കടുവ മുതൽ കാട്ടുകുതിര വരെ, മൃഗങ്ങളിൽ നിന്നും പേര് സ്വീകരിച്ച കിടിലൻ വാഹനങ്ങൾ
ഡിസൈനിലായാലും എഞ്ചിനിലായാലും പെർഫോമൻസിലായാലും ഫീച്ചറുകളിലായാലും ഏവരേയും തൃപ്ത്തിപ്പെടുത്തിയാൽ മാത്രമേ ഒരു കാറിന് വിപണിയിൽ വിജയം കണ്ടെത്താനാവൂ. പല രുചിക്കൂട്ടുകൾ ഒന്നിച്ചു ചേർന്നാൽ മാത്രമേ ആളുകളെ കൈയിലെടുക്കാനാവൂവെന്ന് സാരം. ഇതിൽ ഡിസൈൻ എടുത്തു കഴിഞ്ഞാൽ ലോകത്തെ ഏത് മോഡലിനും തങ്ങളുടേതായ തനത് ശൈലിയാവും ഉണ്ടാവുക.
ഒരു കാർ ഡിസൈൻ ചെയ്‌ത് എടുക്കാൻ പല സംഭവങ്ങളും ഡിസൈനർമാർ പരിഗണിക്കാറുണ്ട്. തങ്ങളുടെ കാറുകൾക്ക് അവരുടേതായ വ്യക്തിത്വം നൽകാൻ ശ്രമിക്കുന്ന വാഹന നിർമാതാക്കൾ മൃഗങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കി വരെ കാറുകൾ നിർമിക്കാറുണ്ടെന്നതാണ് രസകരമായ കാര്യം. ഡിസൈൻ മാത്രമല്ല, സ്വഭാവ സവിശേഷകൾ വരെ അനുസരിച്ചാണ് കാറുകൾക്ക് പേര് വരെ നൽകുന്നതും. അത് ഇന്ത്യയിലായാലും ലോകത്തിന്റെ ഏത് കോണിലായാലും ഈ പ്രക്രിയ കാണാം. മൃഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്നതോ അല്ലെങ്കിൽ പേരിട്ടിരിക്കുന്നതോ ആയ കാറുകളെയും ബൈക്കുകളെയും നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ടാറ്റ ആൽട്രോസ്
ഇന്ത്യയിൽ ഏറെ ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നായ ടാറ്റ ആൽട്രോസ് ആൽബട്രോസ് പക്ഷിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. വളരെദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാൻ ഇവയ്ക്കു കഴിയും. ടാറ്റ തങ്ങളുടെ കാറിന് ഈ കടൽപ്പക്ഷിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആൽട്രോസ് എന്ന പേര് സമ്മാനിച്ചത്. ഒഴുകിയിറങ്ങുന്ന മോഡലിന്റെ ഡിസൈനും ഈ പക്ഷിയോട് സാദൃശ്യമുള്ളതാണ്.
ടാറ്റ ഹാരിയർ
വീണ്ടും ഒരു ഇരപിടിയൻ പക്ഷിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹാരിയർ എസ്‌യുവിക്കും ടാറ്റ പേര് നൽകിയിരിക്കുന്നത്. ഒരു തരം പകൽ പരുന്തുകളാണിവ. അവർ സാധാരണയായി തുറന്ന നിലത്തിന് മുകളിലൂടെ പറന്ന് വേട്ടയാടുകയും ചെറിയ സസ്തനികൾ, ഉരഗങ്ങൾ അല്ലെങ്കിൽ പക്ഷികൾ എന്നിവ ഭക്ഷിക്കുകയും ചെയ്യുന്നു. റാപ്‌റ്റർ എന്ന വാക്ക് ലാറ്റിൻ റേപ്പേറിൽ നിന്നാണ് ഉത്ഭവിച്ചത്. പിടിച്ചെടുക്കുക അല്ലെങ്കിൽ കൊള്ളയടിക്കുക എന്നതാണ് ഇതിന്റെ അർഥം.

