ഏഴ് ലക്ഷത്തിന് വാങ്ങാവുന്ന കിടിലൻ പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകൾ
നാമെല്ലാവരും ഒരു പ്രീമിയം കാർ വാങ്ങാൻ തന്നെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഈ സ്വപ്‌നം പലർക്കും അപ്രാപ്യമാവുന്നത് വിലയുടെ കാര്യം വരുമ്പോഴാണ്. ബജറ്റ് പരിമിതികൾ കാരണമാണ് പലരും കുഞ്ഞൻ വാഹനങ്ങളിലേക്ക് പോവുന്നതു തന്നെ.
അവിടെയാണ് സെക്കൻഡ് ഹാൻഡ് കാറുകളുടെ പ്രസക്തി വരുന്നത്. ഇന്നീ കാലത്ത് ഒരു ചെറിയ എൻട്രി ലെവൽ കാർ വാങ്ങാൻ തന്നെ കുറഞ്ഞത് ഒരു 5 ലക്ഷം രൂപയെങ്കിലും മുടക്കേണ്ടതായി വരുമെന്നതാണ് യാഥാർഥ്യം.

അങ്ങനെയെങ്കിൽ അൽപം കൂടി വില മുടക്കി ഒരു സെക്കൻഡ് ഹാൻഡ് പ്രീമിയം കാർ വാങ്ങുന്നത് ശരിക്കും യുക്തിസഹമായ കാര്യമല്ലേ... 7 ലക്ഷം രൂപയുടെ ബജറ്റിൽ നിരവധി പ്രീമിയം കാറുകൾ ലഭിക്കുമിന്ന്. വലിപ്പത്തിന്റെ കാര്യത്തിലും പവറിന്റെ കാര്യത്തിലും കൂടുതൽ ഫീച്ചറുകളുടെ കാര്യത്തിലും ഇവർ സമ്പന്നരാണു താനും. കൂടാതെ പുതിയ കാർ വാങ്ങുന്നതിന്റെ കാലതാമസവും യൂസ്‌ഡ് കാർ സ്വന്തമാക്കുന്നതിലൂടെ ലാഭിക്കാനാവും. ആയതിനാൽ ഏഴ് ലക്ഷം രൂപയ്ക്ക് വാങ്ങാവുന്ന കിടിലൻ സെക്കൻഡ് ഹാൻഡ് പ്രീമിയം കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?
ഫോക്‌സ്‌വാഗൺ പോളോ (2015-2018)
പ്രീമിയം ഹാച്ച്ബാക്കുകളെ ഇന്ത്യയിൽ ഹിറ്റാക്കിയതിൽ പ്രധാന പങ്കുവഹിച്ച മോഡലാണ് ഫോക്‌സ്‌വാഗൺ പോളോ. കിടിലൻ നിർമാണ നിലവാരവും അതിനൊത്ത ഡ്രൈവിംഗ് മികവും ജർമൻ ഡിസൈനിംഗും എല്ലാം പോളോയെ ഇന്നും ജനപ്രിയനാക്കി നിലനിർത്തുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലെ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ കാറാണ് പോളോയെന്നതും ഹൈലൈറ്റാണ്.

7 ലക്ഷം രൂപ ബജറ്റിൽ നിങ്ങളൊരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ പ്ലാനിട്ടാൽ തീർച്ചയായും പരിഗണിക്കാവുന്നൊരു പ്രീമിയം കാറാണ് ഫോക്‌സ്‌വാഗൺ പോളോ. എന്നാൽ 2015-2018 മോഡൽ ഇയർ മോഡലുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കേണം. കാരണം മോഡലുകളിൽ നിങ്ങൾക്ക് 1.0 ലിറ്റർ പെട്രോൾ, ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഉള്ള പഞ്ചിയർ 1.2 ലിറ്റർ ടർബോ-പെട്രോൾ, കാര്യക്ഷമമായ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ കണ്ടെത്താനാകും എന്നതു തന്നെയാണ് കാരണം.
ഹോണ്ട ജാസ് (2015-2017)
കാഴ്ച്ചയിൽ ആരേയും ആകർഷിക്കുന്ന രൂപമാണ് ഹോണ്ട ജാസിനുള്ളത്. അതോടൊപ്പം മികച്ച നിർമാണ നിലവാരവും വളരെ വിശ്വസനീയമായ എഞ്ചിനും ഈ പ്രീമിയം ഹാച്ചിനെ കിടിലൻ വാഹനമാക്കിമാറ്റുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ ധാരാളിയൊന്നുമല്ലെങ്കിലും ക്രെറ്റ പോലുള്ള പുതിയ വലിയ എസ്‌യുവികൾക്ക് പോലും പൊരുത്തപ്പെടാൻ കഴിയാത്തത്ര ഇന്റീരിയർ സ്പേസാണ് ജാസ് വാഗ്‌ദാനം ചെയ്യുന്നത്.

