കാർ ഫ്യുവൽ പമ്പിലെ മർദ്ദം സ്വയം എങ്ങനെ പരിശോധിക്കാം?
കാറിന്റെ എഞ്ചിൻ സിസ്റ്റത്തിന്റെ നിർണായക ഘടകമാണ് ഫ്യുവൽ പമ്പ്. പെട്രോൾ അല്ലെങ്കിൽ ഡീസൽ ഫ്യുവൽ ടാങ്കിൽ നിന്ന് കാറിന്റെ എഞ്ചിനിലേക്ക് ഇന്ധനത്തെ മാറ്റുന്ന പ്രക്രിയയാണ് ഫ്യുവൽ പമ്പുകൾ നിർവഹിക്കുന്നത്.

കാർ ഫ്യുവൽ പമ്പുകൾ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക് ആകാം. നന്നായി പ്രവർത്തിക്കുന്ന ഫ്യുവൽ പമ്പുകളാണ് വാഹനത്തിന്റെ എഞ്ചിന്റെ സുഗമമായ പ്രകടനം ഉറപ്പാക്കുന്നതും. ആധുനിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഒന്നാണ് ഇപ്പോൾ ഇലക്ട്രിക് ഫ്യുവൽ പമ്പുകൾ.

മിക്കപ്പോഴും, ഫ്യുവൽ ടാങ്കിനുള്ളിലാണ് ഫ്യുവൽ പമ്പ് സ്ഥിതി ചെയ്യുന്നത്. ഒരു തകരാറുള്ള ഫ്യുവൽ പമ്പ് നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും വാഹനം പ്രവർത്തനരഹിതമാകുകയും ചെയ്തേക്കാം. അതിനാൽ ഇവയുടെ കാര്യത്തിലും ഇടയ്ക്കിടെയുള്ള പരിശോധനകൾ ആവശ്യമാണ്.

ചില സന്ദർഭങ്ങളിൽ കാർ ഫ്യുവൽ പമ്പുകൾ പൂർണമായും തകരാറിലാവുന്നതിനു മുമ്പ് ചില ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഫ്യുവൽ പമ്പിന്റെ പ്രവർത്തനം പരിശോധിക്കാനും അത്തരം സൂക്ഷ്മമായ തകരാറുകൾ കാറുകൾ എപ്പോഴെങ്കിലും നൽകിയാൽ കാര്യമായ പരിശോധന നടത്തുന്നതാവും ഉചിതം.

അങ്ങനെ ചെയ്യുകയാണെങ്കിൽ കീശകീറാതെയിരിക്കുമെന്ന് പറയാം. കാർ ഫ്യുവൽ പമ്പുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു സാധാരണ പ്രശ്നം കുറഞ്ഞ ഫ്യുവൽ മർദ്ദമാണ്. ഇത് ഫ്യുവലിനെ അമിതമായി ചൂടാക്കാനും കാരണമാവും. കാർ ഫ്യുവൽ പമ്പുകളിലെ ഇന്ധന മർദ്ദം എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള ചെറിയൊരു വിശദീകരണം പറഞ്ഞുതരാം.

എന്നാൽ അതിനുമുമ്പ്, ഫ്യുവൽ പമ്പ് തകരാറിലായി എന്ന് കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കുറഞ്ഞ എഞ്ചിൻ പവർ ഡെലിവറി ആണ് ഏറ്റവും സാധാരണമായ ലക്ഷണം. അത്തരം സന്ദർഭങ്ങളിൽ ആക്സിലറേറ്റർ നന്നായി കൊടുത്താലും പവർ അപര്യാപ്തമായി തോന്നിയേക്കാം. പമ്പ് ദുർബലമായി പ്രവർത്തിക്കുമ്പോഴാണ് കുറഞ്ഞ ഇന്ധന മർദ്ദം സാധാരണയായി ഉണ്ടാകുന്നത്.

