20 ലക്ഷം രൂപയ്ക്ക് രണ്ട് എസ്‌യുവികൾ വാങ്ങാം, ഈ കോമ്പോ ഒന്നു പിടിക്കാം
ആഗോള വാഹന വിപണിയെ ഹരംകൊള്ളിച്ചവരാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ. ഹാച്ച്ബാക്കുകളെ വരെ മറികടന്ന് എസ്‌യുവി മോഡലുകളുടെ വിൽപ്പന കുതിക്കുമ്പോൾ ഏവരും ഇന്ന് ഇത്തരം വാഹനങ്ങളുടെ പിന്നാലെയാണ്.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഖപ്രദമായ യാത്ര, മികച്ച സീറ്റിംഗ്, കമാൻഡിംഗ് ഫീൽ എന്നിവയാണ് ഇന്ത്യക്കാർ തങ്ങളുടെ കുഴികളുള്ള റോഡുകൾക്കായി എസ്‌യുവികളെ ഇഷ്ടപ്പെടുന്നതിന്റെ ചില കാരണങ്ങൾ. എന്നാൽ ഇന്നത്തെ മിക്ക എസ്‌യുവികളും വിലയുടെ കാര്യത്തിൽ വളരെ ചെലവേറിയതാണ്. പ്രത്യേകിച്ചും ഉയർന്ന വേരിയന്റുകളിലേക്ക് പോകുകയാണെങ്കിൽ.

എന്നിരുന്നാലും മേൽപറഞ്ഞ കാര്യങ്ങളെല്ലാം വളരെ നന്നായി നിർവഹിക്കുന്ന ചില താങ്ങാനാവുന്ന എസ്‌യുവികളും നമ്മുടെ വിപണിയുടെ ഹൈലൈറ്റാണ്. എന്നാൽ ഒരു വീട്ടിലേക്ക് രണ്ട് എസ്‌യുവികൾ വാങ്ങിയാൽ എങ്ങനെയിരിക്കും? അതും 20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന ബജറ്റിലാണെങ്കിലോ? അത്തരത്തിൽ സ്വന്തമാക്കാനാവുന്ന എസ്‌യുവി കോമ്പോ ഒന്നു പരിചയപ്പെട്ടാലോ?

ഹ്യുണ്ടായി ക്രെറ്റ E + ടാറ്റ നെക്‌സോൺ XM
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. വിൽപ്പന ആരംഭിച്ചതു മുതൽ ഇത് ഇന്ത്യൻ കാർ വിപണിയെ തന്നെ മാറ്റിമറിച്ചുവെന്നു വേണം പറയാൻ. കിടിലൻ ഡിസൈനും മികച്ച ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ കൊറിയൻ എസ്‌യുവി. ഒരു വീട്ടിലേക്ക് രണ്ട് എസ്‌യുവികൾ വാങ്ങാനാണെങ്കിൽ ആദ്യം ക്രെറ്റയുടെ "E" വേരിയന്റിനെ തെരഞ്ഞെടുക്കാം.

ഇതുപോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ഇതിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ കിടിലൻ പവറും പെർഫോമൻസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്രെറ്റയുടെ E വേരിയന്റിന് 10.43 ലക്ഷം രൂപയും നെക്സോണിന്റെ XM വേരിയന്റിന് 9.19 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

കിയ സെൽറ്റോസ് HTE + മഹീന്ദ്ര XUV300 W4
നെക്‌സോണിന്റെയും ക്രെറ്റയുടെയും നേരിട്ടുള്ള എതിരാളികളാണ് സെൽറ്റോസും XUV300 എസ്‌യുവിയും. എന്നിരുന്നാലും, ഈ രണ്ട് കാറുകളെയും വ്യത്യസ്തമാക്കുന്നത് ഡ്രൈവിംഗ് ഡൈനാമിക്സാണ്. കിയയ്ക്കും മഹീന്ദ്രയ്ക്കും അൽപ്പം സ്റ്റിഫർ സസ്‌പെൻഷനും അൽപ്പം ഭാരമേറിയ സ്റ്റിയറിങ് വീലുമാണ് ലഭിക്കുന്നത്.

