ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ...! Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിൽ ഇല്ലാത്ത ഫീച്ചറുകൾ
എസ്‌യുവി വിപണിയിൽ കൊറിയൻ ആധിപത്യം തുടരുമ്പോൾ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ വെന്യുവിന്റെ പുതുക്കിയ മോഡലിനെ പുറത്തിറക്കിയായിരുന്നു ഈ വർഷം ഹ്യുണ്ടായി കളിച്ചത്. സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ് തുടങ്ങിയ വമ്പൻമാരോട് മുട്ടിനിൽക്കാൻ മുഖംമിനുക്കി എത്തിയതായിരുന്നു വെന്യു.
സബ്-4 മീറ്റർ എസ്‌യുവി നിരയിലെ ടെക്കി എന്നാണ് വെന്യു അറിയപ്പെടുന്നതെങ്കിലും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും ധാരാളം ഫീച്ചറുകൾ സമ്മാനിച്ചാണ് ഹ്യുണ്ടായി കടന്നുവന്നത്. എന്നാൽ ഇപ്പോഴും ചില കിടിലൻ സവിശേഷതകൾ നൽകാൻ കമ്പനി മറന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നുവെങ്കിൽ ടാറ്റ നെക്സോണിനും മാരുതി ബ്രെസയ്ക്കുമെല്ലാം മുമ്പിൽ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് നെഞ്ചുവിരിച്ച് നിൽക്കാമായിരുന്നു. മോഡലിൽ നിന്നും നഷ്‌ടമായ ആ ഫീച്ചറുകൾ ഏതാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? നമുക്ക് കണ്ടുപിടിക്കാം!

ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ
ആധുനിക സാഹചര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട ഒരു സവിശേഷതയായി HUD എന്ന ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ അടുത്തിടെ മാരുതിയുടെ നിരവധി മോഡലുകളിൽ വരെ ഇടംപിടിച്ചു. അതായത് എതിരാളിയായ ബ്രെസയിൽ വരെ ഈ മികച്ച സൗകര്യം ഉണ്ടെന്ന് സാരം. വാഹനത്തിന്റെ വേഗത, നാവിഗേഷൻ ഡാറ്റ, എഞ്ചിൻ ടെലിമാറ്റിക്‌സ് തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങളുടെ ലഭ്യത ഡ്രൈവർക്ക് റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ദൃശ്യമാകും. നിരവധി പുതിയ കാറുകൾ ഈ സവിശേഷത സ്വീകരിക്കുന്നുമുണ്ട്. അതിനാൽ വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ ചേർക്കാമായിരുന്നു.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിൽ HUD-യുടെ ലഭ്യതയാണ് ഏറ്റവും പുതിയ ഉദാഹരണം. ഇതിലൂടെ സാധാരണക്കാർക്കും ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയതിനാൽ വെന്യുവിൽ ഈ കിടിലൻ ഫീച്ചർ നൽകാത്തത് വളരെയധികം നഷ്‌ടമായി തോന്നിയേക്കാം. ഹെഡ്-അപ്പ് ഡിസ്പ്ലേ പ്രാഥമികമായി ഒരു സജീവ സുരക്ഷാ ഫീച്ചറാണ്. ഡ്രൈവിംഗ് സമയത്ത് ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് താഴേക്ക് നോക്കേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഇന്ത്യയിൽ, നിലവിൽ 35-ലധികം കാറുകൾ ഹെഡ്-അപ്പ് ഡിസ്പ്ലേ ഫീച്ചർ ഉപയോഗിച്ച് വിപണിയിൽ എത്തുന്നുമുണ്ട്.
