പോളോയും ഡസ്റ്ററും വരെ ലിസ്റ്റിൽ! 2022-ൽ ഇന്ത്യൻ വിപണിയോട് ഗുഡ്ബൈ പറഞ്ഞ കാറുകൾ
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും അൽപ്പം ആശ്വാസം കിട്ടിയൊരു വർഷമായിരുന്നു ഇന്ത്യക്ക്. ആയതിനാൽ വ്യവസായ മേഖലയിലെല്ലാം കാര്യമായ പുരോഗതിയും നമുക്ക് സാക്ഷ്യംവഹിക്കാനായി. 2022 വർഷം പല വാഹന നിർമാതാക്കൾക്കും ആവേശകരമായ കാലഘട്ടമായിരുന്നു. പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയതിനു പുറമെ ഒരു കാലഘട്ടം നിർണയിച്ച പല മിടുക്കൻ കാറുകളും ഈ വർഷം ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് പടിയിറങ്ങിയിരുന്നു.
പുതിയ വാഹനങ്ങൾ അവതരിപ്പിച്ചതിനാൽ പല കാറുകളും എസ്‌യുവികളും നിർത്തലാക്കി. ചില കാറുകൾ കാലഹരണപ്പെട്ടെന്ന് അതത് കമ്പനികൾക്ക് തോന്നിയതിനാലും പടിയറക്കി. എങ്കിലും അവരിൽ ജനപ്രിയരായിരുന്ന മിടുക്കൻമാർ ഉണ്ടായിരുന്നുവെന്നതാണ് പലരേയും നിരാശരാക്കുന്ന കാര്യം. ഫോക്‌സ്‌വാഗണ്‍ പോളോ, റെനോ ഡസ്റ്റർ പോലുള്ള വിപ്ലവകാരികളും ഇന്ത്യൻ വാഹന വിപണിയോട് വിടപറഞ്ഞ വർഷമായിരുന്നു ഇത്. അത്തരത്തിൽ ആഭ്യന്തര വിപണിയിൽ നിന്നും പിൻവാങ്ങിയ മോഡലുകൾ ഏതെല്ലാമെന്ന് നോക്കിയാലോ? അതിൽ ചിലപ്പോൾ നിങ്ങളറിയാത്ത കാറുകൾ വരെ ചിലപ്പോൾ ഉൾപ്പെട്ടേക്കാം എന്നതാണ് ശ്രദ്ധേയമാവുക.

ഫോക്‌സ്‌വാഗണ്‍ പോളോ
ഈ പട്ടികയിലെ ആദ്യ കാർ ഫോക്‌സ്‌വാഗൺ പോളോയാണ്. 2010-ലെ ഓട്ടോ എക്‌സ്‌പോയിൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ച പ്രീമിയം ഹാച്ച്ബാക്ക് 2009 മുതൽ കമ്പനിയുടെ ചകാൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും 2010 ഫെബ്രുവരിയിൽ വിപണിയിലെത്തുകയും ചെയ്തു. ഇന്ത്യയിലെ ഏതൊരു ഫോക്‌സ്‌വാഗൺ കാറിന്റെയും ഏറ്റവും ദൈർഘ്യമേറിയ പാരമ്പര്യമാണ് പോളോയ്ക്ക് പറയാനുള്ളത്. പെർഫോമൻസ് കാറുകളുടെ അവസാന വാക്കായി പലരും കണ്ട ജിടിഐ പതിപ്പിനെ വരെ വിപണിയിലെത്തിച്ച് കമ്പനി ചരിത്രം സൃഷ്‌ടിച്ചിരുന്നുവെന്നു വേണം പറയാൻ.
