കാലത്തിനനുസരിച്ച് കോലവും മാറാം, സേഫ്റ്റിയുടെ അവസാനവാക്കാവാൻ റൂഫ് മൗണ്ടഡ് എയർബാഗുകൾ വരുന്നു

സേഫ്റ്റി ഇന്നൊരു പ്രധാനമായി കണക്കാക്കുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വാഹനം വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം മാറി. വളരെ പെട്ടന്നാണ് ഇത്തരത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഈ ഒരു അവബോധം വളർന്നത്. എയർബാഗ് മാത്രമല്ല സുരക്ഷ എന്ന് ആളുകൾ മനസിലാക്കിയെന്ന് സാരം. എന്നാൽ ഒരു കാറിലെ ഏറ്റവും നിർണായകമായ സുരക്ഷാ ഘടകങ്ങളിലൊന്നാണ് എയർബാഗ് എന്നതും മറക്കേണ്ട.

ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ വിലയിലും മൈലേജിലും കൂടുതൽ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, വാഹന നിർമാതാക്കളെല്ലാം സുരക്ഷാ ഉപകരണങ്ങൾക്ക് മുൻ‌ഗണന നൽകാൻ തുടങ്ങിയിട്ടുമുണ്ട്. ഇന്ന് ഒന്നിലധികം എയർബാഗുകളുമായാണ് പുതിയ പല വാഹനങ്ങളും വിപണിയിലേക്ക് കടന്നു വരുന്നത്. സൈഡ്, കർട്ടൻ എയർബാഗ് എന്നൊക്കെ ഇപ്പോൾ സ്ഥിരമായി കാറുകളോട് ചേർത്ത് വായിക്കാറുകളുണ്ടെങ്കിലും റൂഫ് മൗണ്ടഡ് എയർബാഗുകളെ കുറിച്ച് പലരും അധികം കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഇനി ഈ സംവിധാനം കൂടുതൽ വാഹനങ്ങളിലേക്ക് എത്തുമെന്നതാണ് സന്തോഷം തരുന്ന കാര്യം.

ഇപ്പോൾ ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ അവിഭാജ്യ ഘടകമാണ് എയർബാഗുകൾ. മാരകമായ അപകടങ്ങളിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ, കാറിനുള്ളിൽ സ്റ്റിയറിംഗ് മുതൽ സീറ്റുകൾ വരെ എയർബാഗുകൾ ഘടിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പല സ്ഥലങ്ങളിലും തന്ത്രപ്രധാനമായ പ്ലെയ്‌സ്‌മെന്റ് ഉണ്ടായിരുന്നിട്ടും, വാഹനം മറിഞ്ഞുവീഴുന്ന സന്ദർഭങ്ങളിൽ മേൽക്കൂരയിൽ നിന്ന് മാരകമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യതയും പലതവണ തുറന്നുകാട്ടിയിട്ടുണ്ട്. എയർബാഗുകൾ വർഷങ്ങളായി പരിണമിച്ച് പല സെറ്റപ്പുകളിൽ എത്തിയതിന്റെ മറ്റൊരു ഫലമാണ് റൂഫ് മൗണ്ടഡ് എയർബാഗുകൾ.

വാഹനം മറിഞ്ഞുണ്ടാവുന്ന അപകടങ്ങളിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ചുമതലയാണ് റൂഫ് മൗണ്ടഡ് എയർബാഗുകൾ വഹിക്കുന്നത്. ഒരു സെക്കന്റിന്റെ അംശങ്ങൾക്കുള്ളിൽ ഊതിവീർപ്പിച്ച്, സൺറൂഫിലൂടെ പുറത്തേക്ക് പോകുന്നതിൽ നിന്നോ വാഹനം മറിഞ്ഞുവീണാൽ വലിയ പരിക്കേൽക്കുന്നതിൽ നിന്നോ യാത്രക്കാരെ സംരക്ഷിക്കുന്നതിനാണ് മേൽക്കൂരയ്ക്കുള്ള എയർബാഗുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഹ്യുണ്ടായി മൊബിസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച്, റൂഫ് മൗണ്ടഡ് എയർബാഗുകൾ സൺറൂഫിന് സമീപം അല്ലെങ്കിൽ ചുറ്റിനുമായി തന്ത്രപരമായി ഘടിപ്പിക്കും.