മഹീന്ദ്ര XUV500, XUV700
മഹീന്ദ്ര തങ്ങളുടെ XUV ശ്രേണിയിലുള്ള എസ്‌യുവികളെ ചീറ്റയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത കാലം വരെ ഇന്ത്യയിൽ പോലുമില്ലായിരുന്ന ചീറ്റകൾ കരയിലെ ഏറ്റവും വേഗതയേറിയ മൃഗമായാണ് അറിയപ്പെടുന്നത്. മണിക്കൂറിൽ 98 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഇവയുടെ രൂപത്തോട് അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര ആദ്യത്തെ XUV500 ഡിസൈൻ ചെയ്‌തിരിക്കുന്നതു വരെ. പിന്നീടെത്തിയ XUV ശ്രേണി വാഹനങ്ങൾക്ക് ഇവയുടെ സ്വഭാവ സവിശേഷതകളും കമ്പനി നൽകുകയുണ്ടായി.
ഫോർഡ് മസ്‌താംഗ്
കാട്ടു കുതിരയുമായാണ് ഫോർഡ് മസ്‌താംഗ് ബന്ധപ്പെട്ടു കിടക്കുന്നത്. സ്റ്റൈലിഷും വേഗതയേറിയതുമായ മസ്‌താംഗ് ഈ രണ്ട് കാര്യത്തിലും കാട്ടു കുതിരയോട് സാമ്യമുള്ളതാണ്. ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. ഏകദേശം 390 bhp കരുത്തിൽ വരെ പായാൻ കാറിനാവുകയും ചെയ്യും.

ഫോക്‌സ്‌വാഗൺ ടിഗുവാൻ
ടൈഗർ, ഇഗ്വാന എന്നീ രണ്ട് മൃഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടിഗുവാൻ എസ്‌യുവിക്ക് ഫോക്‌സ്‌വാഗൺ പേര് നൽകിയത്. ഒരു നിമിഷം കൊണ്ട് നിറം മാറുന്നതും ക്രൂരനായ കടുവയുടെ ശക്തിയുള്ളതുമായ എസ്‌യുവിയുടെ ഇഗ്വാന സവിശേഷതകൾ എടുത്തുകാണിക്കുന്നതിനാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് യുഎസിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായും ഇത് മാറിയിരുന്നു.
ഫോക്‌സ്‌വാഗൺ ബീറ്റിൽ
ഇന്ത്യയിലും വിറ്റഴിക്കപ്പെട്ട മറ്റൊരു ഐക്കണിക്ക് കാറുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ ബീറ്റിൽ. വാഹനത്തിന്റെ രണ്ടാം തലമുറ മോഡലും മൂന്നാം തലമുറ ആവർത്തനവും പരിമിതമായ സമയത്തേക്ക് നമ്മുടെ വിപണിയിലും ലഭ്യമായിരുന്നു. പ്രാണികളുടെ ചിറകുകളെ അനുകരിക്കുന്ന ക്ലാംഷെൽ രൂപകൽപ്പനയ്ക്ക് ഇത് പേരുകേട്ടതാണ്. വണ്ടിന്റെ ആകൃതിയുള്ളതിനാൽ എളുപ്പത്തിൽ ആളുകളുടെ മനസിൽ കുടിയിരിക്കാനും ഈ മോഡലിനായിട്ടുണ്ട്.

