അമ്മയുടെ ചികിത്സക്കായി സ്‌കൂട്ടർ വിറ്റു, അച്ഛന് 4 ലക്ഷത്തിന്റെ ബുള്ളറ്റ് സമ്മാനിച്ച് പ്ലസ്‌ടുക്കാരനായ മകൻ
മക്കൾക്കായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് അച്ഛനമ്മമാർ. ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവ രൂപീകരണത്തിലും എല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമാണുള്ളത്. അമ്മമാരുടെ സ്നേഹം വാനോളം വാഴ്ത്തപ്പെടാറുണ്ടെങ്കിലും അച്ഛൻമാരുടെ സ്നേഹവും അവരുടെ കഷ്‌ടപ്പാടുകളും പണ്ടൊക്കെ കണ്ടില്ലെന്ന് നടിക്കുന്നവരായിരുന്നു നമ്മുടെ സമൂഹം. ഇന്നും വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് വേണം പറയാൻ. കുട്ടിക്കാലത്ത് മാത്രമല്ല വലുതായാലും എല്ലാ മക്കൾക്കും അവരുടെ ആദ്യ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. കുടുംബത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ മുന്നിൽ നിൽക്കുന്നത് അച്ഛനായിരിക്കും.
അതിനൊരു പുതിയ ഉദാഹരണമാണ് തലക്കെട്ടിൽ വായിച്ച സംഭവം. യുവാവ് തന്റെ പിതാവിന് ഒരു പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് സമ്മാനമായി നൽകുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്. വിശാല്‍ രാജ് എന്ന ബോഡി ബില്‍ഡറാണ് അച്ഛന് പുത്തന്‍ ബൈക്ക് സമ്മാനിച്ചത്. അപ്ന ബിൽഡർ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം 8 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

തന്റെ ചെറുപ്പത്തിൽ അമ്മയുടെ ആരോഗ്യം മോശമായിരുന്നുവെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരൻ പറയുന്നു. അമ്മക്ക് മികച്ച ചികിത്സ നൽകുന്നതിനായി സാമ്പത്തികപരമായി പിന്നോട്ട് നിന്നിരുന്ന അവർക്ക് സ്‌കൂട്ടർ അന്ന് വിൽക്കേണ്ടി വന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. ഇക്കാരണത്താൽ അച്ഛന് ജോലിക്ക് പോകാൻ വഴിയില്ലായിരുന്നു. ഒന്നുകിൽ നടന്ന്, അല്ലെങ്കിൽ സൈക്കിൾ വാടകയ്ക്ക് എടുത്തായിരുന്നു തന്റെ പിതാവ് ജോലിക്ക് പോയിരുന്നത്.
പിന്നീട് ഇതുവരെയും അച്ഛന് മറ്റൊരു വാഹനം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അന്നെല്ലാം ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങുക എന്നതായിരുന്നു തന്റെ പിതാവിന്റെ സ്വപ്‌നമെന്നും മകൻ പറയുന്നു. അച്ഛനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന മകനാവാട്ട തന്റെ പിതാവിന് അതിലും വലിയൊരു സമ്മാനമാണ് കൊടുത്തത്. ഒരു കോണ്ടിനെന്റൽ ജിടി 650 എടുത്ത് അച്ഛനെ ഞെട്ടിച്ചാലോ എന്നായിരുന്നു ആദ്യ ചിന്ത.

പക്ഷേ അച്ഛന്റെ പ്രായത്തിന് പറ്റിയത് മീറ്റിയോർ 650 ആണെന്ന് മകൻ പിന്നീട് മനസിലാക്കി. അങ്ങനെ ഒരു ദിവസം റോയൽ എൻഫീൽഡിന്റെ മുൻനിര മോട്ടോർസൈക്കിൾ വാങ്ങി പിതാവിന് സർപ്രൈസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമാണ കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ ബൈക്കായാണ് സൂപ്പർ മീറ്റിയോർ 650 നിലവിൽ വിപണനം ചെയ്യുന്നത്.
3.64 ലക്ഷം രൂപ മുതൽ 3.95 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ മോട്ടോർസൈക്കിളിന് വരുന്ന എക്സ്ഷോറൂം വില. സുഖകരമായ യാത്ര നൽകുന്ന ഒരു ടൂറിംഗ് മോട്ടോർസൈക്കിളാണിത്. സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ കാണുന്ന അതേ 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് സൂപ്പർ മീറ്റിയോറിലും പ്രവർത്തിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സസുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 47 bhp കരുത്തിൽ പരമാവധി 52.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ക്രൂയിസർ മോട്ടോർസൈക്കിളിന്റെ സ്വഭാവത്തിന് അനുസൃതമായി ഗിയറിംഗിൽ മാറ്റം വരുത്തുകയും എഞ്ചിൻ റീ-ട്യൂൺ ചെയ്യുകയും ചെയ്തിട്ടുണ്ട് കേട്ടോ. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഇരട്ട-ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ-ചാനൽ എബിഎസും റോയൽ എൻഫീൽഡ് തങ്ങളുടെ സൂപ്പർമീറ്റിയോർ 640 ക്രൂയിസറിൽ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. അമ്മയുടെ ചികിത്സക്കായി സ്‌കൂട്ടർ വിറ്റ അച്ഛന് 4 ലക്ഷത്തിന്റെ ബുള്ളറ്റ് സമ്മാനിച്ച മകന് സോഷ്യൽ മീഡിയ ഹൃദയംകൊണ്ട് കൈയടിക്കുകയാണ്.


Click it and Unblock the Notifications