പവർ കുറയുന്നത് ആത്യന്തികമായി എഞ്ചിനിലേക്കുള്ള ഇന്ധന വിതരണത്തിന്റെ അഭാവത്തിനും പവർ ഔട്ട്പുട്ട് കുറയുന്നതിനും കാരണമാകുന്നു. കാർ ഫ്യുവൽ പമ്പിന്റെ മർദ്ദം നമുക്ക് സ്വയമേ വീട്ടിൽ തന്നെ പരിശോധിക്കാം. എന്നാൽ ഇതിന് കുറച്ച് ഉപകരണങ്ങൾ ആവശ്യമാണെന്ന് മാത്രം. സ്ക്രൂഡ്രൈവർ, ഫ്യൂവൽ പ്രഷർ ഗേജ്, റാറ്റ്ചെറ്റുകൾ, സോക്കറ്റുകൾ തുടങ്ങിയവയാണ് ഇതിനായി വേണ്ടത്.

ആദ്യം വാഹനം പാർക്ക് ചെയ്ത് ഹാൻഡ് ബ്രേക്ക് ഇടണം. ഓടിവന്ന വാഹനമാണെങ്കിൽ എഞ്ചിൻ തണുപ്പിക്കാനായി കുറച്ച് സമയവും നൽകാം. ഇതിനു ശേഷം ഫ്യൂവൽ പ്രഷർ ടെസ്റ്റ് പോർട്ട് കണ്ടെത്തുക. ടെസ്റ്റ് പോർട്ടിന് കീഴിൽ ഒരു റാഗ് സ്ഥാപിക്കുകയും വേണം. പ്രഷർ ടെസ്റ്റർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫ്യുവൽ പുറത്തേക്ക് വീഴുന്നത് ശേഖരിക്കാനാണിത്.

ടെസ്റ്റ് പോർട്ടിന് കീഴിൽ റാഗ് സ്ഥാപിച്ച ശേഷം പോർട്ടിലേക്ക് പ്രഷർ ടെസ്റ്റർ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് എഞ്ചിൻ സ്റ്റാർട്ട് ചെയ്‌ത് പ്രഷർ റീഡിംഗ് രേഖപ്പെടുത്താൻ ആരംഭിക്കുക. ഫ്യുവൽ പമ്പിന്റെ മർദ്ദം പരിശോധിക്കുന്നതിനുള്ള കാറിന്റെ കൂടെ ലഭ്യമായ മാനുവലിലുമുണ്ടാവും.

ചില കമ്പനികൾ ഒരു പ്രത്യേക ആർപിഎമ്മിൽ പ്രവർത്തിക്കുന്ന എഞ്ചിൻ ഉപയോഗിച്ച് മർദ്ദം പരിശോധിക്കാനാണ് നിർദ്ദേശിക്കുന്നത്. ഫ്യുവൽ പമ്പ് ആവശ്യമായ പ്രഷർ മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ, എഞ്ചിനിലേക്ക് ഫ്യുവൽ പമ്പ് ചെയ്യുന്നതിൽ ഫ്യുവൽ പമ്പ് പരാജയപ്പെട്ടേക്കാം.

ഒരു സാധാരണ പോർട്ട്-ഇൻജക്റ്റ് വാഹനത്തിന് 30 നും 80 നും ഇടയിലുള്ള PSI ഫ്യുവൽ മർദ്ദം ആവശ്യമാണ്. വാഹനത്തിന്റെ മാനുവലിൽ ആവശ്യമായ ഇന്ധന മർദ്ദം പറയുന്നതിനാൽ അത് നോക്കി നമുക്ക് മനസിലാക്കാൻ സാധിക്കും. ഫ്യുവൽ പമ്പ് തകരാറിലായതായി കണ്ടെത്തുകയാണെങ്കിൽ, വിദഗ്ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട് അത് പരിശോധിക്കേണ്ട സമയമായെന്ന് മനസിലാക്കാം.


Click it and Unblock the Notifications








