കൂടെ നിന്നാൽ കാറും വാങ്ങിത്തരും, ജീവനക്കാർക്ക് സർപ്രൈസ് സമ്മാനവുമായി ചായ കമ്പനി മുതലാളി
അർഹതക്കുള്ള അംഗീകാരം തൊഴിലടങ്ങളൽ നിന്നും ലഭിക്കുന്നത് എന്നും സന്തോഷം തരുന്ന കാര്യമാണല്ലോ. പലർക്കും ലഭിക്കാതെ പോയ ഈ സൗഭാഗ്യം കിട്ടുന്നവരും വളരെ കുറവാണ്. എന്നാൽ കുറച്ചുകാലം മുമ്പ് വലിയ ഐടി കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ആഡംബര കാറുകളും മറ്റ് വില പിടിപ്പുള്ള സമ്മാനങ്ങളും നൽകുന്ന വാർത്തകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജീവനക്കാർക്ക് അല്ലെങ്കിൽ തൊഴിലാളികൾക്ക് ഇത്തരം സമ്മാനങ്ങൾ നൽകുന്നത് അവരുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നുകൂടിയാണ്. ഇപ്പോഴിതാ അത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വിവിധതരം ചായകൾ വിൽക്കുന്ന ടീബോയ് എന്നൊരു സ്റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് പുത്തൻ ഹ്യുണ്ടായി ഗ്രാൻഡ് i10 കാർ സമ്മാനിച്ചതാണ് ഈ സന്തോഷമുണർത്തുന്ന വാർത്ത.

ബിസിനസും കമ്പനിയും കെട്ടിപ്പടുക്കുന്നതിൽ ജീവനക്കാർ നൽകിയ സംഭാവനക്കുള്ള പ്രതിഫലമാണ് ഇത്തരത്തിലൊരു പാരിതോഷികം നൽകാൻ കാരണമായതെന്നാണ് ടീബോയ് പറയുന്നത്. മൂന്ന് ജീവനക്കാർക്കാണ് പുതിയ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. സ്റ്റാർട്ടപ്പ് വികസിപ്പിക്കുന്നതിനായി 2019 മുതൽ തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ഈ മൂന്നുപേരമെന്ന് ടീബോയ് സിഇഒയും സ്ഥാപകനുമായ ജോസഫ് രാജേഷ് പറഞ്ഞു.
ടീബോയ് എന്ന വ്യത്യസ്‌ത തരം ചായകൾ വിൽക്കുന്ന സ്റ്റാർട്ടപ്പിന് ഇപ്പോൾ 410 ഔട്ട്‌ലെറ്റുകൾ ഉണ്ട്. തങ്ങളുടെ വിജയം ആഘോഷിക്കാനുള്ള ഒരു ചെറിയ പാരിതോഷികമാണിതെന്നും സിഇഒ ജോസഫ് അഭിപ്രായപ്പെട്ടു. മുമ്പ് തന്റെ ജീവനക്കാർക്ക് പാരിതോഷികമായി ബിഎംഡബ്ല്യു 5-സീരീസ് സമ്മാനിച്ച ചെന്നൈ ആസ്ഥാനമായുള്ള കിസ്ഫ്ലോയുടെ സിഇഒയായ സുരേഷ് സംബന്ധമാണ് ടീബോയ്‌യുടെ സമ്മാനം ജീവനക്കാർക്ക് കൈമാറിയിരിക്കുന്നത് എന്നതും രസകരമായ കാര്യമാണ്.