360 ഡിഗ്രി ക്യാമറ
തിരക്കേറിയ സ്ഥലങ്ങളിൽ പാർക്കിംഗ് ചിലപ്പോൾ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. മാത്രമല്ല, നിങ്ങളുടെ കാർ പാർക്കിംഗ് ഇടുങ്ങിയ സ്ഥലത്താണെങ്കിൽ തട്ടലും മുട്ടലും ഒഴിവാക്കാൻ സഹായിക്കുന്നൊരു ഫീച്ചറാണ് 360 ഡിഗ്രി ക്യാമറ. കാർ നിൽക്കുന്ന സാഹചര്യത്തിൽ ബേർഡ്‌സ് ഐവ്യൂവാണ് 360-ഡിഗ്രി ക്യാമറ ഒപ്പിയെടുത്ത് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്. ഇത് പാർക്കിംഗ് എന്നത്തേക്കാളും എളുപ്പമാക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ചുറ്റുപാടുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും ഡ്രൈവറുടെ കടമയാണെന്ന കാര്യം മറക്കേണ്ട.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
ചൂട് ഒരു സാധാരണ പ്രഹേളികയായ ഇന്ത്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഈ സവിശേഷത ഒരു അനുഗ്രഹമായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ. വെന്യൂവിന്റെ പല എതിരാളികളായ കാറുകൾക്കും ഈ ഫീച്ചർ ഇന്ന് ലഭിക്കുന്നുമുണ്ട്. ഹ്യുണ്ടായിക്ക് ഇത് അതിന്റെ ഉയർന്ന വേരിയന്റിൽ എങ്കിലും നൽകാമായിരുന്നു. നിലവിൽ ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ, കിയ സോനെറ്റ് തുടങ്ങിയ കാറുകൾക്ക് ഈ സവിശേഷത ലഭിക്കുന്നുമുണ്ട്.
വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
കാറുകളിലെ ടച്ച്‌സ്‌ക്രീൻ സംവിധാനങ്ങൾ മികച്ചതും ആധുനികവുമാണ്. ഈ സെഗ്‌മെന്റിൽ, കിയ സോനെറ്റിനാണ് ഏറ്റവും വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നതും. അത് സഹോദര ബ്രാൻഡായ ഹ്യുണ്ടായിയും പങ്കിടുന്നു. ക്രെറ്റ, അൽകാസർ, ട്യൂസോൺ തുടങ്ങിയ കാറുകളിൽ വ്യത്യസ്തമായ യുഐ ഉള്ള ഒരേ ടച്ച്‌സ്‌ക്രീൻ കാണാനുമാവും. എന്നാൽ വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഈ ആധുനിക കാലത്തെ ടച്ച്‌സ്‌ക്രീൻ സമ്മാനിക്കാൻ ഹ്യുണ്ടായി തയാറാവാത്തത് തികച്ചും നിരാശാജനകമാണ്.
ഓട്ടോ ഡിമ്മിംഗ് IRVM
രാത്രിയിൽ വാഹനമോടിക്കുമ്പോൾ ഒരു ഓട്ടോ-ഡിമ്മിംഗ് മിറർ വേണ്ടത് ഒരു പ്രധാന ആവശ്യമാണ്. കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനാൽ ഈ സവിശേഷത ഉപയോഗപ്രദമാണെന്നതിലും സംശയം വേണ്ട. കാരണം ഇതിന് ഒരു പ്രത്യേക മിററാണ് ലഭിക്കുന്നത്. ആയതിനാൽ അവയുടെ പ്രതലങ്ങളിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെ സ്വയമേവ മങ്ങാൻ അനുവദിക്കുന്നുണ്ട്. എല്ലാ സെഗ്‌മെന്റിൽ നിന്നും കൂടുതൽ കാറുകൾക്ക് ഈ പ്രധാന സവിശേഷത ലഭിക്കേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്. ഈ ഫീച്ചറുകൾ എല്ലാം കൂടി മുഖംമിനുക്കിയെത്തിയ വെന്യുവിൽ ഉണ്ടായിരുന്നെങ്കിൽ വിപണിയിൽ കൂടുതൽ നിലവാരം പുലർത്താൻ കമ്പനിക്ക് സാധിക്കുമായിരുന്നൂ...


Click it and Unblock the Notifications








