സുരേഷ് ഗോപിയുടെ പിള്ളേരാ... ഒറ്റ ദിവസം 67 ലക്ഷത്തിന്റെ രണ്ട് പുത്തൻ കാറുകൾ വീട്ടിലെത്തിച്ച് മകനും മരുമകനും
നിലവിൽ രാജ്യത്ത് ഏറ്റവും ട്രെൻഡിംഗായി നിൽക്കുന്ന കാറാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ. വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ഈ ഹാച്ച്ബാക്ക് വാങ്ങിക്കാൻ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണെന്നതാണ് രസകരമായ കാര്യം. സെലിബ്രിറ്റികളെല്ലാം ഒന്നിച്ച് ബുക്ക് ചെയ്‌ത കാറിന്റെ വിതരണവും ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പേജുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. മോളിവുഡിലെ ആദ്യത്തെ ഗോൾഫ് സ്വന്തമാക്കി ജയസൂര്യ നമ്പർ വൺ ആയപ്പോൾ സൂപ്പർസ്റ്റാറും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോൾഫ് ഹാച്ച്ബാക്കുകളാണ് കേട്ടോ.
ഒരു വാഹനം മകൻ മാധവ് സുരേഷും രണ്ടാമത്തേത് മരുമകൻ ശ്രേയസ് മോഹനുമാണ് സ്വന്തമാക്കിയത്. ഇവരും വാഹനങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളെല്ലാം താരപുത്രൻ സോഷ്യൽ മീഡിയിലെല്ലാം പങ്കുവെച്ചിട്ടുമുണ്ട്. സുരേഷ് ഗോപി നായകനാവുന്ന ജെഎസ്കെ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി അച്ഛനൊപ്പം അഭിനയിക്കുന്ന സന്തോഷത്തിന് പുറമെയാണ് ബിജെപി എംപിയുടെ വീട്ടിലേക്ക് പുത്തൻ കാർ വാങ്ങിയ സന്തോഷം കൂടിയെത്തുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി അഭിഭാഷകന്റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ജൂൺ 27-ന് സിനിമ തീയേറ്ററുകളിലെത്തും. പൂർണമായും വിദേശത്ത് നിർമിച്ച് കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ കാറിന് 53 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്.
ടാക്‌സും ഇൻഷുറൻസുമെല്ലാമായി 67 ലക്ഷത്തിന് മുകളിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫിന് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും ചെലവേറിയ ഫോക്‌സ്‌വാഗൺ കാറാണിത്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ള അഴകാണ് ഈ ഹാച്ച്ബാക്കിന് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

ഒപ്പം 5-ഡോറിന്റെ പ്രായോഗികതയും കൂടി ചേരുമ്പോൾ എല്ലാത്തരം യാത്രകൾക്കും അനുയോജ്യമായൊരു വാഹനമായി ഗോൾഫ് മാറുന്നുണ്ട്. ഹണികോമ്പ് ഗ്രിൽ, റെഡ് ആക്‌സന്റുകൾ, ഫൈവ് സെഗ്‌മെന്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ജിടിഐ ബാഡ്ജുകൾ എന്നിവയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയിലെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.
4.3 മീറ്റർ നീളമുള്ള ഗോൾഫ് അത്ര ചെറിയ കാർ ഒന്നുമല്ല കേട്ടോ. 18 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ അഡാറ് ലുക്കാണ് കാറിന് ലഭിക്കുക. 380 ലിറ്റർ ബൂട്ട് സ്പേസും ഗോൾഫിനുള്ളതിനാൽ വളരെ പ്രായോഗികമാണെന്ന് പറയേണ്ടല്ലോ. പോളോ ജിടിഐക്ക് ശേഷം ജർമൻ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ്. അതിനാൽ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ആഡംബരത്തം തുളുമ്പിനിൽക്കുന്നുണ്ട്.

12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7-സ്പീക്കർ ഇമ്മേഴ്‌സീവ് ഓഡിയോ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, സ്റ്റബ്ബി ഗിയർ സെലക്ടർ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD), വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള ഗംഭീര ഫീച്ചറുകളെല്ലാം ഗോൾഫിന്റെ ഇന്റീരിയറിൽ ലഭിക്കും.
സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം കാറിൽ ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. 265 bhp പവറിൽ പരമാവധി 370 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോകിസുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 5.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 250 കിലോമീറ്ററാണ് കാറിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. ഹാൻഡിലിംഗ് മെച്ചപ്പെടുത്താൻ മെപ്രോഗ്രസീവ് സ്റ്റിയറിംഗ്, ഇലക്ട്രോണിക് നിയന്ത്രിത ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്ക്, ഡൈനാമിക് ചേസിസ് കൺട്രോൾ എന്നീ സംവിധാനങ്ങളും ഗോൾഫിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








