ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍
നഗരജീവിതത്തിലെ ഏറ്റവും വലിയ വിഷമതകളിലൊന്നാണ് ട്രാഫിക് കുരുക്കുകള്‍. ദിനംപ്രതിയെന്നോണം വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ലോകത്തിലെ എല്ലാ നഗര ഭരണകൂടങ്ങളുടെയും തലവേദനയാണ്.
ഈയിടെ ഒരു സ്വകാര്യസ്ഥാപനം ലോകമെമ്പാടും ഒരു സര്‍വേ നടത്തുകയുണ്ടായി. ഏറ്റവും ട്രാഫിക് തിരക്കേറിയ നഗരങ്ങള്‍ കണ്ടു പിടിക്കുകയായിരുന്നു ലക്ഷ്യം. 180 ലോകരാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് താഴെ. ലോകത്തിലെ ഏറ്റവും ട്രാഫിക് പ്രശ്‌നങ്ങളുള്ള നഗരങ്ങള്‍.

താളുകളിലൂടെ നീങ്ങുക.

10. ഡബ്ലിന്‍
വാഹനത്തിരക്കിന്റെ കാര്യത്തില്‍ ലോകത്തിലെ പത്താമത്തെ നഗരമാണ് അയര്‍ലാന്‍ഡിലെ ഡബ്ലിന്‍. ഈ നഗരത്തിലുള്ളവര്‍ ഒരു വര്‍ഷത്തില്‍ എട്ട് ദിവസത്തോളം ട്രാഫിക് കുരുക്കുകളില്‍ കഴിയുന്നുവെന്നാണ് പഠനം പറയുന്നത്. യൂറോപ്പിലെ മാത്രം കാര്യമെടുത്താല്‍ പത്താം സ്ഥാനത്താണ് ഡബ്ലിന്‍ വരുന്നത്.

09. ലോസ് ആഞ്ജലസ്
ലോകത്തിലെ ഏറ്റവും വാഹനത്തിരക്കേറിയ നഗരങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് യുഎസ്സിലെ ലോസ് ആഞ്ജലസ് വരുന്നത്. അമേരിക്കയിലെ മാത്രം കാര്യമെടുത്താല്‍ ലോസ് ആഞ്ജലസ് ഒന്നാം സ്ഥാനത്ത് വരും. വളരെ പഴക്കമുണ്ട് ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക്.

08. റോം
ഇറ്റാലിയന്‍ നഗരമായ റോമില്‍ ഇടക്കാലത്ത് കാറുകളെ നിരോധിക്കേണ്ട സ്ഥിതിവിശേഷം വരെ വന്നിട്ടുണ്ട്. അത്ര കടുത്തതാണ് ട്രാഫിക് പ്രശ്‌നങ്ങള്‍. വാഹനത്തിരക്കിന്റെ കാര്യത്തില്‍ ലോകത്തില്‍ എട്ടാം സ്ഥാനത്താണ് ഈ നഗരം.

07. വാഴ്‌സോ
പോളണ്ടിന്റെ തലസ്ഥാനനഗരത്തിലെ വാഹനത്തിരക്കുകള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംഭവിച്ച സാമ്പത്തികവളര്‍ച്ചയാണ് വാഹനത്തിരക്കുകള്‍ കൂടുന്നതിന്റെ കാരണമായി പറയുന്നത്. വര്‍ഷത്തില്‍ 96 മണിക്കൂര്‍ നേരം വാഴ്‌സോ വാസികള്‍ ട്രാഫിക്കിനുള്ളില്‍ ജീവിക്കുന്നു!

06. പലെര്‍മോ
ഇറ്റാലിയന്‍ നഗരമായ പലെര്‍മോയില്‍ വെറും 10 ലക്ഷം ജനങ്ങളേയുള്ളൂ. എന്നാല്‍ ട്രാഫിക് തിരക്കുകളുടെ കാര്യത്തില്‍ ഈ നഗരം ലോകത്തിലെ ഏറ്റവും കുപ്രസിദ്ധി നേടിയിരിക്കുന്നു. വളരെ ഇടുങ്ങിയ പാതകളാണ് ഈ നഗരത്തിന്റെ പ്രശ്‌നം. നഗരവാസികള്‍ വര്‍ഷത്തില്‍ ശരാശരി 87 മണിക്കൂര്‍ ട്രാഫിക്കുകളില്‍ ചെലവഴിക്കുന്നു.

05. സാവോ പോളോ
20 ലക്ഷം ആളുകള്‍ പാര്‍ക്കുന്ന സാവോ പോളോ നഗരത്തില്‍ 10 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ബ്രസീലിയന്‍ നഗരത്തിന്റെ അധികാരികള്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഠിപ്രയത്‌നം ചെയ്തുവരികയാണ്. ഒരു നഗരവാസി വര്‍ഷത്തില്‍ ശരാശരി 102 മണിക്കൂര്‍ നേരം ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്നതായാണ് കണക്ക്.

04. മെക്‌സിക്കോ സിറ്റി
ദിവസവും കാറില്‍ സഞ്ചരിക്കുന്ന ഒരാള്‍ ട്രാഫിക്കിനിടയില്‍ പെട്ട് കാര്‍ 30,840 തവണയെങ്കിലും എന്‍ജിന്‍ ഓഫ് ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് മെക്‌സിക്കോയില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. ഇടക്കാലത്ത് സാമ്പത്തികമാന്ദ്യം വന്നപ്പോള്‍ മാത്രമാണ് ഒരല്‍പം ആശ്വാസം ലഭിച്ചത്. നഗരവാസികള്‍ കാര്‍ വീട്ടില്‍ വെച്ച് പുറത്തിറങ്ങാന്‍ തുടങ്ങി.

