സൈനികരംഗത്തെ ഇന്ത്യയുടെ പുതിയ സേവകൻ; ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനക്ക് കൈമാറി
തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറി. ജോധ്പൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെയും ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരിയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനക്ക് കൈമാറിയത്.

"പ്രചന്ദ്" എന്ന പേരിലാവും ഈ ഹെലികോപ്റ്ററുകൾ അറിയപ്പെടുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (LCH) നിര്‍മിച്ചത്. മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാൻ ഇവ പ്രാപ്‌തമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

പൊതുമേഖലാ ബഹിരാകാശ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രാഥമികമായി ഉയർന്ന പ്രദേശങ്ങളിലെ വിന്യാസത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 1999-ലെ കാർഗിൽ പോരാട്ടത്തിന് ശേഷം ഉയർന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഇത്തരമൊരു സമർപ്പിത പ്ലാറ്റ്‌ഫോം ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ഈ ചിന്തയിലേക്ക് ഇന്ത്യൻ സൈന്യം എത്തുന്നത്.

തുടർന്ന് രണ്ട് പതിറ്റാണ്ടായുള്ള ഗവേഷണത്തിന്റേയും വികസനത്തിന്റേയും ഫലമായാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ യാഥാർഥ്യമാവുന്നത്. 5.8 ടണ്‍ ഭാരമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതും.

ഏത് പ്രതികൂല കാലാവസ്ഥയിലും ടേക്ക് ഓഫും ലാൻഡിങും നടത്താൻ ഇതിന് സാധിക്കും എന്നതാണ് എൽസിഎച്ചിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായി എടുത്തു പറയാനാവുന്നത്. ഗണ്യമായ ആയുധങ്ങളും ഇന്ധനവുമായി 5,000 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ഹെലികോപ്റ്ററിന് 500 കിലോമീറ്റർ കോംബാറ്റ് റേഡിയസ് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഇത് 21,000 അടി സർവീസ് പരിധി വരെ പറക്കാൻ യോഗ്യവുമാണ്. അതായത് ഇത് സിയാച്ചിൻ ഹിമാനിയുടെ ഉയർന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ അനുയോജ്യമാണെന്ന് സാരം. ഹെലികോപ്റ്ററിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2010 മാർച്ച് 29-ന് ആദ്യത്തെ പറക്കൽ നടത്തിയിരുന്നു. അതിനുശേഷം വിപുലമായ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാവുകയും ചെയ്‌തു.

20 mm നോസ് ഗൺ, 70 mm റോക്കറ്റുകൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ‘ധ്രുവസ്ത്ര', പരമാവധി 6.5 കിലോമീറ്റർ ഇന്റർസെപ്ഷൻ പരിധിയുള്ള എംബിഡിഎയുടെ എയർ ടു എയർ മിസൈൽ ‘മിസ്ട്രൽ-2' എന്നിവ എൽസിഎച്ചിൽ സജ്ജമാണ്.

2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) എൽസിഎച്ചിന്റെ 15 ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ (LSP) വകഭേദങ്ങൾ 3,887 കോടി രൂപയ്ക്ക് വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിന് 377 കോടി രൂപയ്ക്കും അംഗീകാരം നൽകി. 15 ഹെലികോപ്റ്ററുകളിൽ 10 എണ്ണം ഐഎഎഫിനും അഞ്ചെണ്ണം സൈന്യത്തിനുമായാണ് നൽകുന്നത്.

നിലവിൽ സേവനത്തിലുള്ള AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് പുറമെ ചൈനയുമായുള്ള ആക്ച്വൽ കൺട്രോൾ ലൈനിൽ LCH വിന്യസിക്കും. കരസേനയ്ക്കും ഐഎഎഫിനും എൽസിഎച്ചിന്റെ വലിയ ആവശ്യകതയുണ്ട്. എന്നാൽ ഇതിനുള്ള കരാർ ഇനിയും പൂർത്തിയായിട്ടില്ല.

കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ (CSAR), ഡിസ്ട്രക്ഷൻ ഓഫ് എനിമി എയർ ഡിഫൻസ് (DEAD), കൗണ്ടർ എന്നീ റോളുകൾ നിർവഹിക്കാനുള്ള കഴിവും അതോടൊപ്പം എല്ലാ കാലാവസ്ഥയിലും പോരാടാനുള്ള ശേഷിയും പ്രചന്ദ് ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്.
സ്ലോ മൂവിംഗ് എയർക്രാഫ്റ്റുകൾക്കും റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റുകൾക്കും (RPA) എതിരെയുള്ള വിമത (CA) പ്രവർത്തനങ്ങൾ, ഉയർന്ന ഉയരത്തിലുള്ള ബങ്കർ തകർക്കൽ പ്രവർത്തനങ്ങൾ, കാടുകളിലും നഗരങ്ങളിലും ഉള്ള വിമത പ്രവർത്തനങ്ങൾ, കരസേനയ്ക്ക് പിന്തുണ എന്നിവയെല്ലാം ഈ ഹെലികോപ്റ്ററുകളുടെ ഡ്യൂട്ടിയായിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications