CVT ഓട്ടോമാറ്റിക്കുള്ള കാറാണോ നോക്കുന്നേ? കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മിടുക്കൻമാർ
ഒരു കാർ വാങ്ങുമ്പോൾ നമ്മൾ ആദ്യം നോക്കുന്നത് അതിന്റെ വില എത്രയാണെന്നാവും അല്ലേ. എല്ലാ കാറുകളും തുല്യമായി സൃഷ്ടിക്കപ്പെടുന്നില്ല എന്നതിനാൽ തന്നെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാറുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു കാറിന്റെ വില തീരുമാനിക്കപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എഞ്ചിൻ തരവും ഗിയർബോക്‌സും.
ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്ക് മികച്ച ഡിമാന്റ് ഉണ്ടെങ്കിലും മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ പലരും മുതിരുന്നതിന് കാരണം വിലയിലുള്ള വ്യത്യാസമാണ്. വില കൂടിയ ആഡംബര വാഹനങ്ങളിൽ മാത്രം ലഭ്യമാകുന്ന ഒരു ഉയർന്ന സവിശേഷതയാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നു വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറിന് നല്ല മൈലേജ് ലഭിക്കില്ല എന്ന തെറ്റിദ്ധാരണയും പയ്യെ ഇല്ലാതായി. ഓട്ടോമാറ്റിക്കിൽ തന്നെ പലതരം ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്.

അതിൽ ഏറ്റവും ജനപ്രിയമായതിൽ ഒന്നാണ് കൺടിന്യൂവെസ് വേരിയബിൾ ട്രാൻസ്മിഷൻ എന്ന സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ. ഗതാഗതക്കുരുക്കുകൾ ഉള്ള നമ്മുടേത് പോലെ തിരക്കേറിയ ഒരു രാജ്യത്ത് ഓട്ടോമാറ്റിക് കാറുകൾ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ചെയ്യുന്നത്. എല്ലാ തരത്തിനും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും, പരമ്പരാഗത ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളെ അപേക്ഷിച്ച് മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാൽ സിവിടി കൂടുതൽ ജനപ്രിയമായി. അതിനാൽ ഇന്ത്യയിൽ സിവിടി ഗിയർബോക്‌സുള്ള ബജറ്റ് വാഹനങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നത്? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില മോഡലുകളെ ഒന്നു പരിചയപ്പെടാം.
ഹോണ്ട ജാസ്
ഒരു കാലത്ത് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രീമിയം മോഡലായി കണക്കാക്കപ്പെട്ടിരുന്ന വാഹനമാണ് ഹോണ്ട ജാസ്. 1.2 ലിറ്റർ i-VTEC എഞ്ചിനിലാണ് ഇത് നിലവിൽ വരുന്നതെങ്കിലും നേരത്തെ ഡീസൽ ഓപ്ഷനും കാറിലുണ്ടായിരുന്നു. താങ്ങാനാവുന്ന വിലയുള്ള ഒരു സിവിടി ഓട്ടോമാറ്റിക് കാറാണ് തിരയുന്നതെങ്കിൽ നിസംശയം തെരഞ്ഞെടുക്കാം ജാസിനെ. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഉപഭോക്താവിനെ മനസിൽ കണ്ടാണ് ഹോണ്ട ജാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ശൈലിയുടെയും പ്രവർത്തനത്തിന്റെയും സമ്പൂർണ സംയോജനമാണെന്നും പറയാം. പവർ വിൻഡോകളും മിററുകളും, കീലെസ് എൻട്രി, എ/സി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് ക്യാമറ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളോടെയാണ് കാർ വരുന്നത്.
ഹോണ്ട അമേസ്
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് ഹോണ്ട അമേസ്. 8.37 ലക്ഷം രൂപ മുതലാരംഭിക്കുന്ന എക്സ്ഷോറൂം വിലയാണ് ഈ കോംപാക്‌ട് സെഡാനുള്ളത്. ഈ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിത് എന്ന കാര്യവും ഡിമാന്റ് വർധിപ്പിക്കുന്നു. 6000 rpm-ൽ 88 bhp കരുത്തും 4800 rpm-ൽ 110 Nm torque ഉം നൽകുന്ന 1.2ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്. ഡീസൽ വേരിയന്റ് 100 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിനുകളും നിങ്ങളുടെ മുൻഗണന അല്ലെങ്കിൽ ബജറ്റ് പരിമിതികൾ അനുസരിച്ച് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാവുന്നതാണ്.
നിസാൻ മാഗ്നൈറ്റ്
സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഒരു കോംപാക്‌ട് എസ്‌യുവി തിരയുന്ന ആളാണ് നിങ്ങളെങ്ങിൽ തീർച്ചയായും പരിഗണിക്കാവുന്ന മോഡലാണ് നിസാൻ മാഗ്നൈറ്റ്. ഇതിന് മികച്ച ഇന്ധനക്ഷമതയും സിറ്റി ഡ്രൈവിംഗിന് തികച്ചും അനുയോജ്യവുമാണ്. വേഗത കൂട്ടുമ്പോഴോ വേഗത കുറയ്ക്കുമ്പോഴോ കുറച്ച് ഗിയറുകൾ ഉപയോഗിക്കുന്നതിലൂടെയാണ് മാഗ്നൈറ്റ് സിവിടി ഇന്ധനക്ഷമത നൽകുന്നത്. ഉയർന്ന പെർഫോമൻസ് ഡ്രൈവിങ്ങിന് എഞ്ചിൻ വേണ്ടത്ര പവർഫുള്ളല്ലെങ്കിലും കാറിന്റെ ഇന്റീരിയർ ദീർഘദൂര യാത്രകൾക്ക് വരെ അനുയോജ്യമാണ്. 9.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവിയുടെ ഗിയർലെസ് ഓട്ടോമാറ്റിക് വേരിയന്റുകൾ വരുന്നത്.
റെനോ കൈഗർ
മികച്ച കോംപാക്ട് എസ്‌യുവിയായി റെനോ വിഭാവനം ചെയ്ത വാഹനമാണ് കൈഗർ. നിസാൻ മാഗ്‌നൈറ്റിന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന മോഡൽ ഒരേ സവിശേഷതകളും പങ്കിടുന്നുണ്ട്. കൈഗറിന്റെ RX ടർബോ വേരിയന്റും മാഗ്‌നൈറ്റിന് കരുത്ത് പകരുന്ന അതേ 999 സിസി ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്. 5.99 ലക്ഷം മുതൽ 10.62 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്‌സ്‌ഷോറൂം വില.
കിയ സെൽറ്റോസ്
സിവിടി ഓപ്ഷനുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം കാറാണ് കിയ സെൽറ്റോസ്. ഇതിന് 15.45 ലക്ഷം രൂപ മുതലാണ് വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് കൺടിന്യൂവെസ് വേരിയബിൾ ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കുന്നത്. എഞ്ചിൻ സ്‌ട്രെയിനും എമിഷനും കുറച്ചുകൊണ്ട് ഇന്ധനം ലാഭിക്കുന്നതിനും അതോടൊപ്പം യാത്രക്കാരുടെ ഡ്രൈവബിലിറ്റിയിലോ കംഫർട്ട് ലെവലിലോ വിട്ടുവീഴ്ച ചെയ്യാതെ മൊത്തത്തിലുള്ള പെർഫോമൻശ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമാണ് സെൽറ്റോസ് സിവിടിയുടെ സവിശേഷത. മികച്ച ഡ്രൈവിംഗ് അനുഭവം നേടാൻ സഹായിക്കുന്ന 7-സ്പീഡ് സിവിടി ട്രാൻസ്മിഷനോടുകൂടിയാണ് ഇത് വരുന്നത്. ഹൈവേകളിൽ 21 കിലോമീറ്ററും സിറ്റി സാഹചര്യങ്ങളിൽ 16 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഈ കാറിനുണ്ട്.


Click it and Unblock the Notifications