ടീബോയും കിസ്ഫ്ലോയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും മറ്റ് കമ്പനികൾക്കും ഇത്തരത്തിൽ അവരുടെ ജീവനക്കാർക്ക് അംഗീകാരം നൽകാൻ കഴിയട്ടെ. കഴിഞ്ഞ വർഷം കമ്പനിയോടുള്ള വിശ്വസ്തത നിലനിർത്തിയതിനാണ് അഞ്ച് കിസ്ഫ്ലോ ജീവനക്കാർക്ക് ബിഎംഡബ്ല്യു 5-സീരീസ് സെഡാൻ പാരിതോഷികമായി ലഭിച്ചത്. കമ്പനിയുടെ 'നോ-കോഡ്' വർക്ക് മാനേജ്‌മെന്റ് ഉൽപ്പന്നമായ കിസ്‌ഫ്ലോയുടെ പത്താം വാർഷിക ആഘോഷ വേളയിലാണ് അർഹരായ അഞ്ച് ജീവനക്കാർക്ക് ബിഎംഡബ്ല്യു കാറുകൾ കൈമാറുന്നതിനുള്ള ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.
80 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 530d സെഡാനാണ് കിസ്‌ഫ്ലോ അന്ന് സമ്മാനമായി നൽകിയത്. കിസ്ഫ്ലോയുടെ സ്ഥാപകനായ സുരേഷ് സംബന്ധം കമ്പനിയുടെ അഞ്ച് സീനിയർ എക്സിക്യൂട്ടീവുകൾക്ക് അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് കാറുകൾ നൽകിയത്. ഇനി ടീബോയ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ ജീവനക്കാർക്ക് നൽകിയത് ആഡംബര കാർ ഒന്നുമല്ലെങ്കിലും ഇതൊരു ചെറിയ സമ്മാനമല്ലെന്ന് ഉറപ്പിച്ചു തന്നെ പറയാം.

നിലവിൽ 5.73 ലക്ഷം മുതൽ 8.51 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ടീബോയ് നൽകിയത് ഹാച്ച്ബാക്കിന്റെ ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. പുതിയ ഗ്രാൻഡ് i10 നിരവധി മാറ്റങ്ങൾക്ക് വിധേയമായി ഈ വർഷം തുടക്കത്തോടെയാണ് വിപണിയിൽ അരങ്ങേറുന്നത്. മുൻപിൻ ഭാഗങ്ങൾ നവീകരിച്ചതോടെ ഫ്രഷ് ഫീൽ നൽകാൻ ബ്രാൻഡിനായി. കാർ ഇപ്പോൾ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ വരെ അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതിനു പുറമെ ട്രൈ-ആരോ ഡിസൈനോടൊപ്പം ബമ്പറിൽ മാറ്റങ്ങൾ വരുത്തുകയും എൽഇഡി ഡിആർഎല്ലുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തതും വാഹനത്തിന് പുതുരൂപം കൈവരിക്കാൻ സഹായകരമായി. പുറത്തെ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരത്തോടെയാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് വിപണിയിലേക്കിറങ്ങിയിരിക്കുന്നത്. സീറ്റുകൾക്ക് പുതിയ ഗ്രേ അപ്‌ഹോൾസ്റ്ററിയും ഡ്യുവൽ ടോണും പ്രീമിയം അന്തരീക്ഷവും സൃഷ്‌ടിക്കാൻ സഹായിച്ചിട്ടുണ്ട്.
അതോടൊപ്പം ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ അത്യാധുനിക അനുഭവമാണ് ഡ്രൈവർമാർക്ക് നൽകുന്നത്. അതേസമയം ആംബിയന്റ് ലൈറ്റിംഗ് ഫുട്‌വെല്ലിനെ മനോഹരമായി പ്രകാശിപ്പിക്കുന്നുമുണ്ട്. ഇന്റീരിയർ ഡോർ ഹാൻഡിലുകളിൽ മെറ്റൽ ഫിനിഷുകൾ ഉൾപ്പെടുത്തി പ്രീമിയം ടച്ചുകളും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. രൂപത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകൾ അതേപടി നിലനിർത്തുകയാണുണ്ടായത്.
കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിക്കുന്നത് അടുത്ത കാലത്തായി ഇന്ത്യയിൽ കണ്ടുവരുന്നൊരു ട്രെൻഡായിരുന്നു. ഈയടുത്ത് ഇത്തരം വാർത്തകളൊന്നും കണ്ടിരുന്നില്ലെങ്കിലും ഒരിടവേളക്ക് ശേഷം ഈ ട്രെൻഡ് തിരികെയുത്തുന്നുവെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലിടങ്ങളിൽ നിന്നും ഇത്തരം അംഗീകാരങ്ങൾ ലഭിക്കുന്നത് ശരിക്കും തൊഴിലാളികളെ സംബന്ധിച്ച് ഉത്തേജനവുമാണ്.


Click it and Unblock the Notifications