സിനിമാ തീയറ്ററിലെ സീറ്റിംഗ് പോലെ നിങ്ങൾക്ക് പിൻസീറ്റ് മടക്കിവെക്കാൻ കഴിയുന്ന മാജിക്കുമായാണ് ജാസിന്റെ ടോപ്പ് വേരിയന്റ് വന്നത്. 2015 മുതൽ 2017 വരെയുള്ള മോഡലാണെങ്കിൽ 1.2 ലിറ്റർ പെട്രോളും ഉയർന്ന കാര്യക്ഷമതയുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി സ്വന്തമാക്കാനുമാവും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മികച്ച ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗും ജാസിന് ലഭിക്കുന്നതും കാറിന്റെ കഴിവുകളെ എടുത്തു കാണിക്കുന്നുണ്ട്.
മാരുതി സുസുക്കി സിയാസ് (2014-17)
7 ലക്ഷം രൂപ ബജറ്റിന് കീഴിൽ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്ന പ്രായോഗികവും വിശ്വസനീയവും സൗകര്യപ്രദവുമായ സെഡാനാണ് മാരുതി സിയാസ്. നല്ല ഇന്റീരിയർ സ്പേസും 500 ലിറ്ററിലധികം ബൂട്ട് കപ്പാസിറ്റിയും ഉള്ള ഈ സി-സെഗ്മെന്റ് വാഹനം ഇന്നും വിപണിയിൽ മോശമല്ലാത്ത രീതിയിൽ വിറ്റഴിക്കുന്നുണ്ട്. ഒരു മാരുതി കാറായതിനാൽ മെയിന്റനെൻസ് ചെലവുകളെ കുറച്ചും ആശങ്കപ്പെടേണ്ടതില്ല.

അതോയൊപ്പം റീസെയിൽ വാല്യവും മികച്ചതായിരിക്കും. സെഡാൻ ഒരു ഫോർ സ്റ്റാർ സേഫിറ്റി റേറ്റഡ് കാറാണെന്നതും ഈ വിലയ്ക്ക് ഒത്ത മൂല്യം നിങ്ങൾക്ക് നൽകും. 2014-17 മോഡൽ ഇയറിലുള്ള വാഹനമാണ് സ്വന്തമാക്കുന്നത് എങ്കിൽ സിയാസിന് 1.4 ലിറ്റർ പെട്രോൾ എഞ്ചിനും ഫിയറ്റിന്റെ കിടിലൻ 1.3 ലിറ്റർ ഡീസൽ എഞ്ചിനുമായി തന്നെ വാങ്ങാനാവും. സെഡാന്റെ ഡീസൽ സിയാസിന് 25 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നതും.
ഫോർഡ് ഇക്കോസ്പോർട്ട് (2014-2017)
നിർത്തലാക്കിയെങ്കിലും ഒരിടയ്ക്ക് 15 ലക്ഷം രൂപയിൽ താഴെ വിലയിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന പ്രീമിയം കാറുകളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ബൂട്ടിൽ ഘടിപ്പിച്ച സ്‌പെയർ വീലും മാച്ചോ ലുക്കും പരുക്കൻ ആകർഷണവും കൊണ്ട് വിപണി വെട്ടിപിടിച്ച കോംപാക്‌ട് എസ്‌യുവി കൂടിയായിരുന്നുവിത്. രാജ്യത്ത് സബ്-4 മീറ്റർ യൂട്ടിലിറ്റി വാഹനങ്ങളെ ജനപ്രിയമാക്കിയതിലും ഇക്കോസ്പോർട്ടിന് വളരെയധികം പങ്കുണ്ട്.