നമ്മുടെ രാജ്യത്ത് പലതരം എഞ്ചിൻ, ഗിയർബോക്‌സ് കോമ്പോകൾ പരീക്ഷിക്കാനും പോളോയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ 2.50 ലക്ഷത്തിലധികം യൂണിറ്റുകൾ ഉള്ള കമ്പനിയുടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ് ഫോക്‌സ്‌വാഗണ്‍ പോളോ. 2022-ൽ നിർത്തലാക്കിയെങ്കിലും അടുത്ത 10 വർഷത്തേക്ക് എല്ലാ പോളോ ഉടമകൾക്കും സർവീസും സ്‌പെയർ പാർട്‌സും ലഭ്യമാകുമെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ആയതിനാൽ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ പോലും കാര്യമായ ചലനം ഇനിയും ഈ പ്രീമിയം ഹാച്ച്ബാക്കിന് സൃഷ്ടിക്കാനാവും.

ഫോക്‌സ്‌വാഗണ്‍ വെന്റോ
പോളോ ഹാച്ച്ബാക്കിനൊപ്പം വെന്റോ സെഡാനും ജർമൻ ബ്രാൻഡ് ഈ വർഷം നിർത്തലാക്കി. വലിയ, കൂടുതൽ പ്രീമിയമായ കൂടുതൽ ശക്തമായ മോഡലായ വെർട്ടിസ് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിനാലാണ് സി-സെഗ്മെന്റ് കാറിനെ കമ്പനി പിൻവലിക്കുന്നത്. കൂടാതെ പോളോയുടെ ത്രീ ബോക്‌സ് പതിപ്പാണ് വെന്റോ എന്നുവേണം പറയാൻ. സെഗ്മെന്റിലെ എതിരാളികൾക്ക് മുന്നിൽ ഭീമമായ വിൽപ്പന കണക്കുകൾ പറയാനില്ലായിരുന്നുവെങ്കിലും വെന്റോ എന്ന പേര് എല്ലാ വാഹന പ്രേമികളുടേയും മനസിൽ കുറിച്ചിട്ടിട്ടാണ് മോഡൽ ഗുഡ്ബൈ പറഞ്ഞത്.
മാരുതി സുസുക്കി എസ്-ക്രോസ്
മാരുതി സുസുക്കി അടുത്തിടെ എസ്-ക്രോസ് ക്രോസ്ഓവറിനെ ഔദ്യോഗികമായി പിൻവലിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റയോടും കിയ സെൽറ്റോസിനോടും മിഡ്-സൈസ് എസ്‌യുവി പൊരുതാൻ പുത്തൻ ഗ്രാൻഡ് വിറ്റാര പുറത്തിറക്കിയതോടെയാണ് എസ്-ക്രോസിന് അന്ത്യമായത്. 2015-ൽ അരങ്ങേറ്റം കുറിച്ച മോഡൽ മാരുതിയുടെ പ്രീമിയം നെക്‌സ ഫ്രാഞ്ചൈസി വഴി വിൽക്കുന്ന ആദ്യത്തെ കാറായിരുന്നു. എസ്-ക്രോസ് ആദ്യമായി അവതരിപ്പിച്ചത് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ്. അതിൽ ഫിയറ്റിൽ നിന്നുമുള്ള 1.3 ലിറ്റർ, 1.6 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനുകളായിരുന്നു ഹൈലൈറ്റ്. പിന്നീട് രാജ്യത്ത് ബിഎസ്-VI മാനദണ്ഡങ്ങൾ വന്നപ്പോൾ 103 bhp പവറിൽ 135 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനായി എസ്-ക്രോസിന്റെ ഹൃദയം.

