6-സ്പീഡ് ഗിയർബോക്‌സുള്ള ബൈക്കോ? താങ്ങാനാവുന്ന വിലയിൽ വാങ്ങാം ഈ കിടിലൻ മോഡലുകൾ

കുറഞ്ഞ പൈസ മുടക്കി ഉഗ്രൻ ബൈക്ക് വാങ്ങണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഒരു സാധാനത്തിനും അധികം തുക ചിലവഴിക്കാൻ പലർക്കും താത്പര്യമില്ലെങ്കിലും ചില കാര്യങ്ങൾ പണം മുടക്കാതെ കിട്ടില്ലല്ലോ. താങ്ങാനാവുന്ന വിലയുള്ള ബൈക്കുകൾ എപ്പോഴും വിപണിയിൽ ജനപ്രിയമാണ്. നേരത്തെ കമ്മ്യൂട്ടർ ബൈക്കുകൾക്കാണ് മുൻഗണന നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ആളുകൾ സ്‌പോർട്ടിയർ മോട്ടോർസൈക്കിളുകൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

ആറു സ്പീഡ് ഗിയർബോക്‌സ് സാധ്യമാക്കുന്ന വേഗതയും മൈലേജുമാണ് ഇത്തരക്കാർ തേടുന്നത്. ഗിയറുകളുടെ എണ്ണം കൂടും തോറും ഉയർന്ന മൈലേജും കൈവരിക്കാൻ സഹായിക്കും. ഇലക്ട്രിക് ബൈക്കുകൾ എത്തിയതോടെ ഗിയർ എന്ന സംവിധാനം പയ്യെ ബൈക്കുകളിൽ നിന്നും ഇല്ലാതാവുകയാണ്. ഇന്ന് സ്‌കൂട്ടർ സെഗ്മെന്റിൽ എല്ലാം ഗിയർലെസ് വാഹനങ്ങളുടെ അതിപ്രസരവുമാണ്. പലരും ഗിയർ മാറ്റി വണ്ടിയോടിക്കാൻ ഇഷ്‌ടപ്പെടുന്നുവരുമാണ്. അതിനാൽ ആറ് ഗിയറുകളുള്ള താങ്ങാനാവുന്ന വിലയും മികച്ച പെർഫോമൻസുമുള്ള ബൈക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?

ബജാജ് പൾസർ NS200

24.13 bhp കരുത്തിൽ 18.5 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 199.5 സിസി എഞ്ചിനിലാണ് പൾസർ NS 200 വരുന്നത്. ബൈക്കിന്റെ മുൻവശത്ത് 300 mm ഡിസ്‌ക് ബ്രേക്കുകളും ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ 230 mm ഡിസ്‌ക് ബ്രേക്കുകളും മോണോഷോക്ക് സസ്പെൻഷനുമാണ് ഈ സ്പോർട്ടി ബൈക്കിൽ ബജാജ് ഒരുക്കിയിരിക്കുന്നത്. ബജാജ് പൾസർ NS 200 പതിപ്പിന് 1.66 ലക്ഷം രൂപയോളമാണ് ഇന്ത്യയിലെ ഓൺറോഡ് വില വരുന്നത്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്‌സ് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കാണിത് എന്നതും ഹൈലൈറ്റാണ്.

കെടിഎം ഡ്യൂക്ക് 125

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കെടിഎം ബൈക്കുകളിലൊന്നാണ് ഡ്യൂക്ക് 125. കൂടാതെ 6 സ്പീഡ് ഗിയർബോക്സും ഇതിലുണ്ട്. ഓസ്ട്രിയൻ ബ്രാൻഡിന്റെ മോഡലുകളിലെ സ്പോർട്ടിയർ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത് അതിശയിക്കാനുള്ള കാര്യമൊന്നുമില്ല താനും. സൂപ്പർ ഡ്യൂക്ക് 1290-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡ്യൂക്ക് 125-ന്റെ ഡിസൈൻ. മുൻവശത്ത് 300 mm ഫ്രണ്ട് ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കും ബ്രേക്കിംഗിനായി ക്രമീകരിച്ചിരിക്കുന്നു. ഈ മോഡലിന്റെ ഓൺ റോഡ് വില ആരംഭിക്കുന്നത് 2.06 ലക്ഷം രൂപ മുതലാണ്.

