ഇന്ത്യയിൽ വാങ്ങാവുന്ന കരുത്തൻ സ്‌കൂട്ടറുകൾ ഇവയൊക്കെ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ സ്വഭാവം തന്നെ ഗണ്യമായ മാറ്റത്തിനാണ് സാക്ഷ്യംവഹിച്ചിരിക്കുന്നത്. സ്‌കൂട്ടറുകൾ സൗകര്യത്തോടും പ്രായോഗികതയോടും മാത്രം വാഗ്‌ദാനം ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ മോട്ടോർസൈക്കിളുകളേക്കാൾ പെർഫോമൻസ് നൽകുന്ന എഞ്ചിനും കരുത്തുമായി പല സ്‌കൂട്ടറുകളും രംഗത്തുവരാൻ തുടങ്ങി. അത്തരം മോഡലുകളെ ഇഷ്‌ടപ്പെടുന്ന ഇന്ത്യൻ റൈഡർമാർക്കായി 2022-ൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ശക്തമായ നാല് സ്കൂട്ടറുകളെ ഒന്നു പരിചയപ്പെട്ടാലോ?

ബിഎംഡബ്ല്യു C 400 GT
ബിഎംഡബ്ല്യു C 400 GT സാധാരണ് ഒരു സ്കൂട്ടറല്ല. 350 സിസി എഞ്ചിൻ, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ ഫംഗ്‌ഷൻ, 6.5 ഇഞ്ച് ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ TFT സ്‌ക്രീൻ, മറ്റ് ഇന്ത്യൻ സ്‌കൂട്ടറുകളിൽ ലഭ്യമല്ലാത്ത മറ്റ് നിരവധി സവിശേഷതകൾ എന്നിവയുള്ള ഇത് ശരിക്കും പവർപായ്ക്ക് മോഡൽ തന്നെയാണ്.

എല്ലാത്തിനുമുപരിയായി ഇത് 7,500 rpm-ൽ പരമാവധി 34 bhp കരുത്തും 5,750 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 സിസി, വാട്ടർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനുമായാണ് വിപണിയിൽ എത്തുന്നതും. ഒരു സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇത് നമ്മുടെ രാജ്യത്ത് ലഭ്യമായ ഏറ്റവും ശക്തമായ സ്കൂട്ടറാണ് ബിഎംഡബ്ല്യു C 400 GT. എന്നാൽ ഈ മോഡൽ സ്വന്തമാക്കണേൽ 9.95 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

യമഹ എയ്‌റോക്‌സ് 155
സ്‌കൂട്ടറുകളെ കുറിച്ചുള്ള ആളുകളുടെ കാഴ്ച്ചപ്പാട് അടുത്തിടെ മാറ്റിമറിച്ച മറ്റൊരു മോഡലാണ് പുതിയ യമഹ എയ്‌റോക്‌സ് 155. ഒരു പിറ്റ് സ്‌കൂട്ടർ പോലെയുള്ള രൂപകൽപ്പനയിൽ എയ്‌റോക്‌സ് രൂപത്തിൽ മാത്രമല്ല പെർഫോമൻസിന്റെ കാര്യത്തിലും തികച്ചും സ്പോർട്ടിയറാണ്.

കമ്പനിയുടെ തന്നെ എൻട്രി ലെവൽ സ്പോട്സ് ബൈക്കായ YZF R15 V4 പതിപ്പിൽ നിന്ന് കടമെടുത്ത 155 സിസി എഞ്ചിനുമായാണ് യമഹ എയ്‌റോക്‌സ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. VVA സാങ്കേതികവിദ്യയുള്ള അതേ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് യൂണിറ്റാണ് ഇതിൽ തുടിപ്പേകുന്നത്.

പരമാവധി 8,000 rpm-ല്‍ 15 bhp കരുത്തും 6,500 rpm-ല്‍ 13.9 Nm torque ഉം വികസപ്പിക്കാനാണ് എയ്‌റോക്‌സ് 155 ട്യൂൺ ചെയ്‌തിരിക്കുന്നതും. ഇന്ത്യയിൽ യമഹയുടെ സ്പോർട്ടി സ്‌കൂട്ടർ സ്വന്തമാക്കാൻ 1.31 ലക്ഷം രൂപയാണ് എയറോക്‌സിന്റെ വിലയായി മുടക്കേണ്ടി വരിക.

