വിന്റേജ് കാറിൽ കറങ്ങാനിറങ്ങിയ മുഖ്യമന്ത്രിയെ കണ്ടോ... ഈ നമ്പർപ്ലേറ്റ് പറയും കക്ഷി ആരാണെന്ന്
ഒരിടയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു നമ്മുടെ പിണറായി വിജയൻ. കൊവിഡ് മഹാമാരി സമയത്തും പ്രളയകാലത്തുമെല്ലാം നടത്തിയ മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ ഇത്രയും സ്വീകാര്യനാക്കിയത്. എന്നാൽ ഇപ്പോഴത്തെ താരം തമിഴ്‌നാട് മുഖ്യൻ എംകെ സ്റ്റാലിനാണ്. ഉറച്ച തീരുമാനങ്ങൾക്കും ജനങ്ങളെ സേവിക്കുന്നതിലും അതിവേഗം വിജയം കണ്ട സ്റ്റാലിൻ പാൻഇന്ത്യൻ ലെവലിൽ സ്റ്റാറായി നിൽക്കുകയാണ്.
മിക്ക രാഷ്ട്രീയക്കാരെയും പോലെ തന്നെ സ്റ്റാലിനും വൻ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സാധാരണയായി ലാൻഡ് റോവർ ഡിഫൻഡറിലാണ് യാത്ര ചെയ്യാറ്. പക്ഷേ ഇപ്പോൾ വ്യത്യസ്‌തമായൊരു വീഡിയോയാണ് സമൂഹമാധ്യങ്ങളിൽ ട്രെൻഡായിരിക്കുന്നത്. തന്റെ വിന്റേജ് ഫിയറ്റ് 1100 കാറിൽ സ്വയം ഡ്രൈവ് ചെയ്‌ത് സ്റ്റാലിൻ പോവുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചെന്നൈ നിരത്തുകളിലൂടെ വൻ സുരക്ഷാ അകമ്പടിയോടെയാണ് മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിൻ വിന്റേജ് കാറിൽ കറങ്ങുന്നത്. വിന്റേജ് ആൻഡ് റെയർ കാർസ് ഇന്ത്യയാണ് വീഡിയോ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ടൊയോട്ട ഇന്നോവ എംപിവികളുടെ വാഹനവ്യൂഹം അദ്ദേഹത്തിന് അകമ്പടി നൽകുന്നതും കാണാം. കാറിൽ മറ്റാരോ മന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നുണ്ടെന്നും വീഡിയോയിൽ വ്യക്തമാണ്.
സ്റ്റാലിൻ ഏറെ നാളായി നിധി പോലെ കാക്കുന്ന ഗരാജിലെ ക്ലാസിക് വാഹനമാണിത്. സിൽവർ നിറത്തിലുള്ള ഫിയറ്റ് 1100 സെഡാൻ MER 6172 രജിസ്ട്രേഷനിലാണ് ഇപ്പോഴുമുള്ളത്. കാറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വീഡിയോയിൽ നിന്ന് ലഭ്യമല്ല. എങ്കിലും ഫിയറ്റ് 1100 സൂപ്പർ സെലക്ട് വേരിയന്റാണ് മന്ത്രിയുടെ പക്കലുള്ളതെന്ന് വ്യക്തമാണ്. ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നായിരുന്നു ഇതെന്നതും ഏവർക്കും അറിയാവുന്ന കാര്യമാണ്.

അംബാസിഡർ, മാരുതി 800 പോലുള്ള കാറുകൾക്കൊപ്പം ഫിയറ്റ് 1100 മോഡലും ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രീമിയം കാറായും സ്റ്റാറ്റസ് സിമ്പലുമായാണ് അക്കാലത്ത് ഈ മോഡലിനെ കണക്കാക്കപ്പെട്ടിരുന്നത്. ചുരുക്കം ചിലർ മാത്രമാണ് ഇപ്പോഴും ഈ ഇതിഹാസ കാറിനെ മികച്ച രീതിയിൽ പരിപാലിച്ച് കൊണ്ടുനടക്കുന്നത്. പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും ഇതേ വാഹനം സ്വന്തമായുണ്ട്.
1100 സൂപ്പർ സെലക്‌ട് എന്ന സ്റ്റാലിന്റെ കാറിന് 36 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന 1,089 സിസി, 4-സിലിണ്ടർ പെട്രോൾ കാർബുറേറ്റർ എഞ്ചിനാണ് തുടിപ്പേകുന്നത്. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് അക്കാലത്തെ പവർഫുൾ മോഡൽ കൂടിയായിരുന്നു. സ്റ്റിയറിംഗ് മൗണ്ട് രീതിയിൽ ഹാൻഡ് ഗിയർ ആണ് വിന്റേജ് കാറിനുള്ളത്. എസിക്കു പകരം ചെറിയ ഫാനാണ് അക്കാലം മുതൽ ഫിയറ്റ് നൽകി വന്നിരുന്നത്. റിവേഴ്സ് ആയാണു ഡോർ തുറക്കുന്നത് എന്നതും രസകരമായ കാര്യം.

1953 മുതൽ 1969 വരെ ഫിയറ്റ് ഈ കാർ പുറത്തിറക്കിയിരുന്നത്. പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡ് വഴിയാണു ഫിയറ്റ് കാറുകൾ ഇന്ത്യയിൽ എത്തിച്ചിരുന്നത്. ഒരു ചെറിയ ഫാമിലി കാറായിരുന്നുവെങ്കിലും പണ്ടുകാലത്തെ ലക്ഷ്വറിയായിരുന്നു ഈ വിന്റേജ് മോഡൽ. എന്തായാലും സ്റ്റാലിൻ കറങ്ങാൻ ഇറങ്ങിയതോടെയാണ് ഈ പ്രതാപിയെ കുറിച്ച് ഇപ്പോൾ നാം ഓർമിക്കാൻ കാരണമായത്.
ഔദ്യോഗിക വാഹനമായി ലാൻഡ് റോവർ ഡിഫൻഡർ SE ഉപയോഗിക്കുന്ന അദ്ദേഹം വലിയ സുരക്ഷാ സന്നാഹങ്ങൾക്കൊപ്പമാണ് പൊതുവേ സഞ്ചരിക്കാറ്. സിഗ്നേച്ചർ ആർഎൽ, ഫോഗ് ലാമ്പുകൾ, 20 ഇഞ്ച് 5 സ്‌പോക്ക്, ഗ്ലോസ് സ്പാർക്കിൾ സിൽവർ അലോയ് വീലുകൾ, ഓട്ടോ ലെവലിംഗ് മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ലാൻഡ് റോവർ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തെ വേറിട്ടു നിർത്തുന്ന സവിശേഷതകളാണ്.

അകത്തേക്ക് കയറിയാലും സംഭവം കളറാണ്. വൈദ്യുതപരമായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് കോളം, പ്രീമിയം കാബിൻ ലൈറ്റിംഗ്, 2-വേ മാനുവൽ ഹെഡ്‌റെസ്റ്റുകളുള്ള 12-വേ ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഗ്രെയ്ൻഡ് ലെതർ ഫ്രണ്ട് സീറ്റുകൾ. ലാൻഡ് റോവർ ഡിഫൻഡർ 110 SE വേരിയന്റിൽ ഒരു മെറിഡിയൻ സൗണ്ട് സിസ്റ്റം, 10 സ്പീക്കർ സെറ്റപ്പ് പോലുള്ള യാത്രയെ ആനന്ദകരമാക്കാനുള്ള ഫീച്ചറുകളും ഇതിലുണ്ട്.
ഇതിനു പുറമെ മറ്റ് ആഡംബര കാറുകളും തമിഴ്‌മാട് മുഖ്യന്റെ ഗരാജിലുണ്ട്. ഡിഫൻഡറിന് പുറമെ റേഞ്ച് റോവർ എസ്‌യുവി, ലെക്സസ് LX 470 പോലുള്ള കിടിലൻ മോഡലുകളിലും അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്. വിന്റേജ് കാറുകൾ മെയിന്റനൻസ് ചെയ്‌ത് കൊണ്ടുപോവുന്ന പാട് എന്തായാലും ഈ ലക്ഷ്വറി കാറുകൾക്കില്ലെന്നതാണ് സ്റ്റാലിന് ആശ്വാസം. എങ്കിലും നല്ലൊരു വണ്ടി ഭാന്ത്രൻ ആയതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും വിന്റേജ് കാർ പൊന്നുപോലെ കൊണ്ടുനടക്കുന്നത്.


Click it and Unblock the Notifications








