ടാറ്റ പഞ്ചിൽ 700 കിലോ ലോഡ് കയറ്റി ഉടമ, എന്നിട്ടും കിട്ടയതോ 18 കി.മീ. മൈലേജും! പക്ഷേ സംഭവം സേഫല്ല
നിലവിൽ ബജറ്റ് കാർ നിരയിലെ ഏറ്റവും ജനപ്രിയമായ വാഹനം ഏതെന്നു ചോദിച്ചാൽ ഏവരും ടാറ്റ പഞ്ച് എന്ന പേര് പറഞ്ഞേക്കാം.മാന്യമായ ഗ്രൗണ്ട് ക്ലിയറൻസും മികച്ച 5-സ്റ്റാർ ക്രാഷ് സുരക്ഷയുമുള്ള ഒരു ചെറിയ കാർ അല്ലെങ്കിൽ എസ്‌യുവിയാണ് പഞ്ച്. എന്നാൽ ഇത് ഒരു വാണിജ്യ വാഹനമായി നിങ്ങൾക്ക് എപ്പോഴെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ?
അതെന്താന്നോ... തലക്കെട്ടിൽ പറഞ്ഞതുപോലെ ടാറ്റ പഞ്ചിന്റെ ഉടമകളിൽ ഒരാൾ 700 കിലോ ലോഡ് വാഹനത്തിൽ കയറ്റിയ സംഭവം ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാവുന്നതുകൊണ്ടാണ് ഈ ചോദ്യം ചോദിച്ചത്. പഞ്ചിനെ ഒരു ഫ്ലാറ്റ്ബെഡ് വാണിജ്യ ട്രക്കാക്കി മാറ്റിയിട്ടൊന്നുമില്ല. ഉടമ വണ്ടിയുടെ അകത്ത് സീറ്റിൽ ഉൾപ്പടെ ഓറഞ്ച് കുത്തിനിറച്ചു കൊണ്ടുപോവുന്നതാണ് സംഭവം. 700 കിലോഗ്രാം പേലോഡുമായി, 125 കിലോമീറ്റർ ദൂരത്തേക്കാണ് ഈ ലോഡ് കൊണ്ടുപോയത്. ഈ സുരക്ഷിതമല്ലാത്ത പ്രവൃത്തിയിൽ 18 കിലോമീറ്റർ മൈലേജും ലഭിച്ചതായി ഉടമ അവകാശപ്പെടുന്നു.