എളുപ്പമുള്ളതും വിശ്വസനീയവുമായ എഞ്ചിനുകൾ, ഇന്റീരിയർ നിലവാരം, മികച്ച ഹാൻഡിലിംഗ് എന്നിവയായിരുന്നു ഇക്കോസ്‌പോർട്ടിന്റെ ഹൈലൈറ്റുകൾ. 2014 മുതൽ 2017 വരെയുള്ള ഇക്കോസ്‌പോർട്ട് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായിരുന്നു. എന്നാൽ അപൂർവമായ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോ-പെട്രോൾ എഞ്ചിനും ഇക്കാലയളവിലെ മോഡലിൽ കണ്ടെത്താനാവുകയും ചെയ്യും.
സ്കോഡ റാപ്പിഡ് / ഫോക്‌സ്‌വാഗണ്‍ വെന്റോ (2014-2017)
ഫോക്‌സ്‌വാഗൺ ഓട്ടോ ഗ്രൂപ്പ് (VAG) സെഡാനുകൾ അവയുടെ എഞ്ചിനീയറിംഗ്, റൈഡ് നിലവാരം, പഞ്ചി ഡീസൽ എഞ്ചിനുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. അവിടെയാണ് ബാഡ്‌ജ് എൻജിനീയറിംഗ് സഹോദരങ്ങളായ സ്കോഡ റാപ്പിഡിന്റെയും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെയും പ്രസക്തി കടന്നുവരുന്നത്. ഈ സെഡാനുകൾക്ക് 'ജർമൻ ബിൽറ്റ്' നിലവാരമുണ്ടായിരുന്നു.യൂസ്ഡ് കാർ വിപണിയിൽ ഇവ ഇപ്പോഴും വളരെ ജനപ്രിയമാണ്.
സ്കോഡ റാപ്പിഡും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെയും രണ്ടും 1.6 ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് ഇന്ത്യൻ വിപണിയിൽ ആദ്യ കാലത്ത് വാഗ്ദാനം ചെയ്തിരുന്നത്. 2014-2017 മോഡലുകൾ സ്വന്തമാക്കുകയാണെങ്കിൽ ഈ കോമ്പോ എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും. എന്നാൽ വെന്റോയ്ക്ക് പോളോയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ DSG ഓട്ടോ ഓപ്ഷനും ഉണ്ടായിരുന്നു.
ഹോണ്ട സിറ്റി (2014-2017)
ഹോണ്ട സിറ്റിയുടെ 5-6 വർഷം പഴക്കമുള്ള മോഡുകൾ അനായാസം 7 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാം. വിശാലമായ ക്യാബിൻ, ഉയർന്ന നിലവാരമുള്ള i-VTEC എഞ്ചിൻ, പ്രീമിയം ഇന്റീരിയർ നിലവാരം എന്നിവ യൂസ്‌ഡ് കാറുകൾക്കിടയിൽ ഇതിനെ വളരെ ജനപ്രിയമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഉയർന്ന ഡിമാന്റും ഈ പ്രീമിയം സെഡാനുണ്ടെന്നു വേണം പറയാൻ.
കൂടാതെ ഹോണ്ട സിറ്റി ഇപ്പോഴും ഒരു സ്റ്റാറ്റസ് സിംബലായാണ് കണക്കാക്കപ്പെടുന്നത്. പെട്രോൾ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 1.5 ലിറ്റർ i-VTEC ലഭിക്കുമ്പോൾ, ഡീസൽ പ്രേമികൾക്കായി ഉയർന്ന ടോർക്കും കാര്യക്ഷമതയും ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഹോണ്ട തങ്ങളുടെ സി-സെഗ്മെന്റ് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.
ഹ്യുണ്ടായി വേർണ (2014-2017)
7 ലക്ഷം രൂപയിൽ താഴെ വാങ്ങാനാവുന്ന മറ്റൊരു ജനപ്രിയ സെഡാനാണ് മുൻ തലമുറയിലുള്ള ഹ്യുണ്ടായി വേർണ. ഇതിന്റെ യുഎസ്പി ഫീച്ചർ സൺറൂഫ് ഉൾപ്പെടെയുള്ള സമ്പുഷ്ടമായ പാക്കേജും നിരവധി എഞ്ചിൻ ഓപ്ഷനുകളും ആയിരുന്നു. 2017-ൽ പുതിയ തലമുറ വേർണ വന്നുവെങ്കിലും അത് ഈ ബജറ്റിലൊന്നു കിട്ടില്ലെന്നതാണ് യാഥാർഥ്യം. ഹ്യുണ്ടായിയുടെ മെയിന്റനെൻസ് ചെലവുകളും താരതമ്യേന കുറവാണെന്നു പറയാം. 2014 മുതൽ 2017 വരെയുള്ള മോഡലാണ് വാങ്ങുന്നതെങ്കിൽ സെഡാനിൽ 1.4 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളും ലഭിക്കും.


Click it and Unblock the Notifications








