മാരക ലുക്കിൽ ജിംനിയുടെ കൺവേർട്ടബിൾ, സുസുക്കിയോട് കണ്ടുപടിക്കാൻ ആരാധകർ
ലോക വാഹന വിപണിയിലെ ഏറ്റവും പുതിയ പ്രതിഭാസമാണ് എസ്‌യുവികൾ. അതിന്റെ വലിയൊരു പങ്ക് അവകാശപ്പെടാനാവുന്ന മോഡലാണ് സുസുക്കി ജിംനി. ഇന്ത്യയിൽ നിർമിച്ചിട്ടും ഇതുവരെ നമ്മുടെ രാജ്യത്ത് വിൽപ്പനയ്ക്ക് ഈ കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം എത്തുന്നില്ല എന്നതു മാത്രമാണ് പോരായ്‌മ.

ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഉൽപ്പന്ന ശ്രേണിയിലെ രസകരവും ജനപ്രിയവുമായ കാറാണ് ജിംനി. ബോക്‌സി മോഡൽ ഒരു പരമ്പരാഗത എസ്‌യുവി രൂപത്തോടെയാണ് വരുന്നതെങ്കിലും, ചൈനീസ് കസ്റ്റമൈസേഷൻ സ്റ്റുഡിയോ യിചെ ഗരാജ് ജിംനിയെ ഓപ്പൺ-ടോപ്പ് കൺവെർട്ടിബിളാക്കി മാറ്റി ശ്രദ്ധ നേടുകയാണിപ്പോൾ.

അതിശയകരമായ കാര്യമെന്തെന്നാൽ ഈ കൺവെർട്ടിബിൾ മോഡൽ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ മനോഹരമാണ് എന്നതാണ്. ഇത് സുസുക്കിയിൽ നിന്നുള്ള ഔദ്യോഗിക മോഡലല്ലെങ്കിലും, കസ്റ്റമൈസ്ഡ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്വിതീയമായ എന്തെങ്കിലും നിർമിക്കാൻ ജാപ്പനീസ് ബ്രാൻഡിന് കഴിഞ്ഞേക്കും.

ഇതാദ്യമായല്ല റൂഫില്ലാത്ത ഒരു എസ്‌യുവി നാം കാണുന്നത്. എങ്കിലും ജിംനിയെ ഇങ്ങനെ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്ന കാര്യമാണല്ലേ... മുമ്പ് ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ മാർക്വീ ലാൻഡ് റോവർ സമാനമായ ഒരു ആശയം പരീക്ഷിച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച റേഞ്ച് റോവർ ഇവോക്ക് കൺവെർട്ടബിൾ പുറത്തിറക്കുകയും ചെയ്‌തു.

ഇതിലെ കൗതുകകരമായ കാര്യം എന്തെന്നാൽ റേഞ്ച് റോവർ ഇവോക്ക് കൺവെർട്ടബിൾ നിർമിച്ചത് ലാൻഡ് റോവർ തന്നെയായിരുന്നു എന്നതാണ്. എന്നാൽ നമ്മൾ സംസാരിക്കുന്ന ജിംനി കൺവേർട്ടിബിൾ സുസുക്കി അല്ല വികസിപ്പിച്ചെടുത്തിരിക്കുന്നത്. കസ്റ്റമൈസ് ചെയ്‌ത ജിംനി ഓഫ്-റോഡറിന്റെ റൂഫ് മാത്രമല്ല പരിഷ്ക്കരിച്ചിരിക്കുന്നത്.

കസ്റ്റം മോഡൽ ഒരു ഗ്ലോസി ലെമൺ ഗ്രീൻ കളർ ഓപ്ഷനിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നതും. രണ്ട് ഡോറുകളുള്ള മോഡലായതിനാൽ കാഴ്ച്ചയിൽ ഒരു കുട്ടിത്തമെല്ലാം തോന്നുകയും ചെയ്യും. കാറിന്റെ സുസുക്കി ലോഗോ നീക്കം ചെയ്‌ത് മോഡിഫയറിന്റെ ലോഗോയാണ് കൺവേർട്ടബിൾ പതിപ്പിന് സമ്മാനിച്ചിര്കുകന്നത്.

