Bmw R nineT സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ സ്വന്തമാക്കി വെട്രിമാരൻ
ബിഎംഡബ്ല്യു R നൈൻടി സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ സ്വന്തമാക്കി തമിഴ് സിനിമ രംഗത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ വെട്രിമാരൻ. മങ്കാത്ത, ആടുകളം, വട ചെന്നൈ, അസുരൻ, പൊല്ലാധവൻ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ പാൻ ഇന്ത്യ ശ്രദ്ധനേടിയ ആളാണ് വെട്രിമാരൻ.

സംവിധായകൻ, നിർമ്മാണം, എഴുത്ത് എന്നിവയ്ക്കായി 5 ദേശീയ അവാർഡുകളും ഒന്നിലധികം അംഗീകാരങ്ങളും നേടിയിട്ടുള്ള താരമാണ് വെട്രിമാരൻ. ബവേറിയൻ ബ്രാൻഡിൽ നിന്നുള്ള റെട്രോ-സ്റ്റൈൽ മോഡലാണ് ബിഎംഡബ്ല്യു R 9T സ്‌ക്രാംബ്ലർ. ഇന്ത്യയിൽ പ്രീമിയം ബൈക്കിന് 16.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ R 9T പതിപ്പിനെ 18.50 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ട് ബൈക്കുകളും രാജ്യത്ത് സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (സിബിയു) മോഡലുകളായാണ് എത്തുന്നത്. വെട്രിമാരൻ ബിഎംഡബ്ല്യു സൂപ്പർബൈക്ക് സ്വന്തമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.

ബിഎംഡബ്ല്യു R 9 സ്‌ക്രാംബ്ലർ R 9T മോഡലിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പരുക്കൻ പതിപ്പാണ്. റിലാക്‌സ്‌ഡ് സീറ്റിംഗ് പോസ്‌ചർ, ബ്രൗൺ നിറത്തിൽ ഫിനിഷ് ചെയ്ത ലെതർ സീറ്റ്, ഉയർന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇരട്ട എക്‌സ്‌ഹോസ്റ്റ് എന്നിവയ്‌ക്കൊപ്പം ബൈക്കിന് വിചിത്രമായ സ്‌ക്രാംബ്ലർ ലുക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

വെട്രിമാരൻ സ്വന്തമാക്കിയ ബിഎംഡബ്ല്യു R 9T സ്‌ക്രാംബ്ലർ മെഷീൻ ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ബ്ലാക്ക് സ്റ്റോം മെറ്റാലിക്/റേസിംഗ് റെഡ്, കോസ്മിക് ബ്ലൂ മെറ്റാലിക്/ലൈറ്റ് വൈറ്റ് യൂണി, കലമാറ്റ മെറ്റാലിക് മാറ്റ് എന്നീ കളർ ഓപ്ഷനുകളിലും പ്രീമിയം മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും.

ഉയർന്ന നിലവാരമുള്ള മെറ്റൽ കെയ്‌സിംഗിൽ സ്ഥാപിച്ചിരിക്കുന്നതും ബിഎംഡബ്ല്യു ലോഗോ വഹിക്കുന്നതുമായ അനലോഗ് സ്പീഡോമീറ്റർ ഡിസ്‌പ്ലേയും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്റർ ലൈറ്റുകളുമുള്ള പുതുതായി രൂപകൽപ്പന ചെയ്‌ത വൃത്താകൃതിയിലുള്ള ഉപകരണമാണ് ക്ലാസിക് രൂപത്തിന് പൂരകമാകുന്നത്. ഡേടൈം റണ്ണിംഗ് ലൈറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക എൽഇഡി ഹെഡ്‌ലാമ്പുകളാണ് മോഡലുകൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

ബോക്‌സർ എഞ്ചിൻ പുറത്തേക്ക് തള്ളിനിൽക്കുന്നതോടെ സ്‌റ്റൈലിംഗ് സ്റ്റാൻഡേർഡ് R 9T പതിപ്പിന് അനുസൃതമായി തന്നെയാണ് നിലനിൽക്കുന്നത്. ഇത് തൽക്ഷണം തിരിച്ചറിയാവുന്ന മോട്ടോർസൈക്കിളാക്കി ഇതിനെ മാറ്റുന്നുമുണ്ട്. ഇനി എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കിയാൽ BMW R 9T സ്‌ക്രാംബ്ലറിൽ 1170 സിസി ഇരട്ട സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് ബോക്‌സർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

അത് 7,250 rpm-ൽ പരമാവധി 108 bhp കരുത്തും 6,000 rpm-ൽ 116 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈഡ്രോളിക് ആക്ച്വേറ്റഡ് ക്ലച്ചും ഷാഫ്റ്റ് ഫൈനൽ ഡ്രൈവും ഉള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് ബിഎംഡബ്ല്യു R 9T പതിപ്പിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 3.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്ക്രാംബ്ലറിന് സാധിക്കും.

ഇലക്‌ട്രോണിക്‌സ് സ്യൂട്ടിന്റെ ഭാഗമായി നിങ്ങൾക്ക് രണ്ട് റൈഡർ മോഡുകൾ ലഭിക്കുമ്പോൾ മോട്ടോർസൈക്കിളിൽ ഉയർന്ന വേഗത 200 കിലോമീറ്റർ ആയി ജർമൻ ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്. റെയിൻ ആൻഡ് റോഡ്, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാം ബിഎംഡബ്ല്യു R 9T സ്ക്രാംബ്ലർ മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻവശത്ത് 43 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബിഎംഡബ്ല്യു R 9T സ്‌ക്രാംബ്ലറിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (ASC), ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC) ഉൾപ്പെടെയുള്ള എബിഎസ് പ്രോ, യാത്രാധിഷ്ഠിത ഡാംപിംഗ് (WAD) ഉള്ള ഒരു പുതിയ സസ്പെൻഷൻ സ്‌ട്രട്ട് എന്നിവ ഇപ്പോൾ സ്റ്റാൻഡേർഡായി ലഭ്യമാണ്.

അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ട്വിൻ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 265 mm സിംഗിൾ ഡിസ്‌കും നൽകുന്നു. സ്റ്റാൻഡേർഡ് R 9T വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻവശത്ത് 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമാണ് സ്‌ക്രാംബ്ലറിൽ ഉപയോഗിച്ചിരിക്കുന്നത്. ഓൺ റോഡിൽ നിന്നും ഓഫ് റോഡിംഗിലേക്ക് എത്തുമ്പോഴും പ്രീമിയം സ്‌ക്രാംബ്ലർ മികച്ച പെർഫോമൻസാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

ബൈക്കുകൾക്ക് 'മൂന്ന് വർഷത്തേക്ക്, പരിധിയില്ലാത്ത കിലോമീറ്ററുകൾക്ക് സ്റ്റാൻഡേർഡ് വാറന്റിയും ബിഎംഡബ്ല്യു വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഒരു റോഡ് സൈഡ് അസിസ്റ്റൻസും അധിക ചിലവിൽ 24x7 365 ദിവസത്തെ പാക്കേജും മോഡലുകളിൽ ഒരുക്കിയിട്ടുണ്ട് ജർമൻ കമ്പനി.

R 9T, R 9T സ്ക്രാംബ്ലർ എന്നിവയ്‌ക്കായി ഡീലർഷിപ്പുകളിലൂടെ നിരവധി ആക്‌സസറികളും ലൈഫ്‌സ്റ്റൈൽ സംവിധാനങ്ങളും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








