ഇന്ത്യയിൽ സമ്പാദിച്ചതെല്ലാം ദുബായിൽ ചെലവഴിച്ച് അജിത്! പുതുതായി വാങ്ങിയ ബൈക്കിന്റെ വില കേട്ടാൽ ഞെട്ടും
മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ അതിൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും തമ്മിലൊരു മത്സരമുണ്ടെന്നതാണ് ശരി. പക്ഷേ കോളിവുഡിൽ ഈയൊരു പേരിന് യഥാർഥ അവകാശി സാക്ഷാൽ സൂപ്പർസ്റ്റാർ അജിത് കുമാറാണ്. ആരാധകർ തലയെന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം അടുത്തിടെ സ്വന്തമായി റേസിംഗ് ടീം വരെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർകാറുകളും സൂപ്പർബൈക്കുകളുമെല്ലാം അമ്മാനമാടുന്ന അജിത്തിന് 53.846 മില്യൺ യുഎസ് ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന തമിഴ് സിനിമയുടെ മങ്കാത്ത പുതുതായി മറ്റൊരു ആഡംബര മോട്ടോർസൈക്കിൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
തന്റെ ഗരാജിലേക്ക് പുതിയ ബിഎംഡബ്ല്യു S1000RR മോഡലാണ് തല വാങ്ങിക്കൊണ്ടുവന്നിരിക്കുന്നത്. ദുബായിയിലൂടെ തന്റെ സൂപ്പർബൈക്കിൽ കറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അജിത്തിന്റെ ആഡംബര മോട്ടോർസൈക്കിളിന്റെ വിവരം ആരാധകരും അറിയുന്നത്. I'm Mad On Bikes Nd Cars എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്.

അജിത് തന്റെ S1000RR സൂപ്പർബൈക്കിനായി ലൈറ്റ്‌വൈറ്റ് മോട്ടോർസ്‌പോർട്ട് (M പാക്കേജ്) തെരഞ്ഞെടുത്തിട്ടുണ്ട്. ഈ കളർ ഓപ്ഷൻ മോഡലിന് അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. കൂടാതെ M കാർബൺ വീലുകളും M ഫുട്‌റെസ്റ്റുകളും പോലുള്ള അധിക ഫീച്ചറുകളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകളുടെ കടുത്ത ആരാധകനാണ് അജിത്ത്.
മുമ്പ് ഇന്ത്യയിൽ ബിഎംഡബ്ല്യു R1200GS സ്വന്തമാക്കിയിട്ടുള്ള നടൻ ലോംഗ് റൈഡിനെല്ലാം ഈ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്. പുതിയ S1000RR റോഡ്, ട്രാക്ക് ഉപയോഗങ്ങൾക്ക് ഒരുപോലെ അനുയോജ്യമാണ്. ഈ വർഷത്തെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ മോഡലിനെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കിയിരുന്നു. ഇവിടെ മോഡലിന്റെ എക്സ്ഷോറൂം വില 21.10 ലക്ഷം രൂപയാണ്.

999 സിസി, ഇൻലൈൻ-ഫോർ എഞ്ചിനാണ് ബിഎംഡബ്ല്യു S1000RR സൂപ്പർബൈക്കിന്റെ ഹൃദയം. 6 സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 206.51 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. റേസ്-ട്യൂൺഡ് ആയിട്ടുള്ള ആന്റി-ഹോപ്പിംഗ് ക്ലച്ച്, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, പുതിയ M ഷോർട്ട്-സ്ട്രോക്ക് ത്രോട്ടിൽ തുടങ്ങിയ ഫീച്ചറുകളും അജിത്തിന്റെ ബൈക്കിൽ നൽകിയിട്ടുണ്ട്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ സ്പോർട്‌സ് ബൈക്കിന് വെറും 3.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത 300 കിലോമീറ്ററിൽ കൂടുതലാണെന്നാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ പറയുന്നത്. റെയിൻ, റോഡ്, ഡൈനാമിക്, റേസ് എന്നിങ്ങനെ ഒന്നിലധികം റൈഡിംഗ് മോഡുകളും മൂന്ന് അധിക പ്രോ മോഡുകളും ബൈക്കിൽ ഉണ്ട്.
ഹിൽ-സ്റ്റാർട്ട് കൺട്രോൾ പ്രോ ഫീച്ചറും വാഹനത്തിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാലും ആർക്കും ഇഷ്‌ടപ്പെടുന്ന രൂപമാണ് ഈ ആഡംബര മോട്ടോർസൈക്കിളിനുള്ളത്. ട്വിൻ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടൊപ്പമുള്ള കോംപാക്‌ട് ഡിസൈൻ പ്രത്യേക ഭംഗിയാണ് ബിഎംഡബ്ല്യു S1000RR-ന് നൽകുന്നത്. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ബ്ലൂസ്റ്റോൺ മെറ്റാലിക്, ലൈറ്റ് വൈറ്റ് സോളിഡ് M മോട്ടോർസ്പോർട്ട് എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് മോഡലിലുള്ളത്.
എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനോടൊപ്പം ബൈക്കിന്റെ ആകർഷണം മെച്ചപ്പെടുത്തുന്നതിനായി ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ടോൾ വിൻഡ്‌സ്ക്രീൻ, സൈഡ് വിംഗ്‌ലെറ്റുകൾ, ലോവർ ട്രിപ്പിൾ ക്ലാമ്പിന്റെ പാർട്ടീഷനിംഗ് എന്നിവയും ഇതിൽ ചേർത്തിട്ടുണ്ട്. ഉയർന്ന വേഗതയിൽ ഡൗൺഫോഴ്‌സ് 23.1 കിലോഗ്രാം വർധിപ്പിച്ചുകൊണ്ട് വിംഗ്‌ലെറ്റുകൾ പ്രവർത്തിക്കുകയും ചെയ്യും. എന്തായാലും ദുബായ് ലൈഫ് നടൻ അജിത്ത് ആഘോഷമാക്കുകയാണെന്ന് വ്യക്തമാണ്.


Click it and Unblock the Notifications








