ഇന്ത്യൻ വാഹന വിപണിയുടെ മൊത്തം ലാഭത്തേക്കാൾ വലുത്, 2.49 ലക്ഷം കോടി രൂപ ശമ്പളം വാങ്ങി എലോൺ മസ്‌ക്
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ എലോൺ മസ്ക്കിന് (Elon Musk) പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ലല്ലോ. സ്റ്റാര്‍ലിങ്ക്, ടെസ്‌ല, സ്പെയ്സ് എക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഉടമയായ ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ബിസിനസുകാരനാണ്. എന്നാൽ സ്വന്തം കമ്പനിയായ ടെസ്‌ലയിൽ നിന്നും മസ്ക്കിന്റെ ശമ്പളം തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ? സ്വന്തം കമ്പനിയായിട്ട് പോലും ശമ്പളം കിട്ടുന്നില്ലേയെന്ന് പലരും സംശയിച്ചേക്കാം. വര്‍ഷങ്ങളായി ടെസ്‌ലയില്‍ നിന്നും ശമ്പള ഇനത്തില്‍ മസ്ക്കിന് നയാപൈസ കിട്ടുന്നില്ലെന്ന റിപ്പോര്‍ട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
അതും വർഷങ്ങളായി എലോൺ മസ്ക്കിന് ശമ്പളം നൽകാൻ ടെസ്‌ല തയാറായിട്ടില്ലായിരുന്നു. 2018 ലെ ഒരു സ്റ്റോക്ക് നഷ്ടപരിഹാര ഇടപാടിനെച്ചൊല്ലിയുള്ള നിയമപോരാട്ടം കാരണമാണ് ടെസ്‌ല ഇത്രയും കാലം ശമ്പളം നൽകാതിരുന്നത്. എന്നാൽ ടെസ്‌ലയുടെ ബോർഡ് സിഇഒ എലോൺ മസ്‌കിന് 29 ബില്യൺ ഡോളർ നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇത് ഇന്ത്യയുടെ മുഴുവൻ വാഹന മേഖലയുടെയും വാർഷിക ലാഭത്തേക്കാൾ കൂടുതലാണ്.

അതായത് ടെസ്‌ലയിലെ എലോൺ മസ്‌കിന്റെ പുതിയ ശമ്പളം ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വാർഷിക ലാഭത്തേക്കാൾ വലുതാണെന്ന് സാരം. ഏകദേശം 2.49 ലക്ഷം കോടി രൂപയാണ് മസ്ക്കിന്റെ കൈകളിലേക്ക് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയേക്കാൾ ശമ്പളം കൈപ്പറ്റുന്ന മനുഷ്യനാണ് ഇദ്ദേഹമെന്ന് അറിഞ്ഞാൽ പലർക്കും ബഹുമാനം കൂടുകയേയുള്ളൂ. ഇന്ത്യയും മസ്ക്കും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
മസ്‌ക്കിന്റെ മുൻ 56 ബില്യൺ ഡോളർ പാക്കേജ് റദ്ദാക്കിയ യുഎസ് കോടതി വിധിയെ ചോദ്യം ചെയ്യുന്നതിന് മൈലേജാവുകയും ചെയ്യും ടെസ്‌ലയുടെ പുതിയ നീക്കം. ഇന്ത്യയുടെ വാഹന മേഖല 100 ബില്യൺ ഡോളറിലധികം മൂല്യമുള്ളതും രാജ്യത്തിന്റെ ജിഡിപിയിലേക്ക് 7.1 ശതമാനം സംഭാവന ചെയ്യുന്നതുമാണെന്നാണ് കണക്കുകൾ. നിർമാണ, അനുബന്ധ യൂണിറ്റുകളിലായി 19 ദശലക്ഷത്തിലധികം ആളുകൾ ഇതിൽ ജോലി ചെയ്യുന്നുമുണ്ട്.

എന്നിരുന്നാലും, മസ്ക്കിന്റെ ഒരൊറ്റ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വാഹന സ്ഥാപനങ്ങളുടെ ലാഭം വളരെ ചെറുതാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോർസിന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4,003 കോടി രൂപയുടെ അതായത് ഏകദേശം 480 മില്യൺ ഡോളറിന്റെ അറ്റാദായമാണ് നേടിയത്. ഈ പ്രകടനം വർഷം മുഴുവൻ തുടർന്നാൽ പോലും വാർഷിക ലാഭം ഏകദേശം 1.9 ബില്യൺ ഡോളർ മാത്രം ആയിരിക്കും.
മസ്‌കിന്റെ പുതിയ പാക്കേജിനേക്കാൾ 15 മടങ്ങ് കുറവാണ് ടാറ്റയുടെ ലാഭം പ്രതീക്ഷിക്കുന്നതെന്ന് ചുരുക്കം. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിപണിയിലെ നേതൃത്വം നിലനിർത്തിയിട്ടും സമീപ വർഷങ്ങളിൽ അവരുടെ ലാഭം കുറഞ്ഞു. ഹ്യുണ്ടായി ഇരട്ട അക്ക ലാഭത്തോടെയാണ് മുമ്പോട്ടുപോവുന്നത്. അതേസമയം കിയ ഇന്ത്യ അടുത്തിടെയാണ് ലാഭത്തിലേക്ക് എത്തിയത്.

അങ്ങനെ എല്ലാ ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെയും സംയോജിത ലാഭം കൂട്ടി നോക്കുമ്പോഴും ഇപ്പോഴും മസ്ക്കിന്റെ ശമ്പളത്തിന് താഴെയാണ്. മിക്ക ബ്രാൻഡുകളുടേയും സിഇഒമാരിൽ നിന്നും വ്യത്യസ്തമായി അമേരിക്കൻ മുതലാളി ശമ്പളമോ ക്യാഷ് ബോണസോ വാങ്ങുന്നില്ലെന്നതും ശ്രദ്ധേമായ കാര്യമാണ്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ടെസ്‌ല ഓഹരികൾ വാങ്ങാൻ അനുവദിക്കുന്ന സ്റ്റോക്ക് ഓപ്ഷനുകളിലൂടെയാണ് എലോൺ മസ്ക്കിന് വരുമാനം പൂർണമായും ലഭിക്കുന്നത്.
സിഇഒ ആയി തുടരുകയോ മറ്റൊരു മുതിർന്ന പദവി വഹിക്കുകയോ ചെയ്താൽ അംഗീകാരത്തിന് രണ്ട് വർഷത്തിന് ശേഷം ഈ പാക്കേജിലെ ഓഹരികൾ നിക്ഷിപ്തമാകും. ഒരു പരമ്പരാഗത കാർ കമ്പനിയിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ശമ്പള ഘടനയാണ് ഇത്തരത്തിൽ മസ്ക് നേടിയെടുക്കുന്നത്. പൂർണമായും കാർ നിർമ്മാതാവ് എന്ന നിലയിൽ നിന്ന് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോണമസ് ഡ്രൈവിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായി ടെസ്‌ല മാറുന്നുമുണ്ട്.


Click it and Unblock the Notifications