03. റിയോ ഡി ജനേറിയോ
ലാറ്റിനമേരിക്കയിലെ ഏറ്റവും ട്രാഫിക് തിരക്കുള്ള നഗരമാണിത്. ഈ ബ്രസീലിയന്‍ നഗരത്തിന്റെ ട്രാഫിക് പ്രശ്‌നങ്ങള്‍ ലോകം ഏറെ ശ്രദ്ധിക്കാനിടയായത് 2014 ഫിഫ വേള്‍ഡ് കപ്പ് നടക്കുമ്പോളായിരുന്നു. ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി അക്കാലത്ത്.

02. ഇസ്താംബുള്‍
പുരാതന നഗരങ്ങള്‍ കാണാന്‍ ഭംഗി കൂടും. എന്നാല്‍ കാറുമെടുത്ത് പുറത്തിറങ്ങിയാല്‍ വിവമനറിയുകയും ചെയ്യും. ഇസ്താബൂള്‍ എന്ന പഴയ നഗരത്തിന്റെ പ്രശ്‌നം വീതി കുറഞ്ഞ പാതകളാണ്. ട്രാഫിക് തിരക്കിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഈ നഗരത്തിന്.

01. മോസ്‌കോ
മോസ്‌കോ നഗരത്തിന്റെ ഏത് ഭാഗത്തേക്ക് കാറെടുത്ത് ഇറങ്ങിയാലും ലക്ഷ്യസ്ഥാനത്തെത്താന്‍ ശരാശരി 76 മിനിട്ട് വൈകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആ നഗരമാണ് ലോകത്തിലെ ഏറ്റവും വാഹനത്തിരക്കേറിയ നഗരം.

അടുത്ത താളുകളില്‍ വാഹനത്തിരക്ക് കൂടിയ മറ്റ് നഗരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ന്യൂയോര്‍ക്ക് സിറ്റി
യുഎസ്സിലെ ഏറ്റവും വാഹനത്തിരക്കുള്ള നഗരങ്ങളിലൊന്നാണിത്.

ബ്രസ്സല്‍സ്
യൂറോപ്പില്‍ ഏറ്റവുമധികം വാഹനത്തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്ന്. ഏതൊരു യൂറോപ്യന്‍ നഗരത്തെയും പോലെ, കാറുകളാണ് ഇവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നഗരത്തിലെ താമസക്കാരെക്കാള്‍ അധികമാണ് കാറുകളുടെ എണ്ണം.

ബാങ്കോക്ക്
വൈകീട്ട് 3.30 മുതല്‍ തുടങ്ങുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ എട്ടുമണിവരെ നീളും. മഴക്കാലങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ അലമ്പാകുന്നു. ട്രാഫിക് തിരക്ക് കുറയ്ക്കാനായി നഗരപാലകര്‍ പുതിയ1രു നികുതിവ്യവസ്ഥ വരെ കൊണ്ടുവരികയുണ്ടായി. പുതിയ കാറുകള്‍ക്ക് 100 മുതല്‍ 300 ശതമാനം വരെ നികുതിയടയ്‌ക്കേണ്ടതുണ്ട്.

ജോഹന്നാസ്ബര്‍ഗ്
ഈ ആഫ്രിക്കന്‍ നഗരവും ട്രാഫിക് ജാമുകള്‍ കൊണ്ട് വിഷമിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ജനസംഖ്യയില്‍ വരാനിടയുള്ള വര്‍ധനയാണ് നഗരപാലകരെ ആശങ്കയിലാഴ്ത്തുന്നത്. ചിലയിടങ്ങളില്‍ കാറുകള്‍ക്ക് പ്രവേശനം നിഷേധിച്ചും മറ്റും ട്രാഫിക് നിയന്ത്രണത്തിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ബീജിങ്
ഏറ്റവും വേഗത്തില്‍ വളരുന്ന ലോകരാഷ്ട്രങ്ങളിലൊന്നാണ് ചൈന. സ്വാഭാവികമായും ട്രാഫിക് പ്രശ്‌നങ്ങള്‍ കൂടുതലാണ്. സൈക്കിളുകള്‍ക്ക് വലിയ പ്രചാരമുള്ളതിനാല്‍ കുറെയൊക്കെ നിയന്ത്രണവിധേയമാക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, പുതിയ ചില പ്രവണതകള്‍ ബീജിങ് നഗരത്തെ കുഴക്കുകയാണ്. കൂടുതല്‍ പേര്‍ സൈക്കിളുകള്‍ ഉപേക്ഷിച്ച് കാറുകളിലേക്ക് നീങ്ങുകയാണ്.

ന്യൂ ദില്ലി
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരങ്ങളിലൊന്നാണ് ദില്ലി. ഓരോ ദശകത്തിലും 50 ശതമാനം കണ്ട് ജനസംഖ്യാ വര്‍ധനവ് സംഭവിക്കുന്നതിനാല്‍ കാറുകളുടെ എണ്ണം ദിനംപ്രതിയെന്നോണം കൂടി വരികയാണ്.

ലണ്ടന്‍
ഗതാഗതം നിയന്ത്രണത്തിലാക്കാന്‍ ലണ്ടന്‍ നഗരപാലകര്‍ ചില പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രാഫിക് കൂടുന്ന സമയങ്ങളില്‍ റോഡ് ഉപയോഗിക്കാന്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. ഇത് കുറെയെല്ലാം ഫലിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. വെറുതെ കാറെടുത്ത് പുറത്തിറങ്ങി അലമ്പുണ്ടാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








