പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ
വിശാലമായ ക്യാബിനും വലിയ ബൂട്ടും പോലെയുള്ള പ്രായോഗിക ഗുണങ്ങളുള്ള നല്ല ഉൽപ്പന്നങ്ങളാണ് ക്രോസ്ഓവർ കാറുകൾ എങ്കിലും ഇന്ത്യൻ വിപണിയിൽ ഇവയ്ക്ക് അത്ര ആരാധകരില്ലെന്നു വേണം പറയാൻ. ഇതുവരെ നമ്മുടെ നിരത്തുകളിൽ ഹിറ്റായ ക്രോസ്ഓവർ മോഡലുകൾ വരെ വളരെ വിരളമാണ്.

സെഡാനുകൾ പോലെയുള്ള മറ്റ് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രോസ്ഓവർ ഓടിക്കാൻ എളുപ്പമാണെന്നതും പലർക്കും അറിയാത്തൊരു വസ്‌തുതയാണ്. കാരണം അവ മികച്ച ദൃശ്യപരത വാഗ്ദാനം ചെയ്യുന്നതോടൊപ്പം ക്രോസ്ഓവറുകൾക്ക് മികച്ച റോഡ് സാന്നിധ്യവുമുണ്ട് എന്നതാണ്.

അടിസ്ഥാനപരമായി ക്രോസ്ഓവർ എന്നത് ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച വാഹനം തന്നെയാണ്. റൈഡ് ഉയരം വർധിക്കുകയും കൂടുതൽ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് മികച്ച ഗ്രൗണ്ട് ക്ലിയറൻസുമാണ് ക്രോഓവറുകളിൽ ബ്രാൻഡുകൾ എക്കാലവും ഒരുക്കിയിട്ടുണ്ട്. ഇത്തരം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ പ്രയോജനങ്ങളുടെ നീണ്ടനിരയ്ക്കൊപ്പം പ്രായോഗികതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പക്ഷേ ക്രോസ്ഓവറുകൾക്ക് ഇന്ത്യയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. അതിനുള്ള ഉത്തമ ഉദാഹരണമാണ് മാരുതി സുസുക്കിയുടെ എസ്-ക്രോസ് നിർത്തലാക്കുന്നതിനു വരെ നാം സാക്ഷ്യംവഹിച്ചത്. എന്താണ് ക്രോസ്ഓവർ മോഡലുകൾ രാജ്യത്ത് ക്ലച്ചുപിടിക്കാതെ പോയതെന്ന് ഒന്നു നോക്കിയാലോ?

മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ലാത്തത്.
എറ്റിയോസ് ക്രോസ്, അവെഞ്ചുറ, ക്രോസ് പോളോ, ടിയാഗോ NRG തുടങ്ങിയ ഹാച്ച്ബാക്കുകളുടെ ക്രോസ്ഓവർ പതിപ്പ് നിർമാതാക്കൾ വികസിപ്പിച്ചെടുത്തപ്പോൾ യാതൊരു വിധ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഇല്ലാതെയാണ് അവയെ വിപണിയിൽ എത്തിച്ചത്. ഇവയുടെ സ്റ്റാൻഡേർഡ് പതിപ്പുകളിൽ നൽകിയ അതേ സംവിധാനങ്ങൾ തന്നെ ഈ ക്രോസ്ഓവർ മോഡലുകളിലേക്കും അതേപടി പകർത്തിയത് ഉപഭോക്താക്കളെ അകറ്റിനിർത്തുകയാണുണ്ടായത്.

ഒരു ഹാച്ച്ബാക്കിൽ നിന്ന് ഒരു എസ്‌യുവി ക്രോസ്ഓവർ നിർമിക്കുകയാണെങ്കിൽ എഞ്ചിന് ഒരു അധിക പവർ പഞ്ച് ആവശ്യമാണ്. എസ്‌യുവികൾ പ്രാധാന്യമുള്ളതും ശക്തവുമാണെന്ന് അറിയപ്പെടുന്നതിനാൽ കോസ്മെറ്റിക് നവീകരണങ്ങൾ മാത്രം നൽകിയാൽ വിജയമാവില്ലെന്ന് വിപണി പലകുറി ആവർത്തിച്ച് തെളിയിച്ചു.

