ഡീസൽ എഞ്ചിനും കിടിലൻ സേഫ്റ്റിയും; ഈ കോമ്പോയിൽ വാങ്ങാവുന്ന തകർപ്പൻ വാഹനങ്ങളിതാ...
സുരക്ഷിതമായ ഒരു കാർ വാങ്ങുക എന്നത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ ഉയർന്ന മുൻഗണനയായി മാറുകയാണ്. മിക്കവരും ഇപ്പോൾ ഒരു കാർ വാങ്ങാനെത്തുമ്പോൾ അതിന്റെ സേഫ്റ്റിയെ പറ്റി ഒന്നു പഠിച്ചിട്ടാവും ആ മോഡൽ പരിഗണിക്കുക തന്നെ. റോഡിൽ ഇറങ്ങിയാൽ ചെറിയ തട്ടലോ മുട്ടലോ ഒരു കൂട്ടയിടിയോ ഒക്കെ പ്രതീക്ഷിക്കാം.
ഇങ്ങനെയുള്ള അവസരത്തിലാണ് സേഫ്റ്റി ഫീച്ചറുകൾ കൂടുതലുള്ള കാറുകൾക്ക് പ്രസക്തി വരുന്നതും. കൂടുതൽ ഓട്ടമുള്ള ഒരു വീട്ടിലേക്ക് കാർ വാങ്ങുന്നവരാണെങ്കിൽ ഇപ്പോഴും പലരും ഡീസൽ കാറുകൾക്ക് തന്നെയാണ് മുൻഗണന നൽകുന്നത്. ഉയർന്ന മൈലേജും കാര്യക്ഷമതയുമാണ് ഓയിൽ ബർണർ മോഡലുകളെ ഇഷ്‌ടപ്പെടാനുള്ള കാരണം. ഇന്നും എസ്‌യുവി വിപണിയിൽ ഡീസൽ കാറുകൾക്കാണ് ആധിപത്യമുള്ളത്. എങ്കിലും ഡീസൽ എഞ്ചിനും സേഫ്റ്റിയും ഒരേ പോലെ വാഗ്‌ദാനം ചെയ്യുന്ന മോഡലുകൾ പൊതുവേ കുറവാണല്ലേ...

ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം എന്നറിയപ്പെടുന്ന GNCAP ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന വിപണികളിൽ നിന്നുള്ള പുതിയ കാറുകൾ ക്രാഷ് ടെസ്റ്റ് ചെയ്യുന്ന ഒരു സ്ഥാപനമാണ്. പുതിയ മോഡലുകളുടെ സുരക്ഷ വിലയിരുത്തുന്നതിന് ഇത് ഒരു സ്റ്റാർ റേറ്റിംഗ് ഉപയോഗിക്കുന്നു. കൂടാതെ മറ്റ് പാരാമീറ്ററുകൾക്കിടയിൽ മുതിർന്നവരുടെ സംരക്ഷണത്തിനും കുട്ടികളുടെ സംരക്ഷണത്തിനും പ്രത്യേക റേറ്റിംഗുകളും നൽകുന്നു. GNCAP റേറ്റിംഗ് പ്രകാരം ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ ഡീസൽ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
മഹീന്ദ്ര XUV300
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന മഹീന്ദ്രയുടെ ആദ്യ സബ് ഫോർ മീറ്റർ എസ്‌യുവിയാണ് XUV300. പ്രായപൂർത്തിയായവർക്കായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും (സ്‌കോർ 16.42/17) കുട്ടികളുടെ സംരക്ഷണത്തിനായി 4-സ്റ്റാർ റേറ്റിംഗുമാണ് (സ്‌കോറിംഗ് (37.44/49) വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി സെഗ്‌മെന്റിനായി മികച്ച ഒരു കൂട്ടം സവിശേഷതകളും മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ.
115 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് XUV300 എസ്‌യുവിയുടെ ഹൃദയം. ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. സുരക്ഷയുടെ കാര്യത്തിൽ XUV300 ആറ് എയർബാഗുകൾ, നാല് ഡിസ്‌ക് ബ്രേക്കുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, കോർണറിങ് ഫംഗ്‌ഷൻ, മുന്നിലും പിന്നിലും ഫോഗ് ലാമ്പുകൾ, ISOFIX ആങ്കറേജ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എല്ലാ യാത്രക്കാർക്കുമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
ടാറ്റ ആൾട്രോസ്
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച ഏക ഇന്ത്യൻ നിർമിത പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. മുതിർന്നവരുടെ സംരക്ഷണ വിഭാഗത്തിൽ ടാറ്റ ആൾട്രോസ് 5-സ്റ്റാർ റേറ്റിംഗ് നേടി. പരമാവധി 17 പോയിന്റിൽ 16.13 പോയിന്റാണ് വാഹനം ഇവിടെ നേടിയെടുത്തത്. അതേസമയം കുട്ടികളുടെ സംരക്ഷണത്തിൽ ആൾട്രോസിന് മികച്ച സ്കോർ നേടാനായില്ലെന്നത് ഒരു പോരായ്‌മയാണ്. ഈ വിഭാഗത്തിൽ ത്രീ സ്റ്റാർ റേറ്റിംഗ് മാത്രമാണ് 29/49) കാറിന് ഉറപ്പാക്കാനായത്.
രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ ക്യാമറ, മുൻ സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഐസോഫിക്സ് ചൈൽഡ്-സീറ്റ് മൗണ്ടുകൾ എന്നിവയാണ് പ്രീമിയം ഹാച്ചിലെ പ്രധാന സുരക്ഷാ ഫീച്ചറുകൾ. 90 bhp പവറിൽ 200 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫർ ഡീസൽ എഞ്ചിനാണ് ടാറ്റ ആൾട്രോസിന് കരുത്തേകുന്നത്. ഇതിനു പുറമെ ഒരു 1.2 ലിറ്റർ പെട്രോൾ എഞ്ചിനും വാഹനത്തിലുണ്ട്.
ടാറ്റ നെക്സോൺ
ടാറ്റയുടെ ആദ്യ എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കാറും കൂടിയാണിത് എന്നതും ഹൈലൈറ്റാണ്. നെക്‌സോണിന് തുടക്കത്തിൽ 4-സ്റ്റാർ റേറ്റിംഗായിരുന്നു ലഭിച്ചത്. എന്നാൽ ഇതിനു ശേഷം ബ്രാൻഡ് മോഡൽ അപ്‌ഗ്രേഡ് ചെയ്യുകയും രണ്ടാം റൗണ്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. അവിടെ മുതിർന്നവരുടെ സംരക്ഷണ വിഭാഗത്തിൽ (16.06/17) 5 സ്റ്റാർ നേടിയാണ് മടങ്ങിയത്. ആൾട്രോസിനെപ്പോലെ, കുട്ടികളുടെ സംരക്ഷണത്തിൽ നെക്‌സോണും മികച്ച സ്‌കോർ നേടിയില്ല. ത്രീ സ്റ്റാർ റേറ്റിംഗ് (25/49) മാത്രമാണ് കോംപാക്‌ട് എസ്‌യുവിക്ക് നേടാനായത്.
108 bhp കരുത്തിൽ 260 Nm torque നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് നെക്‌സോണിന്റെ ഹൃദയം. കൂടാതെ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയെടുക്കാനും സാധിക്കും. രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് ടാറ്റ നെക്സോണിലെ സുരക്ഷാ ഫീച്ചറുകൾ.
മഹീന്ദ്ര XUV700
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ അഞ്ചാമത്തെ ഇന്ത്യൻ കാറാണ് മഹീന്ദ്ര XUV700. പരമാവധി 17 പോയിന്റിൽ 16.03 സ്‌കോറോടെ മുതിർന്നവരുടെ സംരക്ഷണ വിഭാഗത്തിന് ആകർഷകമായ 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണ വിഭാഗത്തിൽ പരമാവധി 49 പോയിന്റിൽ 41.66 പോയിന്റുമായി 4-സ്റ്റാർ റേറ്റിംഗും നേടാൻ XUV700 മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് കഴിഞ്ഞു. രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള മോഡലിൽ ഒന്നു കൂടിയാണ് XUV700.
XUV700 എസ്‌യുവിക്ക് കരുത്തേകുന്നത് 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. ഇത് 182 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കുന്നു. കൂടാതെ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ ലഭ്യമാണ്. ഏഴ് എയർബാഗുകളും ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ്‌സ് അസിസ്റ്റ്, സ്‌മാർട്ട് പൈലറ്റ് അസിസ്റ്റ്, ഓട്ടോ ഹൈ-ബീം, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ നൂതന ഡ്രൈവർ എയ്ഡുകളും ഉൾപ്പെടുന്ന നിരവധി സുരക്ഷാ ഫീച്ചറുകൾ XUV700-യിൽ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്ര മറാസോ
സെഗ്മെന്റിലെ ഏറ്റവും അണ്ടർറേറ്റഡ് എംപിവികളിൽ ഒന്നാണ് മഹീന്ദ്ര മറാസോ. മുതിർന്നവർക്കുള്ള സംരക്ഷണ വിഭാഗത്തിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയ ഈ മൾട്ടി പർപ്പസ് വാഹനം പരമാവധി 17 പോയിന്റിൽ 12.85 പോയിന്റ് നേടി. 2-സ്റ്റാർ റേറ്റിംഗ് (22.22/49) ഉറപ്പാക്കിക്കൊണ്ട് മറാസോ കുട്ടികൾക്കുള്ള സംരക്ഷണത്തിൽ മികച്ച സ്കോർ നേടിയില്ലെന്നതു മാത്രമാണ് ഒരു പോരായ്‌മ. 120 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറാസോയിലുള്ളത്. കൂടാതെ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് തെരഞ്ഞെടുക്കാനാവുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, 4 ഡിസ്‌ക് ബ്രേക്കുകൾ, ISOFIX മൗണ്ടുകൾ, TCS, ഇബിഡി ഉള്ള എബിഎസ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ മറാസോയ്ക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








