ജിഎസ്‌ടി എസ്‌യുവികളിലും, ഏറ്റവും ഉയർന്ന നികുതി നിരക്ക് ഈ മോഡലുകൾക്ക്
ഒരു പുതിയ കാർ വാങ്ങുക എന്നത് ഇപ്പോൾ വളരെ വലിയ ദുർഘടം പിടിച്ച കാര്യമാണ്. മാത്രമല്ല മുൻ കാലങ്ങളെ അപേക്ഷിച്ച് വലിയ ചെലവും ഇതിന് വരുന്നുണ്ട്. വളരെ സാധാരണമായൊരു മോശമല്ലാത്ത കാർ വാങ്ങാൻ പ്ലാനിട്ടാൽ പോലും ഏകദേശം 6 ലക്ഷം രൂപയെങ്കിലും പോക്കറ്റിൽ നിന്നും ഇറങ്ങും. ലോണിട്ട് മേടിച്ചാൽ അടിക്കടി ആർബിഐ റിപ്പോ നിരക്ക് കൂട്ടുന്നതും സാധാരണക്കാർക്ക് തിരിച്ചടിയാണ്.
പിന്നെ ഇന്ധനച്ചെലവിന്റെ കാര്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇന്നത്തെ പെട്രോൾ വിലയായ 106 രൂപ മുടക്കി ഒരു ലിറ്റർ കാറിനകത്ത് അടിച്ചാൽ പരമാവധി 15-16 കിലോമീറ്റർ മൈലേജാവും ശരാശരി നമുക്ക് ലഭിക്കുക. എന്നാൽ ഇക്കാര്യങ്ങൾ ഇവിടെ നിൽക്കട്ടെ. വാങ്ങേണ്ട സമയമാകുമ്പോൾ പുതിയ കാർ വിലകളിൽ നികുതികളാണ് പ്രധാന പങ്ക് വഹിക്കുന്നത് എന്ന കാര്യം നമ്മളിൽ പലർക്കും അറിയാം അല്ലേ. ബോഡി സ്റ്റൈൽ, എഞ്ചിൻ ശേഷി, നീളം, വില എന്നിവയും അതിലേറെയും വരെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി വാഹനങ്ങളുടെ നികുതി വ്യത്യാസപ്പെടുന്നു.

ജിഎസ്ടി കൗൺസിൽ അതിന്റെ ഏറ്റവും പുതിയ യോഗത്തിൽ ജിഎസ്ടിയുടെ പരിധിയിൽ ഏതൊക്കെ കാറുകളാണ് ഏറ്റവും ഉയർന്ന നികുതിക്ക് എസ്‌യുവികളായി യോഗ്യമാകുന്നത് എന്നതിനെക്കുറിച്ച് ചില വ്യക്തത നൽകാൻ ശ്രമിച്ചിട്ടുണ്ട്. നമുക്ക് അക്കാര്യങ്ങളിലേക്ക് ഒന്നുകടക്കാം. ഇന്ത്യയിലെ എസ്‌യുവികൾ സബ്‌കോംപാക്‌ട് (സബ് 4 മീറ്റർ സെഗ്‌മെന്റുകൾ) മുതൽ ഫുൾ സൈസ് ലക്ഷ്വറി അഞ്ച്, ഏഴ് സീറ്റുകളുള്ള എസ്‌യുവികൾ വരെയുണ്ട് ഇതിനു കീഴിൽ. അതിനാൽ വിവിധ മോഡലുകളെ ജിഎസ്ടി വ്യത്യസ്തമായി ബാധിക്കാം.
ആദ്യം ജിഎസ്ടിയുടെ പരിധിയിൽ ഒരു എസ്‌യുവിക്ക് വേണ്ട യോഗ്യത എന്താണെന്ന് നോക്കാം. ജിഎസ്ടി കൗൺസിൽ പറയുന്നത് ഒരു വാഹനം എസ്‌യുവിയായി വിശേഷിപ്പിക്കപ്പെടണമെങ്കിൽ അത് 4,000 മില്ലീമീറ്ററിലധികം നീളവും 1500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയും 170 മില്ലീമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരിക്കണം എന്നാണ്. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന വാഹനങ്ങൾ ജിഎസ്ടി നിയമങ്ങളുടെ പരിധിയിൽ എസ്‌യുവികളായി യോഗ്യത നേടുകയും ഏറ്റവും ഉയർന്ന നികുതി നിരക്ക് അതായത് 28 ശതമാനം ജിഎസ്‌ടിയും 22 ശതമാനം സെസും അല്ലെങ്കിൽ മൊത്തം 50 ശതമാനം നികുതിയും ആകർഷിക്കും.
ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ നിലവിലെ ജിഎസ്ടി നിയമങ്ങൾക്ക് അനുസൃതമായി 28 ശതമാനം ജിഎസ്ടിക്ക് മുകളിലുള്ള സെസ് നിരക്ക് കുറയ്ക്കും. ഏറ്റവും പുതിയ വ്യക്തത പ്രകാരം ജിഎസ്ടിക്ക് കീഴിലുള്ള ഏറ്റവും ഉയർന്ന നികുതി സ്ലാബിലേക്ക് യോഗ്യത നേടുന്നതിന് എസ്‌യുവികൾ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ പുതിയ വിധി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവികളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. നാല് മാനദണ്ഡങ്ങളാണ് ഇതിന്റെ പരിധിയിൽ പ്രധാനമായും ഉൾപ്പെടുന്നത്.
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സബ് കോംപാക്‌ട് എസ്‌യുവികളൊന്നും ജിഎസ്‌ടിയുടെ എസ്‌യുവികളുടെ ബ്രാക്കറ്റിൽ വരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സെഗ്‌മെന്റിലെ എല്ലാ മോഡലുകളും 4-മീറ്റർ പരിധിക്ക് കീഴിലും എഞ്ചിനുകൾ 1500 സിസി മാർക്കിനും താഴെയുള്ളതിനാൽ എസ്‌യുവികളായി യോഗ്യത നേടുന്ന രണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. എന്നതാണ്. ആയതിനാൽ ഇത്തരം മോഡലുകളെ ജിഎസ്‌ടിക്കു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സാരം. ഈ വിഭാഗത്തിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ് പോലുള്ള വാഹനങ്ങളാണ് ഉൾപ്പെടുന്നത്.
ഇനി അടുത്ത സെഗ്മെന്റിലേക്ക് നോക്കിയാൽ വരുന്നത് മിഡ്-സൈസ് എസ്‌യുവിളാണ്. ഇതിൽ ക്രെറ്റ, സെൽറ്റോസ്, കുഷാഖ്, ടൈഗൂൺ, ആസ്റ്റർ, ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ ഉള്ള വാഹനങ്ങൾ പോലും എസ്‌യുവി എന്ന മാനദണ്ഡങ്ങൾക്ക് യോഗ്യത നേടുന്നതിനുള്ള എല്ലാ കാര്യങ്ങളും പാലിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇവിടെയുള്ള എല്ലാ മോഡലുകൾക്കും നാല് മീറ്ററിന് മുകളിൽ വലിപ്പമുണ്ടെങ്കിലും എഞ്ചിൻ കപ്പാസിറ്റി ഇപ്പോഴും 1500 സിസി മാർക്കിന് താഴെയാണ് എന്നതാണ് പ്രധാന കാര്യം.
അതിനാൽ ഈ മോഡലുകൾക്ക് ഉയർന്ന നികുതി നൽകേണ്ട പരിധിക്ക് കീഴിൽ നികുതി നൽകേണ്ടതില്ല. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയിട്ടുള്ള എസ്‌യുവിയുടെ നിർവചനം ഥാർ പോലും പാലിക്കുന്നില്ല എന്നതാണ്. 1500 സിസിക്ക് മുകളിലുള്ള എഞ്ചിൻ ഉണ്ടെങ്കിലും 170 മില്ലീമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെങ്കിലും എസ്‌യുവിയായി പൊതുവെ അറിയപ്പെടുന്ന ഇത് 4 മീറ്റർ മാർക്ക് പാലിക്കുന്നില്ല. നിലവിലെ രണ്ടാം തലമുറ ഥാറിന് 3985 മില്ലിമീറ്റർ നീളമാണുള്ളത്. അതായത് വലിപ്പത്തിന്റെ കാര്യത്തിൽ ഈ വാഹനം നികുതി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അർഥം.