ഇത് ഈ രണ്ട് കാറുകളും ഡ്രൈവ് ചെയ്യുന്നത് കൂടുതൽ രസകരമാക്കുകയും കോർണറിംഗിലെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ക്രെറ്റയുടെ അതേ പെട്രോൾ എഞ്ചിൻ തന്നെയാണ് സെൽറ്റോസിനും ലഭിക്കുന്നത്. അതേസമയം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് XUV300-യുടെ മറ്റൊരു ഹൈലൈറ്റ്. ഇതിന്റെ കുറഞ്ഞ ഭാരവും ചെറിയ വലിപ്പവും കാരണം കിടിലൻ പെർഫോമൻസാണ് ഈ കോംപാക്‌ട് എസ്‌യുവി നൽകുന്നത്. സെൽറ്റോിലിന്റെ HTE വേരിയന്റിന് 10.49 ലക്ഷം രൂപയും മഹീന്ദ്ര XUV300 W4 വേരിയന്രിന് 8.41 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

മഹീന്ദ്ര XUV700 MX + നിസാൻ മാഗ്നൈറ്റ് XE
ഏറ്റവും മികച്ച എസ്‌യുവിയെന്ന് അതിവേഗം പേരെടുത്ത മോഡലാണ് മഹീന്ദ്ര XUV700. താങ്ങാനാവുന്ന വിലയും കിടിലൻ ഫീച്ചറുമാണ് എസ്‌യുവി സെഗ്മെന്റിന്റെ മുഖഛായ തന്നെ XUV700 മാറ്റാൻ കാരണമായത്.

പെർഫോമൻസിന്റെ കാര്യത്തിലും കഴിവുറ്റ മോഡലുകളിൽ ഒന്നാണിത്. വാഹനത്തിലെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ 350 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

മറുവശത്ത് പെർഫോമൻസിന്റെ കാര്യത്തിൽ ആളിച്ചിരി പിന്നിലാണെങ്കിലും ഒരു കുഞ്ഞൻ എസ്‌യുവി നൽകുന്ന എല്ലാ സജ്ജീകരണങ്ങളും കഴിവുകളുമുള്ള കോംപാക്‌ട് എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ്. XUV700 MX പതിപ്പിന് 13.44 ലക്ഷം രൂപയും മാഗ്നൈറ്റ് XE വേരിയന്റിന് 5.97 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

സ്കോഡ കുഷാഖ് ആക്‌ടീവ് + ടാറ്റ പഞ്ച് ക്രീയേറ്റീവ്
സുരക്ഷയുടെ കാര്യത്തിൽ ഈ പട്ടികയിലെ ഏറ്റവും മികച്ച കോംബോയിൽ ഒന്നാണ് സ്കോഡ കുഷാഖും ടാറ്റ പഞ്ചും. രണ്ട് മോഡലുകളും GNCAP-ൽ നിന്ന് 5-സ്റ്റാർ സാക്ഷ്യപ്പെടുത്തിയ സുരക്ഷിത കാറുകളാണ്. സെഗ്‌മെന്റിലെ ഏറ്റവും പ്രീമിയം ഫീലിംഗ് എസ്‌യുവികളിലൊന്നാണ് കുഷാഖ്. ടൂ സ്‌പോക്ക് സ്റ്റിയറിംഗ് ഈ കാറിന്റെ പ്രീമിയം ടച്ച് വർധിപ്പിക്കുകയും ചെയ്യുന്നു.

ഓട്ടോമാറ്റിക് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെയുള്ള ചില സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായാണ് ടാറ്റ പഞ്ച് വരുന്നത്. സ്കോഡ കുഷാഖിന്റെ ആക്‌ടീവ് വേരിയന്റിന് 11.29 ലക്ഷം രൂപയും ടാറ്റ പഞ്ചിന്റെ ക്രീയേറ്റീവ് വേരയിന്റിന് 8.31 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ കംഫർട്ട്‌ലൈൻ + റെനോ കൈഗർ RXZ
ഫോക്‌സ്‌വാഗൺ ടൈഗൂണും റെനോ കൈഗറുമാണ് 20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുടെ ബജറ്റിൽ വാങ്ങാനാവുന്ന മറ്റൊരു എസ്‌യുവി കോമ്പോ. ഈ ലിസ്റ്റിലെ വളരെ ഫൺ-ടു-ഡ്രൈവ് കാറാണ് ടൈഗൂൺ. കുഷാഖിന്റെയും മാഗ്നൈറ്റിന്റെയും മറ്റൊരു ബാഡ്‌ജ് എൻജിനീയറിംഗ് മോഡലുകളാണിവ.

ടൈഗൂണിന്റെ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനുള്ള കംഫർട്ട്‌ലൈൻ വേരിയന്റിന് 11.55 ലക്ഷം രൂപയും കൈഗറിന്റെ RXZ വേരിയന്റിന് 8.39 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.


Click it and Unblock the Notifications








