വെടിവെക്കാൻ മാത്രമല്ല, കാറുണ്ടാക്കാനും അറിയാം; തദ്ദേശീയമായി നിർമിച്ച സൂപ്പർകാറുമായി താലിബാൻ
താലിബാൻ കാരണം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന രാജ്യമാണ് അഫ്‌ഗാനിസ്ഥാൻ. 2021-ല്‍ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം വനിതകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ താലിബാന്‍റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത് മറ്റൊരു കാര്യം ചെയ്താണ്.
എന്നാൽ വിവാദങ്ങളൊന്നുമായല്ല താലിബാൻ ഇത്തവണ വാർത്തയിൽ നിറയുന്നത്. പിന്നെന്താന്നോ തദ്ദേശീയമായി ഒരു സൂപ്പർകാർ നിർമിച്ചാണ് താലിബാൻ ശ്രദ്ധനേടുന്നത്. മാഡ 9 എന്ന് വിളിക്കുന്ന ഈ കാർ കാബൂൾ ആസ്ഥാനമായുള്ള നിർമ്മാതാക്കളായ എന്റോപ്പും അഫ്ഗാനിസ്ഥാൻ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടും (ATVI) സംയുക്തമായി ചേർന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 30 എഞ്ചിനീയർമാർ അഞ്ചു വർഷമെടുത്താണ് സൂപ്പർകാർ നിർമിച്ചത്.

താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖ്വി ഹഖാനിയാണ് വാഹനത്തെ അവതരിപ്പിച്ചത്. 2000 മോഡൽ ടൊയോട്ട കൊറോളയുടെ ഫോർ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന ഒരു മിഡ് എഞ്ചിൻ സൂപ്പർകാറാണ് മാഡ 9. എന്നാൽ സൂപ്പര്‍കാറിന് ഉതകുന്ന രീതിയില്‍ എഞ്ചില്‍ പരിഷ്ക്കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എത്ര കൂടിയ വേഗത്തിലും കാറിന് സ്ഥിരത നല്‍കുന്ന രീതിയിലാണ് എഞ്ചിൻ മോഡിഫൈ ചെയ്തിരിക്കുന്നതാണ് അഫ്ഗാനിസ്ഥാനിലെ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തലവന്‍ ഗുലാം ഹൈദര്‍ ഷഹാമെത്ത് അവകാശപ്പെടുന്നത്.
എന്നാൽ കാറിന്റെ മറ്റ് സാങ്കേതിക സവിശേഷതകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ എഞ്ചിൻ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അഫ്ഗാനിസ്ഥാനിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച ആദ്യത്തെ സൂപ്പർകാർ എന്ന നിലയിലാണ് ഇത് പുറത്തിറങ്ങുന്നത്. ഡിസൈൻ അനുസരിച്ച് മഡ 9 മിനുസമാർന്നതും ബോൾഡുമായി കാണപ്പെടുന്ന രീതിയിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്. നിലവിലുള്ള പ്രോട്ടോടൈപ്പിനെ കറുപ്പു നിറത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നതും. ഒതുക്കമുള്ളതായി തോന്നുന്ന ഫ്രണ്ട് ഗ്രില്ലിന് അരികിലുള്ള മിനുസമാർന്ന എൽഇഡി ഹെഡ്‌ലാമ്പുകളും ഹൈലൈറ്റുകളിൽ ഒന്നാണ്.

സ്‌പോർട്ടി ലുക്കിനായി ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിലാണ് തീർത്തിരിക്കുന്നത്. ഡിസൈൻ എയറോഡൈനാമിക് ആയി കാണപ്പെടുന്നുവെന്നതും എടുത്തു പറയേണ്ടതില്ലല്ലേ. കൂടാതെ എയർ ചാനൽ ചെയ്യാനും ഡ്രാഗ് കുറയ്ക്കാനും ഇതിന് നിരവധി എയർ വെന്റുകളും അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ഷാർപ്പായ ഫ്രണ്ട് സ്പ്ലിറ്റർ, വലിയ ബ്ലാക്ക് അലോയ് വീലുകൾ, ഫ്ലേർഡ് ഫെൻഡറുകൾ, വിശാലമായ എയർ ഇൻടേക്കോടുകൂടിയ സ്‌കൾപ്പഡ് സൈഡ് പ്രൊഫൈൽ, മിനുസമാർന്ന എൽഇഡി ടെയിൽലൈറ്റുകൾ, ബോൾഡ് ലുക്കിംഗ് റിയർ ഡിഫ്യൂസർ, സ്വൂപ്പിംഗ് റൂഫ്‌ലൈൻ എന്നിവ വാഹനത്തെ ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ദൃശ്യമാണ്.
ചില ചിത്രങ്ങളിൽ കാറിന്റെ പുഷ്റോഡ് സസ്പെൻഷൻ കണ്ടുപിടിക്കാൻ കഴിയും. കൂടാതെ അതിന്റെ എഞ്ചിൻ പിന്നിലാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നതും. എന്നാൽ മാഡ 9 പ്രൊഡക്ഷൻ പതിപ്പ് ഒരു ഇലക്ട്രിക് സൂപ്പർകാറായി പുറത്തിറങ്ങാനാണ് സാധ്യത. ഇലക്ട്രിക് മോഡലിലേക്ക് കാലതാമസമില്ലാതെ മാറാനുള്ള ഒരുക്കത്തിലാണെന്ന് ഗുലാം ഹൈദര്‍ ഷഹാമെത്ത് സൂചന നൽകിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പിന്റെ കുടക്കീഴിൽ അഫ്ഗാനിസ്ഥാനിൽ വിലപ്പെട്ട സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മാഡ 9 എന്നും സൂപ്പർകാറിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിൽ കുറിച്ചു.

വിദ്യാഭ്യാസത്തിന്‍റേയും അറിവിന്‍റേയും ആവശ്യകതയേക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമുണ്ടാകാന്‍ മാഡ 9 സഹായിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് എന്‍ജിനിയര്‍മാര്‍ ചെയ്തുവെന്ന് വിശദമാക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ കാറിന്‍റെ വീഡിയോകള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. കാറിന്‍റെ ശബ്ദമോ ഇന്‍റീരിയറോ പുറത്ത് വന്ന വീഡിയോയിലും ലഭ്യമല്ല. എങ്കിലും ഇക്കാര്യങ്ങളിലും താലിബാൻ അധികം വൈകാതെ വ്യക്തത വരുത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
എന്തായാലും ഫുൾ ട്യൂബ്-ഫ്രെയിം ഷാസി, പുഷ്‌റോഡ് സസ്പെൻഷൻ, കോമ്പോസിറ്റ് ബോഡി എന്നിവ ഫീച്ചർ ചെയ്യുന്ന ഡ്രാമാറ്റിക് മിഡ് എഞ്ചിൻ കാർ അഫ്ഗാൻ ചരിത്രത്തിൽ തന്നെ വലിയൊരു സംഭവമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ പ്രാദേശികമായി പുറത്തിറക്കിയതിനു ശേഷം മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും മാഡ 9 സൂപ്പർകാറിനെ പരിചയപ്പെടുത്താനും താലിബാന് പദ്ധതിയുണ്ട്. 1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്ഥാനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ.


Click it and Unblock the Notifications