അപ്രീലിയ SR 160
അപ്രീലിയ SR 160 ഇന്ത്യയിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറായാണ് അരങ്ങേറ്റം കുറിച്ചത്. അതായത് നമ്മുടെ രാജ്യത്ത് സ്‌പോർട്‌സ് സ്‌കൂട്ടറുകളുടെ വിഭാഗത്തിന് തുടക്കമിട്ടതു തന്നെ ഇറ്റാലിയൻ ബ്രാൻഡിന്റെ ഈ മോഡലായിരുന്നു.

ശ്രദ്ധേയമായ സ്റ്റെബിലിറ്റി, ഹാൻഡിലിംഗ് ഡൈനാമിക്‌സ്, മികച്ച ബ്രേക്കിംഗ് പവർ എന്നിവയ്‌ക്ക് പുറമെ SR 160 അതിന്റെ 160.03 സിസി എഞ്ചിനിൽ നിന്ന് പരമാവധി 10.84 bhp കരുത്തിൽ 11.6 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ത്രീ-വാൽവ് എഞ്ചിനുള്ള സ്കൂട്ടർ വേരിയന്റുകളിൽ ലഭ്യമാണ്.

അപ്രീലിയ SR 160 പതിപ്പിന്റെ ഇന്ത്യയിലെ വില 1,17,494 രൂപയും, 2021 SR 125 പതിപ്പിന് 1,07,595 രൂപയുമാണ് എക്‌സ്‌ഷോറൂം വില. സ്പോര്‍ട്ടി സ്‌കൂട്ടര്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഹാലൊജെന്‍ ഇല്യൂമിനേറ്ററിന് വിപരീതമായി പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി ഒരു സെമി-ഡിജിറ്റല്‍ കണ്‍സോളും പോലുള്ള പുതിയ സവിശേഷതകളും അടുത്തിടെ പുറത്തിറക്കിയ സ്‌കൂട്ടറിൽ അവതരിപ്പിച്ചിട്ടുണ്ട്.

അപ്രീലിയ SXR 160
മാക്സി സ്റ്റൈൽ സ്കൂട്ടറുകളെ ഇന്ത്യയിൽ ജനപ്രിയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മോഡലാണ് അപ്രീലിയ SXR 160. SR 160 പതിപ്പിന്റെ അതേ എഞ്ചിൻ പ്രകടനമാണ് ഇവിടെ ലഭിക്കുന്നതെങ്കിലും കൂടുതൽ പ്രായോഗികവും എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയുന്നതുമായ മേന്മയാണ് SXR 160-യിൽ ഉള്ളത്.

അപ്രീലിയ SXR 160 ഒരു മികച്ച ഓപ്ഷനാണ്. SR 160 മോഡലിന് സമാനമായ പവറും ടോർക്ക് ഔട്ട്‌പുട്ടും ഉത്പാദിപ്പിക്കുന്ന ഇത്, സീറ്റിനടിയിലും മുൻവശത്തും ഉദാരമായ സ്റ്റോറേജ് സ്‌പെയ്‌സുള്ള ഒരു മാക്‌സി-സ്‌റ്റൈലിംഗിനെ പ്രശംസിക്കുന്നു. ഫ്ലാറ്റ് ഫുട്‌ബോര്‍ഡ്, എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, എബിഎസ്, 12 ഇഞ്ച്, ഓവര്‍സൈസ് സാഡില്‍, അഞ്ച് സ്പോക്ക് അലോയ് വീലുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

SXR 160 മാക്സി-സ്റ്റൈൽ സ്‌കൂട്ടർ ഇരുവശത്തും 12 ഇഞ്ച് ടയറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. മുന്നില്‍ ഡ്യുവല്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും, പിന്‍വശത്ത് ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ എന്നിവയും സ്‌കൂട്ടറിന് അപ്രീലിയ സമ്മാനിച്ചിട്ടുണ്ട്. 1.31 ലക്ഷം രൂപയാണ് മോഡലിന്റെ വില.


Click it and Unblock the Notifications