യമഹ MT15

യമഹയുടെ സ്ട്രീറ്റ് ബൈക്കാണ് MT 15. നിരവധി വേരിയന്റുകളിലും കളർ ഓപ്ഷനുകളിലും ലഭ്യമായ ഈ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് MT 09 മോഡസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച കുഞ്ഞൻ പതിപ്പാണ്. എൽഇഡി ഡിആർഎല്ലും പ്രൊജക്ടർ ഹെഡ്‌ലാമ്പും ഇതിന് വളരെ ആക്രമണാത്മക രൂപം നൽകുന്നു. മുൻവശത്ത് MT-15 മോട്ടോർസൈക്കിളിന് ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ ഒരു മോണോ ഷോക്ക് സസ്പെൻഷനും ലഭിക്കുന്നു.

വില നിർണയത്തെക്കുറിച്ച് പറഞ്ഞാൽ MT 15 സ്ര്ടീറ്റ് മോട്ടോർസൈക്കിളിന് ഓൺറോഡ് വില ഏകദേശം 2.01 ലക്ഷം രൂപയിൽ തുടങ്ങി 2.04 ലക്ഷം രൂപ വരെയാണ്. R15-ൽ കാണുന്ന അതേ 155 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഇത് 18.14bhp പവറിൽ പരമാവധി 14.1 Nm torque വരെ നിർമിക്കാൻ പ്രാപ്‌തവുമാണ്. ഇതിന് 6 സ്പീഡ് ഗിയർബോക്സ്, ലിക്വിഡ് കൂളിംഗ്, സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ ചാനൽ എബിഎസ് എന്നീ സവിശേഷതകളും ലഭിക്കുന്നു.

സുസുക്കി ജിക്‌സർ SF250

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയിൽ നിന്നുള്ള ഫുള്ള ഫെയർ‌ഡ് മോട്ടോർസൈക്കിളാണ് ജിക്‌സർ SF250. ആറു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 249 സിസി എഞ്ചിനിലാണ് ഇത് വരുന്നത്. 26.13 bhp കരുത്തിൽ പരമാവധി 22.2 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എഞ്ചിൻ. മുൻവശത്ത്, ജിക്‌സറിന് 300 mm ഡിസ്‌ക് ബ്രേക്കും ടെലിസ്‌കോപ്പിക് സസ്പെൻഷനും ലഭിക്കുന്നു. പിന്നിൽ, 220 mm ഡിസ്‌ക് ബ്രേക്കും മോണോ-ഷോക്ക് സസ്പെൻഷനുമുണ്ട്. ഈ ക്വാർട്ടർ ലിറ്റർ ബൈക്കിന് വില 2.31 ലക്ഷം രൂപയിൽ തുടങ്ങി 2.33 ലക്ഷം രൂപ വരെയാണ് ഓൺറോഡ് വില വരുന്നത്.

ബജാജ് ഡൊമിനാർ 250

ബജാജിൽ നിന്നുള്ള അനോറ്റർ സ്ട്രീറ്റ് ബൈക്കാണ് ഡൊമിനാർ 250. പേര് സൂചിപ്പിക്കുന്നത് പോലെ 26 bhp പവറിൽ 23 Nm torque നൽകാൻ ശേഷിയുള്ള 248 സിസി എഞ്ചിനിലാണ് ഡൊമി വരുന്നത്. ഇതോടൊപ്പം സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സും കമ്പനി നൽകിയിരിക്കുന്നു. മുൻവശത്ത് 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക്കുമാണ് ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ ബ്രേക്കിംഗിനായി നൽകിയിരിക്കുന്നത്. ഡൊമിനാർ ക്വാട്ടർ ലിറ്റർ മോഡലിന്റെ ബ്രേക്ക് സജ്ജീകരണം NS200-ന് സമാനമാണ്. 2.08 ലക്ഷം രൂപ മുതലാണ് ഇതിന്റെ ഓൺറോഡ് വില വരുന്നത്.

Most Read Articles

Malayalam
English summary
The best affordable motorcycle in india with six speed gearbox details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X