ഇന്ത്യയിൽ ഇല്ലാത്ത കാർ! 65 ലക്ഷത്തിന്റെ എസ്‌യുവി ഇറക്കുമതി ചെയ്‌ത് കൊറിയൻ അംബാസിഡർ
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി.സാധാരണക്കാർക്കായി വാഹനം നിർമിച്ചാണ് ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇന്നു കാണുന്ന നിലയിലെത്തിയത്. എന്നാൽ നമ്മുടെ ഹ്യുണ്ടായിക്ക് ഒരു ആഡംബര ബ്രാൻഡ് കൂടിയുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വർ എന്നീ ബ്രാൻഡുകളെ കടത്തിവെട്ടുന്ന ആഡംബര കാറുകളാണ് കൊറിയൻ ബ്രാൻഡ് നിരയിൽ അണിനിരക്കുന്നത്.
എന്നാൽ ജെനസിസ് എന്ന ബ്രാൻഡിന് കീഴിലാണ് ഈ ലക്ഷ്വറി കാറുകളെല്ലാം അണിനിരക്കുന്നതെന്ന് മാത്രം. ഏറെക്കാലമായി ഇന്ത്യ കാത്തിരിക്കുന്ന ആഡംബര കമ്പനിയാണിത് എന്നതും ശ്രദ്ധേയമാണ്. നമുക്ക് അത്ര പരിചിതമല്ലാത്ത അതിശയിപ്പിക്കുന്ന ഡിസൈനും രൂപവുമാണ് ജെനസിസ് കാറുകളുടെ പ്രത്യേകത. ദേ ഇപ്പോൾ ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡർ ജെനസിസ് GV80 ലക്ഷ്വറി എസ്‌യുവിയെ രാജ്യത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

കൊറിയൻ അംബാസഡറായ ചാങ് ജേ-ബോക്കിന്റെ ഇന്ത്യയിലെ ഔദ്യോഗിക വാഹനമായാവും ജെനസിസ് GV80 ഉപയോഗിക്കുക. ഇന്ത്യൻ ആചാരങ്ങളോടെ കൊറിയൻ എംബസിയിൽ എസ്‌യുവിയുടെ പൂജ നടക്കുന്ന വീഡിയോയും ചിത്രങ്ങളും X പ്ലാറ്റ്ഫോമിൽ കൊറിയൻ എംബസി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന് കീഴിലുള്ള ആഡംബര കാർ വിഭാഗമായ ജെനസിസ് നിർമിക്കുന്ന ആദ്യത്തെ എസ്‌യുവിയാണ് GV80 എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
അതുവരെ സെഡാൻ മോഡുകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ആഗോള വിപണിയിൽ ജെനസിസ് GV80 ലക്ഷ്വറി എസ്‌യുവി എതിരാളികളായ മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, ഔഡി Q7 എന്നീ വമ്പൻമാരുമായാണ് മത്സരിക്കുന്നത്. വിദേശ വിപണികളിൽ 65 ലക്ഷം രൂപയിലധികമാണ് ഈ ആഡംബര എസ്‌യുവിയുടെ വില വരുന്നത്. ഇന്ത്യയിൽ വിൽപ്പനയില്ലാത്ത മോഡലിനെ പൂർണമായും ഇറക്കുമതി ചെയ്‌താണ് കൊണ്ടുവന്നിരിക്കുന്നത്.
We are delighted to have a new Hyundai Genesis GV80 as the Ambassador's official vehicle and held a Pooja ceremony wishing for good luck! Join our embassy's new journey! pic.twitter.com/MV4htMjk1H
— Korean Embassy India (@RokEmbIndia) September 25, 2023
ഹ്യുണ്ടായിയുടെ M3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ജെനസിസ് GV80 പണികഴിപ്പിച്ചിരിക്കുന്നത്. ലക്ഷ്വറി എസ്‌യുവിയുടെ രൂപകൽപ്പനയിൽ ക്രോമിലുള്ള ജി-മാട്രിക്സ് ക്രെസ്റ്റ് ഗ്രില്ലും ക്വാഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും മിഷെലിൻ ടയറുകളുള്ള 22 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുന്നു. GV80 എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപം ബെന്റ്‌ലി ബെന്റയ്‌ഗ എസ്‌യുവിയെ വരെ ഓർമിപ്പിക്കുന്നതാണ്.
ആഗോള വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്. ഇതിൽ ആദ്യത്തെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 300 bhp കരുത്തിൽ പരമാവധി 421 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതുകൂടാതെ 375 bhp പവറിൽ 530 Nm torque നൽകുന്ന 3.5 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനും GV80 എസ്‌യുവിക്കുണ്ട്.

V6 എഞ്ചിന് ആറ് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ജെനസിസ് പറയുന്നത്. ഇതിൽ ഏത് വേരിയന്റാണ് കൊറിയൻ അംബാസിഡർ ചാങ് ജേ-ബോക്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമല്ല. ജെനസിസ് GV80 എസ്‌യുവിയുടെ ഇന്റീരിയർ ആഡംബരവും നിരവധി ആധുനിക സൗകര്യങ്ങളും സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. മിനിമലിസ്റ്റിക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ലെതറെറ്റ് ഡാഷ്‌ബോർഡ് ശരിക്കും ലക്ഷ്വറി ഫീലാണ് ഒരുക്കുന്നത്.
ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജെനസിസ് കോർത്തിണക്കിയിട്ടുണ്ട്. രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിൽ മൗണ്ടഡ് കൺട്രോൾ സഹിതം ഒരു വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും കാണാം. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ലെക്‌സിക്കൺ 21-സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും GV80 എസ്‌യുവിയിലുണ്ട്.

കഴിഞ്ഞില്ല, ഇതിനെല്ലാം പുറമെ പ്രീമിയം നാപ്പാ ലെതർ ഫിനിഷിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്‌ഷനുള്ള ലെതറെറ്റ് സീറ്റുകൾ, മാറ്റ് ഫിനിഷ് വുഡ് ട്രിം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മസാജ് ഫംഗ്‌ഷണാലിറ്റി, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ജെനസിസ് GV80 ലക്ഷ്വറി കാറിലെ മറ്റ് സവിശേഷതകൾ. സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണെന്നത് പറയേണ്ടതില്ലല്ലോ. എന്നാൽ അംബാസിഡറിന്റെ അധിക സുരക്ഷക്കായി എന്തെങ്കിലും കസ്റ്റമൈസേഷൻ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
സ്റ്റാൻഡേർഡായി തന്നെ സുരക്ഷയുടെ കാര്യത്തിൽ GV80 ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ അവോയ്‌ഡൻസ്-അസിസ്റ്റ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് മാർഗ നിർദേശങ്ങളോടുകൂടിയ റിയർവ്യൂ ക്യാമറ, സേഫ് എക്സിറ്റ് അസിസ്റ്റ് തുടങ്ങിയ നിരവധി സവിശേഷതകൾ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








