എമ്മാതിരി ലുക്ക്, ഈ സഫാരി സ്റ്റോം മോഡിഫൈ ചെയ്‌തവനെ കണ്ടാൽ ടാറ്റ കൊത്തിക്കൊണ്ട് പോവും
ഇന്ത്യയിലെ വണ്ടിഭ്രാന്തൻമാർക്കിടയിൽ ടാറ്റ സഫാരിയെന്ന എസ്‌യുവി തീർത്ത ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നതാണ് സത്യം. ഇടക്കാലത്ത് നിർത്തലാക്കിയതിന് ശേഷം പുതിയ ലൈഫ് സ്റ്റൈൽ രൂപത്തിൽ പിറവിടെയുത്തുവെങ്കിലും ഇന്നും സഫാരിയുടെ പഴയ മോഡലുകൾക്കുള്ള ഫാൻബേസ് വേറെ തന്നെയാണ്. പലരും ഡൽഹിയിലെല്ലാം പോയി സെക്കൻഡ് ഹാൻഡ് മോഡൽ ചെറിയ വിലയ്ക്ക് വാങ്ങിക്കൊണ്ട് വരുന്നവരുണ്ട്. സഫാരി ശ്രേണിയിൽ സ്റ്റോം വേരിയന്റിനാണ് ഇന്നും ഡിമാന്റുള്ളത്. ഏത് കുന്നും മലയും കീഴടക്കാൻ യോഗ്യനായ സഫാരി സ്റ്റോം വിപണിയിലെത്തുന്നത് 2012-ലായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ഇതുപോലൊരു എസ്‌യുവി പണിതിറക്കാൻ സാക്ഷാൽ ടാറ്റ മോട്ടോർസിന് പോലും പിന്നീടായിട്ടില്ല.
ഇപ്പോഴിതാ 11 വർഷം പഴക്കമുള്ള ടാറ്റ സഫാരി സ്റ്റോമിനെ കിടിലൻ ലുക്കിൽ മോഡിഫൈ ചെയ്‌ത വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്നിട്ടും വിറ്റ് കാശ് മേടിക്കാതെ എസ്‌യുവി ഇത്തരത്തിൽ കസ്റ്റമൈസ് ചെയ്‌ത് പണിതിറക്കാൻ ഉടമ കാണിച്ച മനസിന് വണ്ടിഭ്രാന്തൻമാർ സല്യൂട്ട് അടിച്ചേ മതിയാവൂ. ശരത് വി എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് സഫാരി സ്റ്റോമിന്റെ റെസ്റ്റോമോഡ് പതിപ്പ് വൈറലായിരിക്കുന്നത്.

മോട്ടോർമൈൻഡ് ഡിസൈൻസിൽ നിന്നുള്ള ഒരു പുതിയ ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റാണ് പഴയ ടാറ്റ സഫാരി സ്റ്റോമിനെ അണിയിച്ചൊരുക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ജനപ്രിയ ഇന്ത്യൻ കാറുകൾക്കായി ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റുകളും മറ്റ് ഭാഗങ്ങളും നിർമിക്കുന്ന ഒരു ജനപ്രിയ കമ്പനിയാണ് മോട്ടോർമൈൻഡ് ഡിസൈൻസ്. ഈ ബോഡി കിറ്റിന്റെ ഭാഗമായി എസ്‌യുവി നിരവധി മാറ്റങ്ങളാണ് ലഭിക്കുന്നത്.
ടാറ്റ സഫാരി സ്റ്റോമിന് പുത്തൻ ഫ്രണ്ട് ഫാസിയ ഒരുക്കിയിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്. പുതിയ ഫ്രണ്ട് ഗ്രില്ലിന്റെ ഭംഗി എടുത്ത് പറയേണ്ട കാര്യമാണ്. വളരെ ഫ്യൂച്ചറിസ്റ്റിക്കും പ്രീമിയവുമായി തോന്നാനുള്ള പ്രധാന കാരണം ഈ ഭാഗമാണ്. ഗ്രില്ലിന്റെ നടുക്ക് ഭാഗത്തായുള്ള ടാറ്റ എംബ്ലം നീക്കം ചെയ്‌ത് പകരം ഇപ്പോൾ ഇതിൽ ഓഫ്‌സെറ്റ്-പൊസിഷനഡ് മോട്ടോർമൈൻഡ് ഡിസൈൻസ് ലോഗോയാണ് ഉപയോഗിച്ചിരിക്കുന്നത്.

എസ്‌യുവിക്ക് സവിശേഷ രൂപം നൽകുന്ന പുതിയ ഫ്രണ്ട് ബമ്പറും ഉണ്ട്. വൈറ്റിലാണ് ഫ്രണ്ട് ബമ്പർ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ അധിക എൽഇഡി ഡിആർഎല്ലുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിആർഎല്ലുകൾക്ക് പുറമേ, മധ്യഭാഗത്ത് ഗൺമെറ്റൽ ഗ്രേ നിറമുള്ള ബെസലും സഫാരി സ്റ്റോമിന് അഴകേകാനായി കൊടുത്തിട്ടുണ്ട്. ഇത് വളരെ വ്യത്യസ്തമായി കാണപ്പെടുന്നുണ്ട്.
കൂടാതെ, ബോണറ്റിന്റെ ഡിസൈനിലും മോട്ടോർമൈൻഡ് ഡിസൈൻസ് മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ എസ്‌യുവിക്ക് ഒരു ബൾക്കി സ്റ്റൈൽ നൽകുന്നതിന് ഫോക്‌സ് വെന്റുകളും ഉയർത്തിയ മധ്യഭാഗവും നൽകിയിരിക്കുന്നു. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ മസ്ക്കുലാർ ലുക്ക് സമ്മാനിക്കുന്നത് ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളാണ്. മുൻവശത്ത് നാല് ആംബർ ലൈറ്റുകൾ കൊടുത്തുകൊണ്ടുള്ള റൂഫ് ഏരിയയും മനോഹരമാണ്.

ഇതിന്റെ ഇൻ്റീരിയർ ഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. ആയതിനാൽ സ്റ്റോക്ക് കണ്ടീഷനിൽ നിലനിർത്തിയിട്ടുണ്ടാവാനാണ് സാധ്യത. ഒപ്പം എസ്‌യുവിയുടെ മെക്കാനിക്കൽ വശങ്ങളിലും നവീകരണങ്ങളൊന്നും ഉണ്ടായേക്കില്ല. 2.2 ലിറ്റർ വരിക്കോർ 400 ഡീസൽ എഞ്ചിനാണ് സഫാരി സ്റ്റോമിന് കരുത്തേകാൻ എത്തുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 154 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.
ഇലക്ട്രോണിക് ഷിഫ്റ്റ് ഓൺ-ഫ്ലൈ ഉള്ള 4x4 സിസ്റ്റവും മോഡലിനൊപ്പം വാഗ്‌ദാനം ചെയ്‌തിരുന്നു എന്നതും ശ്രദ്ധേയമാണ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കൂടുതല്‍ ഇന്ധനക്ഷമതയ്‌ക്കൊപ്പം മികച്ച സുരക്ഷാ സൗകര്യങ്ങളും സഫാരിയിൽ ഒരുക്കിയിരുന്നു കേട്ടോ. SRS എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങൾ എസ്‌യുവിയിൽ ടാറ്റ ഉൾപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications








