്നത്.

പോയ വർഷം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാനും നജീം അർഷാദ് പോർച്ചിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു വലിയ എസ്‌യുവിയെ കൂടി താരം വീട്ടിലെത്തിച്ചിരിക്കുന്നത്. വീട്ടിലെ എല്ലാവർക്കും ഒന്നിച്ച് യാത്ര ചെയ്യാനുള്ള ആവശ്യത്തിനായാവും ഹ്യുണ്ടായി അൽകസാറിനെ തെരഞ്ഞെടുത്തിട്ടുണ്ടാവുക.
2024 സെപ്റ്റംബർ മാസത്തിലാണ് ഹ്യുണ്ടായി അൽകസാറിന്റെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. 14.99 ലക്ഷം മുതൽ 21.70 ലക്ഷം രൂപ വരെയാണ് ഈ 7 സീറ്ററിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വിപണിയിൽ എത്തുന്ന ഫാമിലി എസ്‌യുവി എക്സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ നാല് വേരിയൻ്റുകളിൽ സ്വന്തമാക്കാനും അവസരമുണ്ട്.

എന്നാൽ ഇതിൽ ഏത് വേരിയന്റാവും നജീം അർഷാദ് തെരഞ്ഞെടുത്തിട്ടുണ്ടാവുക എന്ന് വ്യക്തമായിട്ടില്ല. മിക്കവാറും 7-സീറ്റർ ടോപ്പ് എൻഡ് മോഡലാവാനാണ് സാധ്യത. . H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.
എട്ട് മോൺ-ടോണും ഒരു ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അൽകസാർ വിപണിയിൽ എത്തുന്നത്. പുതിയ റോബസ്റ്റ് എമറാൾഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ് നിറങ്ങൾ കൂടാതെ റോബസ്റ്റ് എമറാൾഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഓപ്ഷനുള്ള അറ്റ്ലസ് വൈറ്റ് എന്നിവയെല്ലാം എസ്‌യുവിക്ക് മാറ്റേകുന്നുണ്ട്.

ഇതിൽ ബ്ലാക്ക് കളർ ഓപ്ഷനാണ് നജീം തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് അൽകസാർ വിപണിയിലേക്ക് എത്തുന്നത്. ഇതിൽ ആദ്യത്തേത് 158 bhp കരുത്തിൽ 253 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.
അൽകസാറിലെ രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ 114 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസലാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ടർബോ പെട്രോൾ എഞ്ചിൻ ഉള്ള വകഭേദങ്ങൾ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും.
എസ്‌യുവിയുടെ ഡീസൽ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളിൽ 18.1 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുകളിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാന് പുറമെ വീട്ടിലേക്ക് എത്തിച്ച ഹ്യുണ്ടായിയുടെ പുതിയ ഫാമിലി എസ്‌യുവി നജീം അർഷാദിന്റെയും കുടുംബത്തിന്റേയും ഇനിയുള്ള യാത്രകൾ അടിപൊളിയാക്കുമെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