സുസുക്കി ഹയബൂസ
പെരെഗ്രിൻ ഫാൽക്കണിന്റെ പേരിലാണ് ഹയബൂസ സൂപ്പർ സ്‌പോർട്‌സിന് പേര് നൽകിയിരിക്കുന്നത്. ഇടത്തരം വലിപ്പമുള്ള പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയെപ്പോലും സാധാരണയായി വേട്ടയാടുന്ന, ബഹുമാനിക്കപ്പെടുന്ന ഒരു പക്ഷിയാണിത്. ഇന്ത്യയിലെ സൂപ്പർ ബൈക്കുകളുടെ താരരാജാവായാണ് ഈ ഇതിഹാസ മോഡൽ അറിയപ്പെടുന്നത്. ധൂം എന്ന ചിത്രത്തിന് ശേഷമാണ് സുസുക്കി ഹയബൂസ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ ജനപ്രിയമായത്.
റോയൽ എൻഫീൽഡ് തണ്ടർബേർഡ്
റോയൽ എൻഫീൽഡിന്റെ ആദ്യ ആധുനിക കാലത്തെ ക്രൂയിസർ ബൈക്കായിരുന്ന തണ്ടർബേർഡിനും പുരാണ പക്ഷിയായി അറിയപ്പെടുന്ന തണ്ടർബേർഡിന്റെ പേരാണ് നൽകിയിരുന്നത്. ഇടിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന കൂറ്റൻ ചിറകുകളുള്ള പക്ഷിയാണിത്. തദ്ദേശീയരായ അമേരിക്കക്കാർ തണ്ടർബേർഡിനെ അമാനുഷിക ജീവി എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സ്വഭാവ സവിശേഷതകൾക്കിണങ്ങുന്ന വാഹനമായിരുന്നു ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ ഈ ബൈക്ക്.

ജാഗ്വർ
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വർ തങ്ങളുടെ ബ്രാൻഡിന് പേര് നൽകിയിരിക്കുന്നത് തന്നെ ഈ ഭൂമിയിലെ ഏറ്റവും ഗാംഭീര്യമുള്ള പുലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. മുഴുവൻ മോഡൽ നിരയിലും ചീറ്റപ്പുലിയെ ഓർമപ്പെടുത്തുന്ന ഹെഡ്‌ലൈറ്റുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രാൻഡ് ലോഗായിലും ചീറ്റിയെത്തുന്ന മൃഗത്തെ കൊത്തിവെച്ചിരിക്കുന്നതും കാണാം.
പോർഷ മകാൻ
ഏറ്റവും പുതിയ പോർഷ എസ്‌യുവികളിലൊന്നായ മകാൻ ഇന്തോനേഷ്യൻ കടുവയുടെ നാമത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ജർമൻ വാഹന നിർമാതാക്കൾ പറയുന്നതനുസരിച്ച് ഈ പേര് എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതാണ്. സപ്ലിനെസ്, പവർ, ആകർഷണം, ഡൈനാമിക്‌സ് എന്നിവയിലെല്ലാം ഇന്തോനേഷ്യൻ കടുവയുടെ അതേ സവിശേഷതകൾ ഈ ആഡംബര സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിനുണ്ടെന്ന് സാരം.

ലംബോർഗിനി ഉറൂസ്
ലംബോർഗിനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉറുസ് എസ്‌യുവിക്ക് ഒരു തരം വൈൽഡ് ഓറോക്‌സിന്റെ പേരാണ് നൽകിയിരിക്കുന്നത്. പശുവിന്റെ വന്യ പൂർവ്വികരായി കണക്കാക്കപ്പെടുന്ന വംശനാശം സംഭവിച്ച കന്നുകാലി ഇനമാണ് ഓറോക്‌സ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഇനത്തിന് വംശനാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഉറൂസ് അതിന്റെ വലിപ്പമേറിയതും വന്യവുമായ സവിശേഷതകളെ സൂചിപ്പിക്കുന്നതുമാണെന്നാണ് ഇറ്റാലിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ന് ഇന്ത്യയിലുൾപ്പടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലംബോ കാറുകൾ ഒന്നുകൂടിയാണ് ഉറൂസ്.
മഹീന്ദ്ര എംഹോക്ക്, എംസ്റ്റാലിയൻ എഞ്ചിനുകൾ
നമ്മുടെ രാജ്യത്തെ വാഹനങ്ങളുടെ എഞ്ചിനുകൾ പോലും മൃഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മഹീന്ദ്രയുടെ 2.0 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ XUV, സ്കോർപിയോ, ഥാർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കാണാനാവും. 1.2 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ XUV300 പോലെയുള്ളവയ്ക്കാണ് തുടിപ്പേകുന്നത്. ഇന്ന് രാജ്യത്തെ എല്ലാ മഹീന്ദ്ര കാറുകൾക്കും ഈ ശ്രേണിയിൽ നിന്നുമാണ് എഞ്ചിനുകൾ എത്തുന്നത്.


Click it and Unblock the Notifications








