ടാറ്റയ്ക്കും മാരുതിക്കും ഒന്നു മാത്രം, മുന്നിൽ ഹ്യുണ്ടായി! 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന കാറുകൾ
റോഡ് സുരക്ഷയെ കുറിച്ച് വർധിച്ചുവരുന്ന അവബോധം കാറുകൾ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ കാറുകൾക്കും നിർബന്ധമായും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

നിലവിലെ നിയമം അനുസരിച്ച് കാറുകളിൽ സ്റ്റാൻഡേർഡ് ആയി ഇരട്ട എയർബാഗുകൾ സജ്ജീകരിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മോഡലുകളെയും കമ്പനികളെയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഹോണ്ട
ഹോണ്ട ഇന്ത്യയുടെ നിരയിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏക കാർ അഞ്ചാം തലമുറ ആവർത്തനത്തിലെത്തുന്ന സിറ്റി പ്രീമിയം സെഡാനാണ്. കാറിന്റെ 12.62 ലക്ഷം രൂപ മുതലുള്ള മിഡിൽ വേരിയന്റായ VX പതിപ്പ് മുതലാണ് ഈ സവിശേഷത ലഭിക്കുകയുമുള്ളൂ.

മറ്റ് ഹോണ്ടകളായ ജാസ്, ഡബ്ല്യുആർ-വി, അടുത്തിടെ പരിഷ്ക്കരച്ചെത്തിയ അമേസ് കോപാക്ട് സെഡാൻ എന്നിവയ്ക്ക് രണ്ട് എയർബാഗുകൾ മാത്രമാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടവാഗ്ദാനം ചെയ്യുന്നത്.

ഹ്യുണ്ടായി
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നവരാണ് ഹ്യുണ്ടായി. കൂടാതെ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കൂടുതൽ മോഡലുകളുള്ളതും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നിരയിലാണ്.

കമ്പനിയുടെ ശ്രേണിയിൽ ആറ് എയർബാഗുകൾ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന കാർ i20 ആസ്റ്റ (O) വേരിയന്റാണ്. ഇതിന്റെ എക്സ്ഷോറൂം വില 9.41 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 10.85 ലക്ഷം രൂപ മുതലുള്ള SX (O) വേരിയന്റിലുള്ള വെന്യു കോംപാക്ട് എസ്‌യുവിയാണ് അടുത്തത്.

ക്രെറ്റയ്ക്കും വേർണയ്ക്കും സൈഡ്, കർട്ടൻ എയർബാഗുകൾ ടോപ്പ് എൻഡ് SX(0) പതിപ്പുകളിലാണ് ലഭിക്കുന്നത്. ഇവയ്ക്ക് വില യഥാക്രമം 16.15 ലക്ഷം മുതൽ 14.7 ലക്ഷം രൂപ വരെയാണ്.

മാരുതി സുസുക്കി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ശ്രേണയിൽ ആറ് എയർബാഗുകൾ ലഭിക്കുന്ന ഒരേയൊരു കാർ പുതിയ ബലേനോയാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ ഏറ്റവും ടോപ്പ് വേരിയന്റുകളിലാണ് ഈ സജ്ജീകരണം വാഗ്ദാനം ചെയ്യുക.

സൈഡ്, കർട്ടൻ എയർബാഗുകൾ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാർ കൂടിയാണ് പുതുതായി എത്തിയ മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്. ഇതിന്റെ വില വില 8.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ പുതുക്കിയ കൂടുതൽ മോഡലുകളിലേക്ക് 6 എയർബാഗുകൾ നൽകാൻ കമ്പനി തയാറെടുക്കുന്നുണ്ട്.

കിയ മോട്ടോർസ്
കിയ തങ്ങളുടെ എംപിവികളിലും എസ്‌യുവികളിലും ആറ് എയർബാഗ് ഘടിപ്പിച്ച വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സോനെറ്റ്, സെൽറ്റോസ് എസ്‌യുവികൾക്ക് യഥാക്രമം 11.99 ലക്ഷം രൂപ മുതൽ 16.39 ലക്ഷം രൂപ വരെ ആരംഭിക്കുന്ന ടോപ്പ് എൻഡ് GTX+ പതിപ്പുകളിൽ മാത്രമേ അവ ലഭിക്കൂ.

പുതുതായി പുറത്തിറക്കിയ കാരെൻസിന്റെ എല്ലാ വേരിയന്റുകളിലുമായി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇതിന് 8.99 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടി വരുന്ന വില.