ടാറ്റ പഞ്ച് ഉടമ ക്യാബിനിൽ തടികൊണ്ടുള്ള പെട്ടികളും മുകളിൽ പ്ലാസ്റ്റിക് ക്രേറ്റുകളും കൊണ്ട് നിറച്ചിരിക്കുന്നതായി ചിത്രത്തിൽ നിന്നും കാണാനാവും. അവയിലെല്ലാം ഓറഞ്ചാണ് നിറച്ചിരിക്കുന്നത്. ബൂട്ടിൽ പഴങ്ങൾ നിറച്ച കാർഡ്ബോർഡ് പെട്ടികളും ഒരു കൂട്ടം പപ്പായകളും അടുക്കി വച്ചിരിക്കുന്നതും കാണാം. മുകളിൽ പ്ലാസ്റ്റിക് ക്രേറ്റുകളുമുണ്ട്. തീർത്തും സുരക്ഷിതമല്ലാത്ത രീതിയിലാണ് ഈ വാഹനം ഓടിച്ചിരിക്കുന്നതെന്നു വേണം പറയാൻ. പഞ്ച് ഡ്രൈവർക്ക് മാത്രമല്ല, ചുറ്റുമുള്ള കാറുകൾക്കും അപകടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം യാത്രകൾ നാം ഒഴിവാക്കേണ്ടതാണ്.
ഇത്തരം ആവശ്യങ്ങൾക്കായാണ് വാണിജ്യ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ ഉപയോഗിക്കുന്നത്. സുരക്ഷിതമായി കാർ ഓടിച്ചാൽ മാത്രം പോരാ, സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കേണ്ടതും വളരെ ആവശ്യമായ കാര്യമാണ്. നിയമം പരാമർശിക്കുന്ന വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുക, ടയർ മർദ്ദം നിലനിർത്തുക, പറഞ്ഞിരിക്കുന്ന മൊത്ത വാഹന ഭാരത്തിന് മുകളിൽ പോകാതിരിക്കുക, യാത്രക്കാർക്ക് പകരം സാധനങ്ങൾ കൊണ്ടുപോകാതിരിക്കുക തുടങ്ങിയവയെല്ലാം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. സാധനങ്ങളോ ചരക്കുകളോ സുരക്ഷിതമായ രീതിയിൽ കൊണ്ടുപോവുന്നതിനാണ് വാണിജ്യ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാണിജ്യ വാഹനങ്ങളിൽ ലോഡ് ബെഡ് പുറകിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിന് അതിന്റേതായ വലിപ്പവും സുരക്ഷിതത്വവും ഉണ്ട്. ഈ ലോഡിനൊപ്പം യാത്രചെയ്യാൻ പാസഞ്ചർ പാസഞ്ചർ കമ്പാർട്ട്മെന്റും ലോഡ് ബേയും തമ്മിൽ വ്യക്തമായ വിടവുണ്ട്. ലോഡ് ഏരിയയും പാസഞ്ചർ കമ്പാർട്ട്മെന്റും എല്ലായ്പ്പോഴും വേർതിരിക്കപ്പെടുന്നത് പ്രത്യേക സുരക്ഷക്കായാണ്. സാധനങ്ങൾ കയറ്റേണ്ടിടത്ത് സാധനങ്ങളും ആളുകളെ കയറ്റേണ്ടിടത്ത് ആളുകളേയുമാണ് കയറ്റേണ്ടത് എന്ന് ഇതിലൂടെ മനസിലാക്കാം. ഇവ ഇങ്ങനെ രൂപകൽപന ചെയ്തതിന് ഒരു കാരണമുണ്ട്.
പാനിക് ബ്രേക്കിംഗ് അല്ലെങ്കിൽ ക്രാഷ് സംഭവിക്കുമ്പോൾ സ്റ്റാറ്റിക് പേലോഡിന്റെ ആക്കം ഡ്രൈവറും യാത്രക്കാരും ഇരിക്കുന്ന മുൻവശത്തേക്ക് മാറ്റുന്നു. യാത്രക്കാർക്കും പേലോഡിനും ഇടയിൽ തടസങ്ങളൊന്നും ഇല്ലെങ്കിൽ സുരക്ഷാ വീക്ഷണകോണിൽ അത് അങ്ങേയറ്റം അപകടകരമാണ്. മാരുതി സുസുക്കി ഇക്കോ, ടാറ്റ വിംഗർ തുടങ്ങിയ കാർഗോ വാനുകളിൽ പോലും യാത്രക്കാരും പേലോഡും തമ്മിലുള്ള തടസമായി പ്രവർത്തിക്കുന്ന ഉറച്ച ഘടനകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രാ വാഹനങ്ങൾക്കു പകരം ചരക്ക് ഗതാഗതം വാണിജ്യ വാഹനങ്ങളിൽ ഒതുങ്ങേണ്ടതിന്റെ കാരണം ഇതാണ്.

ലളിതമായി പറഞ്ഞാൽ പാസഞ്ചർ വാഹനങ്ങൾ ക്യാബിനിൽ സാധനങ്ങൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് പഞ്ച്. ആൾട്രോസിലും ടിയാഗോയിലും ടിഗോറിലും എല്ലാം കണ്ടുവരുന്ന ഒരേ 1.2 ലിറ്റർ റെവൊട്രോണ്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിലും പ്രവർത്തിക്കുന്നത്. ഇത് 85 bhp കരുത്തിൽ പരമാവധി 113 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. എഎംടി ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.
ടാറ്റ പഞ്ച് മാനുവൽ മോഡലുകൾക്ക് 6.85 ലക്ഷം മുതല്‍ 8.03 ലക്ഷം വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.45 ലക്ഷം രൂപ മുതല്‍ 8.63 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നീ ഫീച്ചറുകളാണ് പഞ്ചിൽ ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.
Image Courtesy: Rohan Bhardwaj


Click it and Unblock the Notifications








