5.50 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി വിഎം തോമസ് എംഎൽഎ, ദക്ഷിണേന്ത്യയിൽ ഇങ്ങനൊന്ന് ആദ്യം!
നല്ല രാഷ്ട്രീയ ബോധമുള്ളവരാണ് നമ്മൾ മലയാളികൾ. കേരള രാഷ്ട്രീം പോലെ തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രമുഖ നേതാക്കൻമാരേയും മിക്കവർക്കും കൃത്യമായി തിരിച്ചറിയാനും കെൽപ്പുള്ളവരാണ് നമ്മൾ. പത്ര വാർത്തകളിലൂടെയായാലും ടിവി റിപ്പോർട്ടിലൂടെയായാലും നാം ഇത്തരം കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നയാളുകളുമാണ്. മൂന്നാം നരേദ്ര മോദി സർക്കാരിന്റെ മന്ത്രിസഭ രൂപീകരണവുമായുള്ള ചർച്ചകൾ ചൂടുപിടിച്ചപ്പോൾ എല്ലാവരും കേട്ട പേരായിരുന്നു ആന്ധ്രാപ്രദേശിലെ ടിഡിപി (TDP) പാർട്ടിയുടേത്. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന സംഘടന അന്ന് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ.
ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് ടിഡിപിയുടെ സഹായത്തോടെയാണ് വീണ്ടും അധികാരത്തിൽ എത്താൻ ബിജെപിക്കായത്. എന്തായാലും ചന്ദ്രബാബു നായിഡു കഴിഞ്ഞാൽ തെലുങ്കു ദേശം പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് വിഎം തോമസ്. ആന്ധ്രാപ്രദേശ് സർക്കാരിലെ വിപ്പായ ഇദ്ദേഹം തെലുങ്കുദേശം പാർട്ടി എംഎൽഎയും ഗംഗാധര നെല്ലൂർ മണ്ഡലത്തിൻ്റെ ഇൻചാർജുമാണ്.

രാഷ്ട്രീയക്കാരൻ എന്നതിലുപരി ഭ്രൂണശാസ്ത്ര ശാസ്ത്രജ്ഞൻ കൂടിയായ ഇദ്ദേഹത്തിന്റെ പേര് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു വാഹനം സ്വന്തമാക്കിയതിന്റെ പേരിലാണ്. അത് സാധാരണയൊരു വണ്ടിയൊന്നുമല്ല വിഎം തോമസ് എംഎൽഎയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് കേട്ടോ. മെർസിഡീസ് ബെൻസിന്റെ മെയ്ബാക്ക് GLS 600 എസ്‌യുവിയാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
ഇത് എല്ലാ സെലിബ്രിറ്റികളും വാങ്ങുന്നതല്ലേ ഇതിലെന്താ ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ ഒരു സംഭവം ഇറുക്ക് ഗയ്‌സ്. എന്താണന്നല്ലേ, ദക്ഷിണേന്ത്യയിലെ തന്നെ ഹൈ സ്പെക് മോഡലാണ് ഈ മെയ്ബാക്ക് GLS 600 എന്നാണ് എംഎൽഎയുടെ മകനായ രാഹുൽ തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധി അനവധി സവിശേഷതകളുള്ള അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 5.50 കോടി രൂപയോളമായെന്നാണ് റിപ്പോർട്ടുകൾ.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഹൈ സ്‌പെക്കായ മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവി ഡ്യുവൽ ടോണുള്ള എമറാൾഡ് ഗ്രീൻ വിത്ത് ഷാംപെയ്ൻ ഗോൾഡ് കളർ ഓപ്ഷനിലാണ് അണിഞ്ഞാരുങ്ങിയിരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബെൻസ് പ്രത്യേകമായി നിർമിച്ചിരിക്കുന്ന അലോയ് വീലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനം ടിഡിപി എംഎൽഎ വിഎം തോമസിനായി വാങ്ങിയതാണോ അതോ മകൻ രാഹുൽ തോമസിനായി വാങ്ങിയതാണോയെന്ന് വ്യക്തമല്ല.
557 bhp പവറിൽ 730 Nm torque വികസിപ്പിക്കുന്ന 4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനൊപ്പം കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ജർമൻ ബ്രാൻഡ് കൊടുത്തിട്ടുണ്ട്. ഇത് അധികമായി 22 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഫോർ വീൽ ഡ്രൈവ് സിസ്റ്റം മെയ്ബാക്ക് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി തന്നെയാണ് വരുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന GLS 600 എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി മെർസിഡീസ് ബെൻസ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്ന ഫീച്ചറാണ്.
ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, രണ്ടാം നിര വരെ നീളുന്ന സെൻ്റർ കൺസോൾ, ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, ലെവൽ 2 ADAS, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, പാർക്കിംഗ് അസിസ്റ്റ്, മെയ്ബാക്ക്-നിർദ്ദിഷ്ട ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആംറെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ് എന്നിവയെല്ലാമാണ് എസ്‌യുവിയുടെ അകത്തളത്തെ സമ്പുഷ്ടമാക്കുന്ന കാര്യങ്ങൾ.

റിയർ സീറ്റുകളിൽ ഒരുക്കിയിരിക്കുന്ന ഡ്യുവൽ 11.6 ഇഞ്ച് MBUX സ്‌ക്രീനുകളും മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവി ആഡംബരം കൂട്ടുന്ന കാര്യങ്ങളാണ്. ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ കസ്റ്റമൈസ് ചെയ്യാനും കഴിയും. എന്നാൽ ഇതിനായും അധികമായി തുക ചെലവാക്കേണ്ടി വരും. ഫസ്റ്റ് ക്ലാസ് ലോഞ്ച് സീറ്റുകളും മെയ്ബാക്ക് എസ്‌യുവിക്ക് മൊഞ്ചേകുന്ന കാര്യമാണ്.


Click it and Unblock the Notifications