ഇതിന്റെ തൊട്ടടുത്ത സെഗ്മെന്റിലേക്ക് നോക്കിയാൽ സ്കോർപിയോ ക്ലാസിക്, സ്കോർപിയോ N, XUV700 എന്നിവ നാല് മാനദണ്ഡങ്ങളും പാലിക്കുന്നതിനാൽ ഉയർന്ന നികുതി വിലകൾ ബാധകമാണ്. അൽകാസർ, ഹെക്ടർ തുടങ്ങിയ മോഡലുകളിൽ മിഡ്-സൈസ് സെഗ്‌മെന്റിനോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങളും രസകരമാണ്. അതായത് അൽകസാർ എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ മോഡലുകൾ ജിഎസ്ടിയുടെയും സെസിന്റെയും ഏറ്റവും ഉയർന്ന സ്ലാബിന് കീഴിൽ നികുതി ചുമത്തേണ്ട എല്ലാ ആവശ്യകതകളും നിറവേറ്റുന്നുണ്ട്. അതേസമയം വാഹനത്തിന്റെ ഡീസൽ മോഡലിന് ചെറിയ എഞ്ചിൻ ശേഷിയുള്ളതിനാൽ ഈ ഗണത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
അതായത് അൽകസാറിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 1500 സിസിക്ക് താഴെയുള്ള ശേഷി മാത്രമാണുള്ളത്. മറുവശത്ത് എംജി ഹെക്‌ടറിന്റെ ഡീസൽ വകഭേദങ്ങൾ ജിഎസ്ടിയുടെ നാല് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെങ്കിലും ഹെക്‌ടറിന്റെ പെട്രോൾ മോഡലുകൾ 1500 സിസിയിൽ താഴെയുള്ളതിനാൽ ജിഎസ്ടിയുടെ പരിധിയിൽ വരുന്നില്ല. ടാറ്റയുടെ ഹാരിയറും സഫാരിയും ഹ്യുണ്ടായി ട്യൂസോണിനെപ്പോലെ ഉയർന്ന നികുതി നിരക്കിന് യോഗ്യത നേടുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. അതേസമയം, എഞ്ചിൻ ശേഷി മാനദണ്ഡങ്ങൾ പാലിക്കാത്ത ജീപ്പ് കോമ്പസ് ഡീസൽ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമ്പോൾ പെട്രോൾ എഞ്ചിൻ ശേഷി ആവശ്യകതകൾ പാലിക്കുന്നില്ല.
അതോടൊപ്പം മെറിഡിയനും ഏറ്റവും ഉയർന്ന നികുതി നിരക്കിന് ബാധകമാണ്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ഇസൂസു MU-X എന്നിങ്ങനെ ഫുൾ-സൈസ് ഏഴ് സീറ്റർ മോഡലുകളിലേക്ക് നീങ്ങുമ്പോൾ എല്ലാം ഉയർന്ന നികുതി ബ്രാക്കറ്റിലേക്ക് യോഗ്യത നേടുന്നുണ്ട്. ഇനി ആഡംബര വാഹന വിഭാഗത്തിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യു X1, ഔഡി Q3, വോൾവോ XC40 എന്നിവ ഇന്ത്യയിൽ ഏറ്റവും ഉയർന്ന നികുതി നിരക്കിന് ബാധകമാവുന്നുണ്ട്. മെർസിഡീസ് ബെൻസിന്റെ GLA എസ്‌യുവിയുടെ ഡീസൽ പതിപ്പ് എല്ലാ മാനദണ്ഡങ്ങളും പാലിക്കുമ്പോൾ പെട്രോൾ വേരിയന്റുകൾ ഏറ്റവും ഉയർന്ന സെസിന് കീഴിൽ വരുന്നില്ല. കാരണം അതിൽ 1500 സിസി എഞ്ചിനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പുതിയ GLB-യും സമാനമായ വിഭാഗത്തിലാണ്.


Click it and Unblock the Notifications








