14 വർഷം മുമ്പ് അച്ഛൻ പറഞ്ഞ ബുള്ളറ്റ്, സർപ്രൈസായി വാങ്ങിക്കൊടുത്ത് മകൻ! കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ
മക്കൾക്കായി തങ്ങളുടെ സ്വപ്‌നങ്ങൾ പോലും വേണ്ടന്ന് വെച്ച് അഹോരാത്രം പ്രയത്നിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കൾ. അമ്മമാരെ പലപ്പോഴും സമൂഹം വാഴ്ത്തിപ്പാടുമ്പോൾ അച്ഛൻമാർക്ക് അങ്ങനെയൊന്നും അധികം അംഗീകാരങ്ങൾ ലഭിക്കാറില്ലെന്നതാണ് സത്യം. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ അച്ഛൻമാരുടെ കഠിനാധ്വാനം ഇടയ്ക്കെങ്കിലും അംഗീകരിക്കപ്പെടാറുണ്ട്. മക്കൾ അച്ഛന് സർപ്രൈസായി വിലപിടിപ്പുള്ള വാഹനങ്ങൾ സമ്മാനിക്കുന്ന വാർത്തകൾ അടുത്തിടെ ഇന്റർനെറ്റ് ലോകത്ത് ഒരുപാട് കേൾക്കുന്നുണ്ട്. അടുത്തിടെ ഒരു യുവ ഡോക്‌ടർ തന്റെ പിതാവിന് പുത്തനൊരു റോയൽ എൻഫീൽഡ് മീറ്റിയോർ 350 വാങ്ങി നൽകിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ അതിന് പിന്നാലെ നമ്മുടെ മലയാളി പയ്യൻ തന്റെ അച്ഛന് ബുള്ളറ്റ് വാങ്ങിക്കൊടുത്ത് ഞെട്ടിക്കുന്നൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയിരിക്കുന്നത്. ഒരു ചെറുപുഞ്ചിരിയോടെ അല്ലെങ്കിൽ നിറകണ്ണുകളോടെയല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാനാവില്ലെന്നതാണ് സത്യം. ഇതിനോടകം 1 മില്യൺ ആളുകൾ ലൈക്ക് ചെയ്‌ത വീഡിയോ 8.9 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.

ഇൻസ്റ്റഗ്രാം കത്തിച്ച സംഭവം എങ്ങനെയാണെന്ന് ചെറുതായൊന്ന് വിശദീകരിച്ചു തരാം. തനിക്ക് പുതിയ ബൈക്ക് വാങ്ങാനായി എന്ന് പറഞ്ഞ് സഹോദരങ്ങൾ അച്ഛനേയും അമ്മയേയും കൂട്ടി റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് പോവുകയാണ്. അവിടെയെത്തി ബുള്ളറ്റിന്റെ താക്കോൽ കൈമാറാൻ നേരം അത് അച്ഛന് കൊടുക്കാൻ പറയുന്നു. അപ്പോൾ അതിശയത്തോടെ അദ്ദേഹം പറഞ്ഞു ആദർശിനാണെന്ന്.
എനിക്കല്ല, അച്ഛനായി വാങ്ങിയതാണെന്ന് മകൻ പറയുന്നതോടെ അദ്ദേഹത്തിന്റെ മുഖത്തെ ഭാവം മാറുകയും സങ്കടം അടക്കിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. അമ്മയും ആകെയൊരു സന്തോഷത്തിൽ മക്കളേ നോക്കുന്നതും സന്തോഷം നൽകുന്ന കാഴ്ച്ചയാണ്. ഒടുവിൽ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‌ത് ഷോറൂമിൽ നിന്നും ഇറക്കുന്നതും വീഡിയോയിലുണ്ട്. അവസാനം അമ്മയെ പില്യൺസീറ്റിൽ ഇരുത്തികൊണ്ട് അച്ഛൻ പുഞ്ചിരിക്കുന്നതും കാണാം.

14 വർഷങ്ങൾക്ക് മുമ്പ് ഒരു ബുള്ളറ്റ് വാങ്ങണമെന്ന് അച്ഛൻ എന്നോട് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പേ തന്നെ അത് വാങ്ങാൻ അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അച്ഛൻ അത് ചെയ്‌തില്ല. കാരണം തന്റെ ആഗ്രഹങ്ങളേക്കാൾ അധികം മക്കളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനാവും അച്ഛൻ ശ്രമിച്ചിട്ടുണ്ടാവുക. പിതാവ് എപ്പോഴും ആഗ്രഹിച്ചിരുന്നതും എന്നാൽ ഒരിക്കലും സ്വന്തമായി ലഭിക്കാത്തതുമായ ഒരു കാര്യം ഞാൻ അദ്ദേഹത്തിന് നൽകി. ഈയൊരു അടിക്കുറിപ്പോടെയാണ് അശ്വിൻ എന്ന ചെറുപ്പക്കാരൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
പണ്ട് ബുള്ളറ്റുകൾ എന്നാൽ പൗരുഷത്തിന്റെ പ്രതീകമായിരുന്നു. ഇന്നും അങ്ങനെ നിൽക്കുന്ന എൻഫീൽഡിന്റെ ബൈക്കുകൾ ശരിക്കും ആളുകൾക്കെല്ലാം ഇഷ്ടമാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് വൈബ്രേഷനെല്ലാം നന്നായി കുറഞ്ഞ വണ്ടി മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്. നിലവിൽ 1.76 ലക്ഷം മുതൽ 2.20 ലക്ഷം വരെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഡിസൈൻ കാണാതെ തന്നെ ഏവർക്കും സുപരിചിതമാണ്. സിംഗിൾ പീസ് സീറ്റും വൃത്താകൃതിയിലുള്ള ഹാലൊജെൻ ഹെഡ്‌ലാമ്പുമെല്ലാം ഓൾഡ് സ്‌കൂൾ ശൈലി ഉണർത്തുന്നതാണ്. പ്രസിദ്ധമായ മദ്രാസ് സ്ട്രിപ്പുകളും ലോഹത്തിൽ നിർമിച്ച ബുള്ളറ്റ് 350 ബാഡ്ജും ഫ്യുവൽ ടാങ്കിൽ കൊടുത്തിരിക്കുന്നതും മനോഹരമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ക്ലാസിക് 350 മോഡലിൽ നിന്നും കടമെടുത്തതാണ് കേട്ടോ.
ഒരു അനലോഗ് സ്പീഡോമീറ്റർ, ഒരു ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയ വിവരങ്ങളാണ് ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നത്. സർവീസ് അലേർട്ട്, ഓഡോമീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് എന്നിവയും ഇതിലുണ്ടെന്നത് പ്രായോഗികമായ കാര്യമാണ്. 349 സിസി, സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിന് തുടിപ്പേകുന്നത്. 5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു.
എൻഫീൽഡിന്റെ ഏറ്റവും പുതിയ J പ്ലാറ്റ്‌ഫോമും എഞ്ചിനും എത്തിയതോടെ ശബ്ദവും വൈബ്രേഷനുകളും കാര്യമായി തന്നെ കുറഞ്ഞുവെന്ന് പറയാം. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ 300 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹയർ സ്പെക്ക് പതിപ്പുകൾക്ക് 270 mm റിയർ ഡിസ്‌ക് ബ്രേക്കും ലഭിക്കും.


Click it and Unblock the Notifications








