പഴകും തോറും മൂല്യമേറുന്ന യമഹയുടെ വില്ലൻ, പ്രതാപം മങ്ങാത്ത 93 മോഡൽ സുസുക്കി ഷോഗൺ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ടിവിഎസും സുസുക്കിയും. ഇന്ന് രണ്ടും രണ്ട് കമ്പനികളായാണ് പ്രവർത്തിക്കുന്നതെങ്കിലും ഒരുകാലത്ത് രണ്ട് ബ്രാൻഡുകളും തമ്മിലുള്ള പങ്കാളിത്തം ട്രെൻഡ് സെറ്ററായിരുന്നു. യമഹ RX100 എന്ന ഐതിഹാസിക മോട്ടോര്‍സൈക്കിളിന് എതിരാളിയായി യുവാക്കളെല്ലാം ഇപ്പോഴും ഓർമിക്കുന്ന മോഡലുകളാണ് സമുറായിയും ഷോഗണും.
ടു സ്‌ട്രോക്ക് യുഗത്തിലെ ജനപ്രിയ ബൈക്കുകളില്‍ ഒന്നാം നിരയിൽ തന്നെയുണ്ടാവും സുസുക്കി ഷോഗൺ. പവര്‍, മൈലേജ്, സ്പീഡ് എന്നിവക്ക് പേരുകേട്ട മോഡൽ ഇന്നങ്ങനെ നിരത്തിൽ കാണാനായേക്കില്ല. എങ്കിലും സ്‌റ്റോക്ക് കണ്ടീഷനില്‍ റീസ്‌റ്റോര്‍ ചെയ്ത് പരിപാലിച്ചുകൊണ്ടുനടക്കുന്നവരും നമുക്കിടയിലുണ്ട്. ഇക്കാലത്ത് വളരെ അപൂര്‍വമായി മാത്രമേ നീറ്റ് കണ്ടീഷനിലുള്ള ഈ മോഡൽ കാണാനാവൂ.

അത്തരത്തിൽ ഒരു 1993 മോഡൽ ഷോഗണിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കണ്ടാൽ ആരും കൊതിക്കുന്ന വിധത്തിലാണ് ബൈക്കിനെ പരിപാലിക്കുന്നത്. ഓൾഡ് പിസ്റ്റൺസ് ഗരാജാണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വ്ലോഗർ ഒരു വർഷം മുമ്പ് വാങ്ങിയ 1993 മോഡൽ സുസുക്കി ഷോഗണിനെ കുറിച്ചാണ് വീഡിയോയിൽ ആദ്യാവസാനം സംസാരിക്കുന്നത്.
ബൈക്കിന്റെ ഒറിജിനൽ നിറം അതേപടി നിലനിർത്തിയിരിക്കുന്നതാണ് കൈയടി അർഹിക്കുന്ന കാര്യം. മോഡിഫൈ ചെയ്‌ത് കുളമാക്കാതെ ബൈക്കിനെ കൊണ്ടുനടക്കാനാവുന്നത് ശരിക്കും എടുത്തു പറയേണ്ട കാര്യമാണ്. ഒറിജിനൽ കളറിനു പുറമെ മോട്ടോർസൈക്കിളിൽ ഇപ്പോഴും യഥാർഥ പാനലുകളും സ്റ്റിക്കറുകളും ഗ്രാഫിക്സുമാണ് ഇടംപിടിച്ചിരിക്കുന്നത് എന്നതും നൊസ്റ്റാൾജിയ ഉണർത്തുന്നുണ്ട്.

മോട്ടോർസൈക്കിൾ ആദ്യം സ്‌പോക്ക് റിമ്മുകളോടെയാണ് വന്നത്. എന്നാൽ ഇതിനു പകരം അൽപം സ്റ്റൈലിഷാക്കാൻ സുസുക്കി GS 150 മോട്ടോർസൈക്കിളിൽ നിന്നുള്ള അലോയ് വീലുകളാണ് ഉടമ ഇപ്പോൾ ഷോഗണിൽ ഉപയോഗിക്കുന്നത്. ഇതും മനോഹരമായി രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്. ബൈക്കിലുണ്ടായിരുന്ന ഒറിജിനൽ ടേൺ ഇൻഡിക്കേറ്ററുകൾ കേടായതിനാൽ അവ മാറ്റിസ്ഥാപിക്കേണ്ടിവന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്.
സീറ്റും അതേപടി നിലനിർത്തിയിരിക്കുന്നതും മനോഹരമായിട്ടുണ്ട്. നിങ്ങളും പഴയൊരു സുസുക്കി ഷോഗൺ വാങ്ങി പണിതെടുക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ വീഡിയോയിൽ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കണേ... മറ്റൊന്നുമല്ല, ബൈക്കിന്റെ പാർട്‌സ് കിട്ടാൻ വളരെ പ്രയാസമുള്ള കാര്യമാണെന്ന് ഉടമ പ്രത്യേകം പരാമർശിക്കുന്നുണ്ട്. റിസ്റ്റോറേഷന്റെ ഭാഗമായി സുസുക്കി ഷോഗണിന്റെ മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്ക് ഇൻസ്റ്റാൾ ചെയ്തു. പിന്നിൽ ഇപ്പോഴും ഡ്രം ബ്രേക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

ടയറുകളുടെ വലുപ്പവും സ്റ്റോക്ക് പതിപ്പിനേക്കാൾ വലുതാണ്. എഞ്ചിനിലും ചെറിയ ചെറിയ പണികളൊക്കെ എടുത്തിട്ടുണ്ടെന്ന് ഉടമ വിശദമാക്കുന്നുണ്ട്. മോട്ടോർസൈക്കിളിൽ ഇപ്പോൾ സെക്കൻഡ് ഓവർ പിസ്റ്റണുകൾ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ബൈക്കിന് ഇപ്പോഴും ഒറിജിനൽ എക്‌സ്‌ഹോസ്റ്റ് ഉള്ളതിനാൽ ഗൃഹാദുരത്വം ഉണർത്തുന്ന അതേ ശബ്ദം നിലനിർത്താനും ഉടമക്കായിട്ടുണ്ട്.
പണ്ടുകാലത്ത് സുസുക്കി ഷോഗൺ മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്‌തിരുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായിരുന്നു. ഷോഗൺ മോട്ടോർസൈക്കിൾ ഇന്ത്യയിൽ ടിവിഎസും സുസുക്കിയും സംയുക്തമായി വികസിപ്പിച്ച പദ്ധതിയായിരുന്നുവെന്നതും ശ്രദ്ധേയമായി. 108 സിസി, ടു-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കി ഷോഗണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഈ എഞ്ചിൻ പരമാവധി 14 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. അതായത് ഇതിഹാസ മോഡലായി കണക്കാക്കപ്പെടുന്ന യമഹ RX100 മോഡലിനേക്കാൾ കരുത്തുറ്റതായിരുന്നു സുസുക്കി ഷോഗണെന്ന് സാരം. മികച്ച ഹാൻഡിലിംഗും പവർ ഡെലിവറിയും കാരണം യുവാക്കളെല്ലാം ഈ മോഡലിന്റെ പിന്നാലെയാണ് പാഞ്ഞത്. പിന്നീടെപ്പോഴോ ഷോഗണും അരങ്ങൊഴിഞ്ഞു.


Click it and Unblock the Notifications