എന്നാൽ കാഴ്ച്ചയിൽ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ പരുക്കൻ രൂപമാണ് ക്രോസ്ഓവറുകൾക്കുള്ളതെന്ന് കമ്പനികൾ എല്ലായ്പ്പോഴും ഉറപ്പുവരുത്തിയിരുന്നു. അതിനായി കാറിന്റെ വശങ്ങളിൽ ഉടനീളം ബീഫി ക്ലാഡിംഗ് ചേർക്കുകയും മുകളിൽ റൂഫ് റെയിലുകൾ നൽകുകയും റൈഡ് ഉയരവും ഗ്രൗണ്ട് ക്ലിയറൻസും ചെറുതായി വർധിപ്പിക്കുകയും ചെയ്തു.

ഒരു ക്രോസ്ഓവറിന്റെ സുപ്രധാന ഘടകമായതിനാൽ അധിക ഗ്രൗണ്ട് ക്ലിയറൻസ് നിർബന്ധമായിരുന്നു. പിന്നീട് അവഞ്ചുറയുടെ സമാരംഭത്തിന് ഒരു വർഷത്തിനുശേഷം ഫിയറ്റ് ഈ തെറ്റ് മനസിലാക്കി അവർ അബാർത്തിന്റെ ഹൃദയത്തോടെ വാഹനത്തെ ഒന്നു പരിഷ്ക്കരിക്കാനും തയാറായി.

തുടർന്ന് മോഡലിന്റെ പുതിയ 1.4 ലിറ്റർ ടി-ജെറ്റ് പെട്രോൾ എഞ്ചിൻ 140 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായി. ഇത് 90 bhp പവറുള്ള പുന്തോയുടെ ഡീസൽ എഞ്ചിനേക്കാൾ വളരെ പവർഫുള്ളായ വേരിയന്റാക്കി. വിപണിയിൽ അത്രയധികം യൂണിറ്റുകൾ വിറ്റഴിക്കാൻ ഫിയറ്റിന് അക്കാലത്ത് കഴിഞ്ഞില്ലെങ്കിലും ഇതിനെ ഒരു ഇതിഹാസ മോഡലായി പേരെടുക്കാൻ ഇക്കാര്യങ്ങളെല്ലാം ഏറെ സഹായിച്ചു.

ഉയർന്ന വില
അടുത്തിടെ വിപണിയിൽ നിന്ന് മറ്റൊരു ക്രോസ്ഓവർ എസ്‌യുവിയായ മാരുതി സുസുക്കി എസ്-ക്രോസ് വിടവാങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഒരു എസ്‌യുവി ഫീൽ നൽകുന്നതിനായി ചില കോസ്മെറ്റിക് നവീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലായിരുന്നു ഇന്ത്യയിലെ മറ്റ് ക്രോസ്ഓവർ കാറുകൾ. ഗ്രൗണ്ട് ക്ലിയറൻസ് പോലും ഉയർത്താൻ പല കമ്പനികളും തയാറായില്ലെന്നു വേണം പറയാൻ.

കപട-എസ്‌യുവികൾ കൂടുതലായതിനാൽ നിർമാതാക്കൾ ഈ രീതിയിൽ ഉയർന്ന വില ഈടാക്കുന്നതിൽ ഒരു പിശുക്കും കാണിച്ചില്ല. എന്നാൽ ഇതു തിരിച്ചറിഞ്ഞ ഉപഭോക്താക്കൾ എക്കാലവും ക്രോസ്ഓവർ മോഡലുകളോട് മുഖംതിരിച്ചു നിന്നു. ഇതൊക്കെയാണ് എസ്-ക്രോസിന്റെ പരാജയത്തിലേക്ക് നയിച്ചത്.

മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ കാറായിരുന്നു എസ്-ക്രോസ്. താങ്ങാനാവുന്ന കാറുകൾക്ക് പേരുകേട്ടവരായിരുന്നു എക്കാലവും മാരുതി. എന്നാൽ ഇതിനും മുമ്പ് പറഞ്ഞ അതേ പ്രശ്‌നങ്ങൾ തന്നെ ഉണ്ടായിരുന്നു. വിറ്റാര ബ്രെസയുടെ കൃത്യമായ സാങ്കേതിക സവിശേഷതകൾ കടമെടുത്താണ് കമ്പനി എസ്-ക്രോസിനെ നിർമിച്ചെടുത്തത്.

ഇത് മികച്ച വലിപ്പവും ആധുവിക ഫീച്ചറുകളാലും എസ്-ക്രോസ് ബ്രെസയേക്കാൾ ഏറെ മികച്ചത് തന്നെ ആയിരുന്നു. എന്നാൽ ബാക്കിയുള്ള എഞ്ചിൻ ശേഷിയും പവറും എല്ലാം കോംപാക്‌ട് എസ്‌യുവിക്ക് സമാനമായിരുന്നതും എസ്-ക്രോസിന് തിരിച്ചടിയായി. സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളാലും വാഹനം മിടുക്കനായിരുന്നെങ്കിലും വിപണിയിൽ ഉണ്ടായിരുന്ന 7 വർഷവും കാര്യമായ ചലനങ്ങളൊന്നും വാഹനത്തിന് ഉണ്ടാക്കിയെടുക്കാനായിരുന്നില്ല.

മറ്റ് കിടിലൻ എസ്‌യുവികളുടെ സാന്നിധ്യം
യഥാർഥ എസ്‌യുവി മോഡലുകളോട് ഇന്ത്യൻ ഉപഭോക്താക്കൾക്കുണ്ടായിരുന്ന പ്രണയമാണ് ക്രോസ്ഓവറുകളുടെ തകർച്ചയ്ക്ക് കാരണമായ മറ്റൊരു പ്രധാന കാരണം. പോരാത്തതിന് ഹാച്ച്ബാക്കുകൾക്കും വലിയ ഡിമാൻഡാണ് രാജ്യത്തുണ്ടായിരുന്നതും. എസ്‌യുവികൾക്കായുള്ള ഡിമാന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സബ്-4 മീറ്റർ എസ്‌യുവികളിലൂടെ വളരെയധികം വളർന്നു.

ഇപ്പോൾ ജീപ്പ് മെറിഡിയൻ പോലുള്ള പുതിയ മോഡലുകൾ ലഭിക്കുന്ന പ്രീമിയം സെഗ്‌മെന്റും നമുക്കുണ്ട്. ആയതിനാൽ എസ്‌യുവി പ്രേമികൾ എല്ലായ്‌പ്പോഴും ക്രോസ്ഓവറുകളേക്കാൾ മികച്ച പവർ ഉള്ള ഒറിജിനൽ എസ്‌യുവി മോഡലുകളിലേക്ക് തന്നെ പോകും. ബലേനോ, ആൾട്രോസ്, i20 തുടങ്ങിയ സ്ഥാനാർത്ഥികൾക്കൊപ്പം ഹാച്ച്ബാക്ക് സെഗ്‌മെന്റും നന്നായി സ്ഥാപിതമാണ്.

അതിനാൽ രണ്ട് സെഗ്‌മെന്റുകൾക്കും ഇതിനകം നന്നായി സ്ഥാപിതമായ മാർക്കറ്റുകൾ ഉള്ളതിനാൽ രണ്ട് സെഗ്‌മെന്റുകളും മിശ്രണം ചെയ്യുന്ന ഒരു ക്രോസ്ഓവർ ഇവിടെയുള്ള ആളുകൾക്ക് കൃത്യമായി മനസിലാവുകയോ അല്ലെങ്കിൽ വാങ്ങാനോ ആഗ്രഹിച്ചില്ലെന്നു വേണം പറയാൻ. ഇക്കാരണങ്ങളൊക്കെയാണ് ക്രോസ്ഓവർ കാറുകളുടെ പരാജയത്തിലേക്ക് നയിച്ച കാര്യങ്ങൾ.


Click it and Unblock the Notifications








