റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന പൂപ്പി, മഹീന്ദ്രയുടെ പുത്തൻ എസ്‌യുവിയുമായി പുണ്യ
സീ കേരളത്തിലെ മ്യൂസിക് റിയാലിറ്റി ഷോയായ 'സരിഗമപ'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് പുണ്യ പ്രദീപ്. പൂപ്പിയെന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഗായിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ജനപ്രിയയാണ്. പശ്ചാത്തല സംഗീതത്തിലും കവർ സോങ്ങുകളിലും സജീവമായ പുണ്യ സമൂഹമാധ്യമങ്ങളിലൂടെ തൻ്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഗോപി സുന്ദറുമായി ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ഏറെ വിമർശനങ്ങളും താരം കേട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് പുണ്യ. ഇപ്പോഴിതാ ലക്ഷങ്ങൾ മുടക്കി പുതിയൊരു കാർ വാങ്ങിയ വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.
മഹീന്ദ്രയുടെ ഹിറ്റ് ഇലക്‌ട്രിക് എസ്‌യുവിയായ BE 6 ആണ് പുണ്യയയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. തന്റെ പങ്കാളിയായ ഭരത് സജികുമാറിനൊപ്പം എത്തിയാണ് പുതിയ അതിഥിയെ വീട്ടിലേക്ക് ഇരുവരും വരവേറ്റിരിക്കുന്നത്. 19.40 ലക്ഷം മുതൽ 27.40 ലക്ഷം വരെയാണ് മഹീന്ദ്ര BE 6 ഇലക്‌ട്രിക് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.

ഇതിൽ ഏത് വേരിയന്റാണ് പുണ്യയും ഭരത്തും സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ചാർജ് ചെയ്യുന്ന കാര്യത്തിലും മിടുമിടുക്കനായതിനാൽ വാങ്ങുന്നവർ അധികം സമയം കളയേണ്ടിയും വരില്ല കേട്ടോ. AC ചാർജർ (11kW) ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ BE 6 ഇവി പൂർണമായും ചാർജ് ചെയ്യാൻ കഴിയും.
ഇനി DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ (140/175kW) വെറും 20 മിനിറ്റിനുള്ളിൽ ഇത് 20 ശതമാനത്തിൽ നിന്നം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും മഹീന്ദ്ര പറയുന്നു. ആജീവനാന്ത ബാറ്ററി വാറണ്ടിയുള്ളതിനാൽ ഇക്കാര്യത്തിലും പേടി കൂടാതെ എസ്‌യുവി വാങ്ങിയിടാം. പുറംമോടിയിലേത് പോലുള്ള ഗ്ലാമർ അകത്തളത്തിലും ഉള്ളതിനാൽ യാത്രകൾ അടിപൊളിയാവും. എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ഇവിയിലെ ലൈവ് യുവർമൂഡ് സിസ്റ്റം ഗായികയായ പുണ്യ പ്രദീപിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും.

ടോപ്പ് വേരിയൻ്റുകളിൽ 12.3 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകളും വാഹനത്തിലുണ്ട്. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമാണ് വാഗ്ദാനം ചെയ്യുന്നത്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു.
ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് പലരുടേയും ഞെട്ടിക്കുന്ന കാര്യമാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

ഓടിക്കാനും നല്ല രസമായതിനാൽ മടുപ്പുണ്ടാവുകയേയില്ല. മഹീന്ദ്രയുടെ BE 6 ഇലക്‌ട്രിക് എസ്‌യുവിയുടെ ലോവർ വേരിയന്റുകളിൽ 228 bhp പവറിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് വരുന്നത്. എന്തായാലും ഗായികയുടെ പുതിയ സന്തോഷത്തിൽ പ്രേക്ഷകരും പങ്കുചേരുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ


Click it and Unblock the Notifications