പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ ടാറ്റ സുമോ ഇടിച്ച് 12 മരണം, മൂടൽമഞ്ഞിൽ കാറോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
കർണാടകയിലെ ചിക്കബെല്ലാപുരയിലുണ്ടായ വാഹനാപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടക്കുന്ന സംഭവം. ബെംഗളൂരു-ഹൈദരാബാദ് ഹൈവേ 44 ൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിയിൽ ടാറ്റ സുമോ ഇടിച്ചാണ് രണ്ട് സ്ത്രീകളടക്കം മരണപ്പെട്ടിരിക്കുന്നത്.
പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. കനത്ത മൂടൽ മഞ്ഞ് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും പൊലീസ് പറയുന്നു. അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിൽ നിന്ന് വന്നവരാണെന്നാണ് വിവരം. ശരിക്കും പുലച്ചെയുള്ള ഡ്രൈവിംഗിൽ മൂടൽമഞ്ഞ് കാഴ്ച്ച മറക്കുന്നതിനാൽ ശരിക്കും അപകടകരമാണ്.

ഹൈവേകളിൽ മൂടൽമഞ്ഞ് കാഴ്ച്ച മറച്ചുണ്ടാകുന്ന അപകടങ്ങൾ വളരെ കൂടുതലാണ്. എല്ലാ വർഷവും ശൈത്യകാലത്ത് മൂടൽമഞ്ഞുള്ള കാലാവസ്ഥ ഇന്ത്യയിലുടനീളമുള്ള ഡ്രൈവർമാർ നേരിടുന്ന വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യ പോലുള്ള പ്രദേശങ്ങൾ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് ഈ പ്രതികൂല കാലാവസ്ഥ ഡ്രൈവിംഗിൽ പണി തരുന്നത്. ഇത് പലപ്പോഴും ചിക്കബെല്ലാപുരയിലുണ്ടായ പോലുള്ള ഗുരുതരമായ റോഡപകടങ്ങൾക്ക് കാരണമാകുന്നു.
മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരാം. ദീർഘദൂര യാത്രകൾ പോവുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ പുലച്ചെയും മറ്റും ഡ്രൈവ് ചെയ്യുന്നവർക്കും ഈ ടിപ്പുകൾ ചിലപ്പോൾ സഹായകരമായേക്കും. മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ഒരു അപകടം ഒഴിവാക്കാൻ സഹായിക്കുന്ന ചില പ്രധാന ടിപ്പുകൾ ഇതാ...

മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ അമിത വേഗതയും ഓവർടേക്കിംഗും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അപകടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന പോയിന്റാണിത്. ഓവർടേക്കിംഗ് ഒഴിവാക്കുന്നതിനൊപ്പം അമിതവേഗതയ്ക്ക് ശ്രമിക്കുകയും അരുത്. സ്പീഡ് ത്രില്ലിംഗാണെങ്കിലും വലിയ അപകടങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഒരു നിശ്ചിത വേഗത്തിലുള്ള യാത്രയും സുഗമമായ ബ്രേക്കിംഗും പിന്നിലുള്ള വാഹനങ്ങൾക്ക് വേഗത കുറയ്ക്കുന്നതിനും ബ്രേക്കിംഗിനും മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. മഞ്ഞുകാലത്ത് കാഴ്ച്ച കുറയുന്നത് ഡ്രൈവർമാരുടെ പ്രധാന ആശങ്കകളിൽ ഒന്നാണ്. നിങ്ങളുടെ വാഹനവും മുന്നിലുള്ള വാഹനവും തമ്മിൽ മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ മറഞ്ഞിരിക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കും. മുന്നിലുള്ള വണ്ടി പെട്ടന്ന് ബ്രേക്ക് പിടിച്ചാൽ നമുക്കും നിശ്ചിത അകലത്തിൽ അപകടം ഒഴിവാക്കാനാവും.

മൂടൽമഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ ലെയ്നുകളും ശ്രദ്ധിക്കണം. ഹൈവേയിലെ ലെയ്‌നുകൾ പെട്ടെന്ന് മാറുന്നത് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിന് കാരണമാകും. ഇത് വാഹനങ്ങളുടെ ഉയർന്ന വേഗത കണക്കിലെടുക്കുമ്പോൾ മാരകമായേക്കാം. കാഴ്ച്ച മോശമായിരിക്കുമ്പോൾ, ഹൈവേകളിലെ ലെയ്ൻ അടയാളപ്പെടുത്തിയിരിക്കുന്നത് പിന്തുടർന്ന് ഓടിക്കുന്നുവെന്നും ഉറപ്പുവരുത്തുക. കഴിവതും ഒരുപാട് ഇടതുവശം ചേർന്ന് ഓടിക്കാതിരിക്കാനും ശ്രമിക്കണം.
ഡ്രൈവ് ചെയ്യുമ്പോൾ ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഓണാക്കുകയും ചെയ്യാം. ഇത് എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വണ്ടിയെ തിരിച്ചറിയാനും ദൂരം കണക്കാക്കാനും സഹായകരമാവും. ഹസാർഡ് ലാമ്പുകൾ ഓണാക്കുന്നത് ദൃശ്യപരത കുറവായ സാഹചര്യത്തിൽ നിങ്ങളുടെ വാഹനം മറ്റുള്ള ഡ്രൈവർമാർക്ക് കാണാനും സഹായിക്കുന്ന കാര്യമാണ്. ഇനി എവിടേക്കെങ്കിലും തിരിയാൻ തീരുമാനിച്ചാൽ നിശ്ചിത അകലത്തിൽ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാനും മറക്കേണ്ട.

മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ കാഴ്ച്ച തടസപ്പെടുത്തുന്നത് എത്രത്തോളം വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്ന് ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിൽ ഇന്നു നടന്ന അപകടം മനസിലാക്കി തരുന്നുണ്ട്. ആയതിനാൽ നിങ്ങളുടെ വാഹനത്തിന്റെ മിററുകൾ, വിൻഡ്ഷീൽഡ്, വിൻഡോകൾ എന്നിവ വൃത്തിയായും വ്യക്തവുമായി കാണാവുന്ന തരത്തിലുമാണുള്ളതെന്ന് ഉറപ്പാക്കുക. ഡ്രൈവിംഗ് സമയത്ത് ചുറ്റുമുള്ള ചലനങ്ങളും തടസങ്ങളും കാണാനും വേണ്ട രീതിയിൽ ഡ്രൈവ് ചെയ്യാനും ഇതെല്ലാം നിങ്ങളെ അനുവദിക്കും.
വൃത്തിയില്ലാത്ത വിൻഡ്‌ഷീൽഡും മിററും മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ദൃശ്യപരത കൂടുതൽ കുറയ്ക്കും. ഇത് ഒരു വലിയ അപകടത്തിന് കാരണമാകും. ഇനി ഫോഗ് പിടിക്കുന്ന സാഹചര്യമാണുള്ളതെങ്കിൽ ഡീഫോഗർ ഉപയോഗിക്കുക അല്ലെങ്കിൽ ഹീറ്റർ ഓണാക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മഞ്ഞുള്ള സമയത്തും സേഫായി എത്തിച്ചേരേണ്ടിടത്ത് എത്താൻ സഹായിക്കും.


Click it and Unblock the Notifications








