ഇക്കാര്യത്തിൽ മമ്മൂട്ടിക്കും ദുൽഖറിനും പോലും അടുക്കാനാവില്ല, കാർ സ്റ്റാർട്ട് ചെയ്‌ത് വൈറലായ സൂപ്പർനായകനെ കണ്ടോ
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഫാൻബേസുള്ള നടൻ വിജയ് ആണെങ്കിൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു തല എന്നുവിളിക്കുന്ന അജിത് കുമാർ. ബില്ല, മങ്കാത്ത പോലെയുള്ള സിനിമകളിലൂടെ കേരളത്തിലും വലിയ ആരാധവൃന്ദത്തെ സൃഷ്‌ടിച്ച താരം സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് വണ്ടികൾക്കൊപ്പമാണ്. ഈ മേഖലയിൽ പുതിയ വണ്ടികൾ വാങ്ങിക്കൂട്ടുന്ന വണ്ടിഭ്രാന്തനല്ല കക്ഷി. നല്ല ഒന്നാന്തരം റേസിംഗ് പ്രേമി കൂടിയാണ്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തിയാണ് അജിത്ത്. അടുത്തിടെ സ്വന്തമായി റേസിംഗ് ടീമിനെ വരെ തല പ്രഖ്യാപിക്കുകയുണ്ടായി.
യാത്രകൾ എന്നും ഇഷ്‌ടപ്പെടുന്ന ഇദ്ദേഹം യുവതലമുറയോട് എന്നും ആവശ്യപ്പെടുന്ന കാര്യവും യാത്രകൾ ചെയ്യാനാണ്. ലോകത്തുടനീളം അജിത് നടത്തിയിട്ടുള്ള യാത്രകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ നിറയാറുണ്ട്. വിടാമുയർച്ചിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരമെങ്കിലും അടിക്കടി വണ്ടികളോടുള്ള താത്പര്യം കാരണം പുതിയ വാഹനങ്ങൾ നോക്കാൻ ഷോറൂമുകളിലെല്ലാം പോവാറുമുണ്ട്.

ഇപ്പോഴിതാ മക്ലാരൻ 750S സ്പൈഡർ സൂപ്പർകാറിൽ കയറിയിരിക്കുന്ന നടന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലായിരിക്കുന്നത്. അമുതഭാരതി തൻ്റെ എക്‌സ് പ്രൊഫൈലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്ലാരൻ സൂപ്പർകാറിൻ്റെ ഡ്രൈവർ സീറ്റിൽ അജിത് കുമാർ ഇരിക്കുന്നത് വീഡിയോയിൽ കാണാം. വണ്ടി സ്റ്റാർട്ടാക്കി കാല് കൊടുക്കുന്നതും താരം ആസ്വദിക്കുന്ന കാഴ്ച്ചയും രസകരമാണ്.
സംഭവം ഇന്ത്യയിലല്ലെന്നാണ് വിവരം. സ്റ്റാർട്ടാക്കിയതിന് ശേഷം ഡീലർഷിപ്പിലെ എക്‌സിക്യൂട്ടീവിനോട് അജിത് എന്തോ ചോദിക്കുന്നതും വീഡിയോയിൽ കാണാം. സൂപ്പർകാറിന്റെ എഞ്ചിൻ ശബ്‌ദത്തിൽ തൃപ്‌തനായ താരം ക്യാമറ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്. അടുത്തിടെ ഫെറാറി SF90 സ്ട്രാഡേൽ തമിഴ് നായകൻ സ്വന്തമാക്കിയിരുന്നു. ആയതിനാൽ ഇത് വാങ്ങിയതാണെന്ന് തോന്നുന്നില്ല. ഇനി മക്ലാരൻ വാങ്ങാൻ തീരുമാനിച്ചാലും അത് ഇന്ത്യയിലേക്കാൾ ദുബായിൽ ഉപയോഗിക്കാനാണ് സാധ്യതയും.

ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ കാറിൻ്റെ വില വളരെ കുറവായിരിക്കും. ജനപ്രിയമായ 720S മോഡലിന്റെ പിൻഗാമിയാണ് ഏറ്റവും പുതിയ മക്ലാരൻ 750S. രണ്ട് മോഡലുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും ആധുനിക കാലത്തിനൊത്ത മാറ്റങ്ങളെല്ലാം വാഹനത്തിൽ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. അതിൽ വലിയ സ്‌പ്ലിറ്റർ ഉള്ള ഒരു പുതിയ ഫ്രണ്ട് ബമ്പർ, മെച്ചപ്പെട്ട കൂളിംഗിനുള്ള വലിയ ഇൻടേക്കുകൾ, ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാമാണ് ആ പരിഷ്ക്കാരങ്ങൾ.
എയർ ഡാമുകളുള്ള വലിയ സ്‌പ്ലിറ്റർ, പുതിയ വീൽ ആർച്ച് വെൻ്റുകൾ, വിപുലീകരിച്ച റിയർ ഡെക്ക്, പിന്നിൽ ഒരു വലിയ ആക്ടീവ് വിംഗുകൾ എന്നിവയും കാറിന്റെ ഡിസൈനിനെ പൂരകമാക്കുന്നു. കാറിനുള്ളിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നിയേക്കില്ല. മക്ലാരൻ 750S സ്പൈഡറിന്റെ ഡാഷ്‌ബോർഡും ഇൻ്റീരിയറും മുഴുവൻ നാപ്പാ ലെതർ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം.

ഫീച്ചറുകളുടെ കാര്യത്തിൽ ഇതിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ലംബമായി അടുക്കിയിരിക്കുന്ന 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബോവേഴ്‌സ് ആൻഡ് വിൽക്കിൻസിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ പോലുള്ള സവിശേഷതകളാണ് മക്ലാരൻ ഒരുക്കിയിരിക്കുന്നത്.
750 bhp പവറിൽ പരമാവധി 800 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോ ഫ്ലാറ്റ്-പ്ലെയ്ൻ V8 എഞ്ചിനാണ് മക്ലാരൻ സൂപ്പർകാറിന്റെ ഹൃദയം. സെവൻ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ വലിയ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഈ സൂപ്പർകാറിന് നിശ്ചലാവസ്ഥയിൽ നിന്ന് 2.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.
അതേസമയം 331 കിലോമീറ്റർ വേഗതയാണ് മക്ലാരൻ സൂപ്പർകാറിന് പരമാവധി കൈവരിക്കാനാവുന്ന വേഗം. അങ്ങനെ ഇത് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ശക്തമായ പ്രൊഡക്ഷൻ കാറായി മാറുന്നു. ഇന്ത്യയിൽ പുതിയ 750S സ്പൈഡറിന് 5.90 കോടി രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിൽ കോടികള്‍ വിലമതിക്കുന്ന ഫെറാറി, ലംബോര്‍ഗിനി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെർസിഡീസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളുടെ ഉടമ കൂടിയാണ് അജിത് കുമാർ.


Click it and Unblock the Notifications