കൂട്ടിയിടിയോ റോൾഓവറോ സംഭവിക്കുമ്പോൾ റൂഫ് മൗണ്ടഡ് എയർബാഗുകൾ വിന്യാസിക്കാൻ സെൻസറുകൾ ട്യൂൺ ചെയ്തിരിക്കും. എയർബാഗിൽ സിലിക്കൺ പൂശും. ഇത് എയർബാഗിന്റെ ആകൃതി ഏകദേശം 6 സെക്കൻഡ് നിലനിർത്താൻ സഹായിക്കും. കാര്യക്ഷമമായ വിന്യാസത്തെ സഹായിക്കുന്നതിന് സ്റ്റെയിൻലെസ് വയറുകളും മൗണ്ടിംഗിൽ ഉൾപ്പെടും. മോബിസിന്റെ അഭിപ്രായത്തിൽ റൂഫിൽ ഘടിപ്പിച്ച എയർബാഗുകൾ ഏകദേശം 0.08 സെക്കൻഡിനുള്ളിൽ വ്യാപിക്കുമെന്നാണ്. നിലവിൽ, വികസനത്തിൽ, ഫോർഡ് പോലും റൂഫ് മൗണ്ടഡ് എയർബാഗുകൾക്ക് പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്.

പേറ്റന്റ് വിശദാംശങ്ങൾ അനുസരിച്ച് ഓരോ പാസഞ്ചർ സീറ്റിനും മുകളിൽ റിംഗ് പോലുള്ള മൊഡ്യൂളുകളിൽ എയർബാഗുകൾ സ്ഥാപിക്കും. അത്തരമൊരു പ്ലേസ്‌മെന്റ് ഉപയോഗിച്ച് എയർബാഗുകൾ വിന്യസിക്കാൻ നല്ല ഹെഡ്‌റൂം ഉള്ള എസ്‌യുവികളിൽ ഈ എയർബാഗുകൾ അരങ്ങേറാനാണ് സാധ്യതയുള്ളത്. അതിനാൽ ഇതെല്ലാം റൂഫിൽ ഘടിപ്പിച്ച എയർബാഗുകളുടെ സാധ്യത വർധിപ്പിക്കുന്നു. എന്നിരുന്നാലും നിലവിൽ, അതിന്റെ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് ഘട്ടത്തിൽ ആയതിനാൽ തന്നെ റൂഫ് മൗണ്ടഡ് എയർബാഗുകൾ എയർബാഗുകൾ എത്താൻ സമയമെടുക്കും.

എന്നിരുന്നാലും, സുരക്ഷാ ഉപകരണങ്ങളുടെ പരിണാമത്തിലേക്കുള്ള ഒരു നല്ല ചുവടുവയ്പ്പാകും റൂഫ് മൗണ്ടഡ് എയർബാഗുകൾ. എയർബാഗുകൾ മറ്റ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗതമായതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. പേറ്റന്റ് ഫയലിംഗ് ചിത്രങ്ങൾ അനുസരിച്ച്, ഓരോ സീറ്റിനും മുകളിലായി റിംഗ് പോലുള്ള ഹൗസുകളിൽ എയർബാഗുകൾ ഘടിപ്പിക്കും. സെഡാനുകൾ, കൂപ്പെകൾ, എസ്‌യുവികൾ, മിനിവാനുകൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം വാഹനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ മേൽക്കൂരയിൽ ഘടിപ്പിച്ച എയർബാഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാണിജ്യ വാഹനങ്ങളിലും ഇത് ഉപയോഗിക്കാം. എന്നിരുന്നാലും, എയർബാഗുകളുടെ രൂപകൽപ്പന കണക്കിലെടുക്കുമ്പോൾ ധാരാളം ഹെഡ്‌റൂം ഉള്ള ബോഡി ശൈലിയുള്ള വാഹനങ്ങൾക്ക് ഇത് കൂടുതൽ അനുയോജ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. 1980-കൾ മുതൽ, കാറുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയപ്പോൾ, യാത്രക്കാരുടെ ജീവൻ നിലനിർത്താൻ എയർബാഗുകൾ ആവശ്യമായ ഘടകമായി മാറി. ഇന്ന് ഓട്ടോണമസ് ഡ്രൈവിംഗ് കാലഘട്ടം വരെ എത്തി നിൽക്കുമ്പോൾ ഈ സാങ്കേതികവിദ്യ വളരെ കൂടുതൽ ഉപയോഗിക്കപ്പെടുമെന്നതിനാൽ ഇത് യാഥാർഥ്യമാവാൻ നമുക്ക് കാത്തിരിക്കാം.

Most Read Articles

Malayalam
English summary
The future of roof mounted airbags in cars and how it works
Story first published: Wednesday, November 30, 2022, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X