മഹീന്ദ്ര
സമീപ വർഷങ്ങളിൽ സുരക്ഷാ സവിശേഷതകളിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന പ്രാദേശിക വാഹന നിർമാതാക്കാളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ XUV300 മോഡലിന് ആറ് എയർബാഗുകൾക്കു പുറമെ ഗ്ലോബൽ എൻക്രാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമായുണ്ട്.

കമ്പനിയുടെ മുൻനിര XUV700 എസ്‌യുവിക്കും സമാനമായ ഗ്ലോബൽ റേറ്റിംഗാണ് ലഭിക്കുന്നത്. കൂടാതെ ഏഴ് എയർബാഗുകളും ADAS സാങ്കേതികവിദ്യയും വാഹനത്തിന്റെ ഭാഗമാണ്. 10.96 ലക്ഷം രൂപ മുതൽ വിലയുള്ള XUV300-ന്റെ ടോപ്പ് W8 (O) വേരിയന്റാണ് ആറ് എയർബാഗുകളുള്ള ഏറ്റവും താങ്ങാനാവുന്ന മഹീന്ദ്ര മോഡൽ.

എംജി മോട്ടോർസ്
ADAS സാങ്കേതികവിദ്യ പോലുള്ള സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമെ ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ എല്ലാ മോഡലുകളും ടോപ്പ് എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകളുമായാണ് വരുന്നത്. 13.98 ലക്ഷം രൂപ മുതൽ വിലയുള്ള ആസ്റ്ററിന്റെ ഷാർപ്പ് ട്രിം ആറ് എയർബാഗുകളുള്ള ഏറ്റവും താങ്ങാനാവുന്ന എംജി വാഹനമാണ്.

ടാറ്റ മോട്ടോർസ്
സുരക്ഷിതമായ കാറുകൾ നിർമിക്കുന്നതിൽ ഏറ്റവും പ്രശസ്തി നേടിയിട്ടുള്ളവരാണ് ടാറ്റ മോട്ടോർസ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ ഉയർന്ന സ്‌കോറിംഗ് നേടിയ നിരവധി കാറുകൾ ഉണ്ടായിരുന്നിട്ടും ആറ് എയർബാഗുകളുള്ള ഏറ്റവും താങ്ങാനാവുന്ന വാഹനം ഹാരിയർ മാത്രമാണ്. അതിന്റെ XZ ട്രിമ്മിന് 18.35 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടൊയോട്ട
മാരുതി സുസുക്കി ബലേനോയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പാണ് ടൊയോട്ടയുടെ പുതിയ ഗ്ലാൻസ. പ്രീമിയം ഹാച്ച്ബാക്കിന്റെ രണ്ട് ടോപ്പ് എൻഡ് വേരിയന്റുകളിലായാണ് കമ്പനി ആറ് എയർബാഗുകൾ അവതരിപ്പിക്കുന്നത്. 8.24 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ അടുത്തിടെ നിർത്തലാക്കിയ യാരിസിന് ഏതാനും വേരിയന്റുകളിലായി ആറിലധികം എയർബാഗുകൾ ഉണ്ടായിരുന്നു.

സ്കോഡ ഇന്ത്യ
പുതിയ സ്ലാവിയ, കുഷാഖ് എന്നിവ പുറത്തിറക്കിയതോടെ സ്‌കോഡയുടെ എല്ലാ മോഡലുകളും ഇപ്പോൾ ആറ് എയർബാഗുകളോ അതിൽ കൂടുതലോ ഉള്ളവയാണ്.

രണ്ട് കാറുകളുടെയും സ്റ്റൈൽ വേരിയന്റുകൾക്ക് സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ ലഭിക്കും. 13.59 ലക്ഷം രൂപ മുതൽ സ്ലാവിയയുടെ 1.0 ലിറ്റർ സ്റ്റൈൽ വേരിയന്റാണ് ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെലവു കുറഞ്ഞ സ്കോഡ കാർ.

ഫോക്‌സ്‌വാഗണ്‍
കുഷാഖിനെപ്പോലെ ഹൈ-എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകളാണ് ഇരട്ട മോഡലായ ടൈഗൂൺ വാഗ്ദാനം ചെയ്യുന്നുത്. 14.57 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ടൈഗൂണിന്റെ 1.0 ലിറ്റർ ടോപ്‌ലൈൻ വേരിയന്റാണ് ഇപ്പോൾ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഫോക്‌സ്‌വാഗൺ കാർ.

കമ്പനി മെയ് മാസത്തിൽ വെർട്ടീസ് സെഡാനും പുറത്തിറക്കുന്നതോടെ 6 എയർബാഗുകൾ ലഭിക്കുന്ന രണ്ട് മോഡലുകളാകും കമ്പനിയുടെ നിരയിലുണ്ടാവുക.


Click it and Unblock the Notifications








