വില 50 ലക്ഷം രൂപയ്ക്ക് മുകളിൽ, സൗത്ത് ഇന്ത്യയിലെ ആദ്യ ഗോൾഡ് വിംഗ് വിറ്റത് കൊച്ചിയിൽ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ ഭാവം മാറിയത് വളരെ വേഗമായിരുന്നു. കൊവിഡിന് മുമ്പ് ആളുകൾ കൂടുതലും ചെറിയ ബജറ്റിലുള്ള മോഡലുകളായിരുന്നു വാങ്ങിയിരുന്നതെങ്കിൽ ഇന്ന് ഏത് വിലയിലുള്ള പ്രീമിയം ബൈക്കും വാങ്ങാൻ ഇവിടെ ആളുന്നുണ്ട്. പ്രത്യേകിച്ച് മലയാളികൾ ഇക്കാര്യത്തിൽ പിശുക്കൊന്നും കാണിക്കാറില്ല. ഒരു സ്‌കൂട്ടർ വാങ്ങണമെങ്കിൽ തന്നെ ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. അതുകൊണ്ട് കുറച്ചുകൂടി പണം മുടക്കിയാൽ നല്ലൊരു വണ്ടി കൈയിലിരിക്കുമല്ലോ എന്നാണ് മിക്കവരും നോക്കുന്നത്. ട്രയംഫും ഹാർലിയുമെല്ലാം 3 ലക്ഷം ബജറ്റിൽ കിടിലൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചതെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. എന്തിന് സൂപ്പർബൈക്കുകളുടെ വരെ ഏറ്റവും നല്ല വിപണികളിൽ ഒന്നാണ് കേരളം.
കവസാക്കിയും ഡ്യുക്കാട്ടിയും ട്രയംഫുമെല്ലാം പണംവാരുമ്പോൾ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയാവട്ടെ 100 സിസി മുതൽ 1800 സിസി വരെയുള്ള മോഡലുകളാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇത്തരത്തിൽ വലിയ നിരയുള്ള മറ്റൊരു കമ്പനി രാജ്യത്തില്ലെന്നു തന്നെ വേണം പറയാൻ. ഏത് ബജറ്റിലും ടൂവീലർ നൽകാൻ കമ്പനിക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. അടുത്തിടെയാണ് ഹോണ്ട ഏറ്റവും പുതിയ 2024 മോഡൽ ഗോൾഡ് വിംഗ് ടൂർ ഇന്ത്യയിൽ പുറത്തിറക്കുന്നത്.

ഇതിനോടകം ഡെലിവറി ആരംഭിച്ച ഈ തട്ടുപൊളിപ്പൻ ബൈക്കിന് കേരളത്തിലും വലിയ ഫാൻബേസാണുള്ളത്. ഇപ്പോഴിതാ ദക്ഷിണേന്ത്യയിലെ ആദ്യത്തെ 2024 മോഡൽ ഗോൾഡ് വിംഗ് കൊച്ചിയിൽ കൈമാറിയിരിക്കുകയാണ് ഇവിഎം ഹോണ്ട. ഒന്നല്ല, ഈ ആഡംബര ബൈക്ക് അടുത്തടുത്ത ദിവസങ്ങളിൽ സ്വന്തമാക്കാനെത്തിയത് രണ്ട് പേരാണ്. 40.36 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഹോണ്ട ഗോൾഡ് വിംഗിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി 50.17 ലക്ഷം രൂപയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില.
കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ഹോണ്ട ഗോൾഡ് വിംഗ് വിപണിയിൽ എത്തുന്നത്. അതായത് പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണെന്ന് സാരം. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗോൾഡ് വിംഗ് ഹോണ്ടയുടെ ബിഗ്‌വിംഗ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമാണ് രാജ്യത്ത് വിപണനം ചെയ്യുന്നത്.
മൊത്തത്തിൽ 390 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് കാറുകളേക്കാൾ വിപുലമായ ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഹോണ്ടയുടെ വിശ്വാസ്യതയും സുഖസൗകര്യങ്ങളും കൂടി ചേരുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. പാർക്ക് ചെയ്യാനൊക്കെ ഒരു കാറിന്റെ സ്ഥലം വേണ്ടിവരുമെങ്കിലും കാലുകൊണ്ട് ഉന്തിതള്ളിവെക്കേണ്ട ആവശ്യകതയൊന്നും ഇതിനില്ല. പകരം പ്രായോഗികതയും ഉപയോഗവും വർധിപ്പിക്കാനായി ഹോണ്ട വാഹനത്തിൽ ക്രീപ്പ് ഫോർവേഡ് ആൻഡ് ബാക്ക് ഫംഗ്ഷൻ ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഇത് കുറഞ്ഞ വേഗതയിൽ ഗോൾഡ് വിംഗിനെ മുന്നിലേക്കും പിന്നിലേക്കും നീക്കാൻ സഹായിക്കുന്ന സവിശേഷതയാണെന്ന് വളരെ ലളിതമായി പറയാം. റോഡിലൂടെ പായുമ്പോൾ പത്തുപേര് ഗോൾഡ് വിംഗിനെ നോക്കുമെന്നതാണ് മറ്റൊരു കാര്യം. 1833 സിസി, ലിക്വിഡ് കൂൾഡ്, 24-വാൽവ് എഞ്ചിനാണ് ഹോണ്ട ഗോൾഡ്‌വിംഗ് ടൂറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 125 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫ്ലാറ്റ് സികിസ് സിലിണ്ടർ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്.

അതായത് മോട്ടോർസൈക്കിളിലേതു പോലെ ഗിയറിട്ട് മുഷിയേണ്ടെന്ന് സാരം. സ്‌കൂട്ടർ ഓടിക്കുന്നതു പോലെ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുമെന്നതാണ് വണ്ടിയുടെ ഹൈലൈറ്റ്. ത്രോട്ടിൽ-ബൈ-വയർ സിസ്റ്റം, ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ എന്നിങ്ങനെ 4 റൈഡിംഗ് മോഡുകൾ പോലുള്ള സംവിധാനങ്ങളും ഈ ആഡംബര മോട്ടോർസൈക്കിളിന് ഹോണ്ട സമ്മാനിച്ചിട്ടുണ്ട് .
റൈഡറിന്റെ അധിക സുരക്ഷക്കായി എയർബാഗിന്റെ അകമ്പടിയും വാഹനത്തിലുണ്ടെന്നതാണ് മറ്റൊരു കാര്യം. അധിക സുരക്ഷക്കായി ഡ്യുവൽ കംബൈൻഡ് ബ്രേക്ക് സിസ്റ്റം (D-CBS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് പോലുള്ള ഫീച്ചറുകളും ഹോണ്ട ഗോൾഡ് വിംഗിന്റെ ഭാഗമാണ്. എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 7 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ എന്നിവയും ബൈക്കിലുണ്ട്.
കഴിഞ്ഞില്ല, ഇതുകൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക് വിൻഡ്‌ഷീൽഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, കൂടാതെ മറ്റ് നിരവധി ഉപകരണങ്ങൾ പോലുള്ള ഹൈടെക് ഫീച്ചറുകളുമായാണ് ആഡംബര ബൈക്കിനെ ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഗോൾഡി വിംഗിന്റെ ഏറ്റവും പുതിയ മോഡൽ നമ്മുടെ നിരത്തുകളിലും കാണാനുള്ള ഭാഗ്യം മലയാളികൾക്കുണ്ടായത് വലിയ കാര്യമാണ്.


Click it and Unblock the Notifications