കറുത്ത ഫ്രണ്ട് ഗ്രില്ലിൽ മനസാക്ഷി എന്ന് അർഥം വരുന്ന 'Conscience' വാക്കും കാണാം. ഇത് ട്യൂണർ സ്ഥാപനത്തിന്റെ പ്രോജക്റ്റ് നാമമായിരിക്കാമെന്നാണ് വിവരം.
ലംബമായി അടുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ലുള്ള സ്റ്റോക്ക് ജിംനിയെ അപേക്ഷിച്ച് കസ്റ്റം മെയ്‌ഡ് ജിംനിക്ക് മെഷ്-ടൈപ്പ് ഗ്രിൽ ഡിസൈനാണ് ലഭിക്കുന്നത്.

സംയോജിത ക്രോസ്-സെക്ഷൻ എൽഇഡി ഡിആർഎല്ലുകളുള്ള ഹെഡ്‌ലാമ്പുകൾ ടാങ്ക് 300 എസ്‌യുവിയുടേതിന് സമാനമാണ്. ബോണറ്റ്, ഫ്രണ്ട് ബമ്പർ തുടങ്ങിയ മറ്റ് ഭാഗങ്ങളിലേക്കും സമാനതകൾ വ്യാപിക്കുന്നു. ഇനി വശങ്ങളിലേക്ക് നോക്കിയാൽ വീൽ ആർച്ചുകൾ കൂടുതൽ പരുക്കൻ രൂപത്തിനും ഭാവത്തിനുമായി ഗ്രോവുകളോടെയാണ് വരുന്നത്.

സ്റ്റോക്ക് സുസുക്കി ജിംനിക്കും വീതിയേറിയ വീൽ ആർച്ചുകൾ ഉണ്ട്. എന്നാൽ അവയ്ക്ക് കൂടുതൽ മിനുക്കിയ രൂപമുണുള്ളത്. പിൻഭാഗത്ത് ജിംനി കൺവേർട്ടബിളിന് ഇടതുവശത്ത് ദീർഘചതുരാകൃതിയിലുള്ള ടെയിൽ ലാമ്പും വലതുവശത്ത് സ്പെയർ വീലും ലഭിക്കുന്നു. ടാങ്ക് 300 എസ്‌യുവിക്ക് സമാനമായ മറ്റൊരു സവിശേഷതയും ഇതാണ്.

എസ്‌യുവിയുടെ ഇന്റീരിയറിന് ബ്ലാക്ക്, ബീജ് നിറങ്ങളുള്ള ഡ്യുവൽ-ടോൺ കളറാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലും സുസുക്കി ബ്രാൻഡ് ലോഗിന് പകരം മോഡിഫയറിന്റെ സ്വന്തം ലോഗോയാണ് ഉപയോഗിച്ചിരിക്കുന്നത്. ജിംനി കൺവേർട്ടബിളിന് ഒരു പെർഫോമൻസ് ബൂസ്റ്റ് ആവശ്യമാണെന്ന് തോന്നുന്നില്ല.

റൂഫും മറ്റ് സ്റ്റോക്ക് ഭാഗങ്ങളും നീക്കം ചെയ്തതോടെ, എസ്‌യുവിയുടെ പവർ ടു വെയ്‌റ്റ് അനുപാതം ഇതിനകം വർധിച്ചിട്ടുണ്ട്. പരമാവധി 100 bhp കരുത്തിൽ 130 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15 എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്സിനൊപ്പം 4×4 കോൺഫിഗറേഷനിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

സുസുക്കി ജിംനി ചൈനയിൽ ഔദ്യോഗികമായി ലഭ്യമല്ല എന്നതാണ് ശ്രദ്ധേയം. ആയതിനാൽ കൺവേർട്ടബിൾ മോഡലിനെ നിർമിക്കാൻ കമ്പനിക്ക് കാർ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചൈനയിലേക്ക് എസ്‌യുവി ഇറക്കുമതി ചെയ്യാൻ ഏകദേശം 60,000 ഡോളർ വേണ്ടി വന്നുവെന്നാണ് ചൈനീസ് കസ്റ്റമൈസേഷൻ സ്റ്റുഡിയോ യിചെ ഗരാജ് പറയുന്നത്. ഈ പരിഷ്‌ക്കരണങ്ങൾക്കായി 60,000 ഡോളർ ചെലവഴിക്കുകയും ചെയ്‌തു.


Click it and Unblock the Notifications