റെനോ ഡസ്റ്റർ
2012-ലാണ് റെനോ ഡസ്റ്റർ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഫ്രഞ്ച് ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാരാ ഉൽപ്പന്നങ്ങളിലൊന്നായിരുന്ന ഈ എസ്‌യുവി വിൽപ്പന വിജയം നേടിയെടുത്ത് ഏവരേയും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആകർഷൃടരാക്കി. ഇന്ത്യയിലെ മോണോകോക്ക് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട മോഡൽ കൂടിയാണ് റെനോ ഡസ്റ്റർ എന്നത് എടുത്തുപറയേണ്ടതാണ്. ലോഗൻ, വെരിറ്റോ, ഡസ്റ്റർ, ലോഡ്ജി, ടെറാനോ, ക്യാപ്‌ചർ, നിസാൻ കിക്ക്‌സ് എന്നിങ്ങനെ ഇന്ത്യയിലെ ഒന്നിലധികം വാഹനങ്ങൾക്ക് അടിവരയിടുന്ന റെനോ ഗ്രൂപ്പിന്റെ ശേഷിയുള്ള B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഡസ്റ്റർ നിർമിച്ചിരിക്കുന്നത്.
ഹ്യുണ്ടായി സാൻട്രോ
ഒന്നാംതലമുറ ആവർത്തനം നിർത്തലാക്കിയതിനു ശേഷം ഒരിടവേളയ്ക്ക് ശേഷം ഹ്യുണ്ടായി പുറത്തിറക്കിയ എൻട്രി ലെവൽ കാറായിരുന്നു സാൻട്രോ. 69 bhp കരുത്തുള്ള 1.1 ലിറ്റർ പെട്രോൾ എഞ്ചിൻ, ഓപ്ഷണൽ സിഎൻജി കിറ്റ് സഹിതമാണ് ഹാച്ച്ബാക്ക് വിപണിയിൽ എത്തിയത്. 5 സ്പീഡ് മാനുവൽ, എഎംടി യൂണിറ്റുകളാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്തത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിംഗ് ക്യാമറ, റിയർ എസി വെന്റുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിപണിയിൽ കാര്യമായ നേട്ടംകൊയ്യാൻ കാറിനാവാതെ പോയെന്നതാണ് യാഥാർഥ്യം.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഓറ ഡീസൽ
ബിഎസ്-VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഹ്യുണ്ടായി ഓറ എന്നിവയുടെ ഡീസൽ മോഡലുകൾ നിർത്തലാക്കുന്നത്. 75 bhp പവറിൽ പരമാവധി 190 Nm torque വാഗ്‌ദാനം ചെയ്യുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ ഡീസൽ യൂണിറ്റായിരുന്നു ഇത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, എഎംടി യൂണിറ്റുകൾ ഉൾപ്പെടുന്നു. അതേസമയം ഇതിന് പകരമായി രണ്ട് മോഡലുകളുടേയും സിഎൻജി പതിപ്പുകൾ ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തിറക്കി.
ടൊയോട്ട അർബൻ ക്രൂയിസർ
ടൊയോട്ട തങ്ങളുടെ സബ്-4 മീറ്റർ എസ്‌യുവിയായ അർബൻ ക്രൂയിസറിനെ ഒഴിവാക്കിക്കൊണ്ടാണ് ഈ വർഷം അവസാനിപ്പിക്കുന്നത്. മുൻ തലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള റീബാഡ്‌ജ്‌ഡ് കോംപാക്‌ട് എസ്‌യുവിയായിരുന്നു ഇത്. ഗ്ലാൻസയ്ക്ക് ശേഷം ഇന്ത്യയിൽ മാരുതി സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിന് കീഴിൽ പുറത്തിറക്കുന്ന രണ്ടാമത്തെ റീബാഡ്ജ് ചെയ്ത മോഡലായിരുന്നു ടൊയോട്ട അർബൻ ക്രൂയിസർ. മോഡൽ 2020 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ 6 വേരിയന്റുകളും ലഭ്യമായിരുന്നു.
മഹീന്ദ്ര ആൾട്യൂറാസ് G4
മഹീന്ദ്രയും തങ്ങളുടെ ഫുൾ സൈസ് എസ്‌യുവിയായ ആൾട്യൂറാസ് G4 ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയ വർഷമായിരുന്നു 2022. കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും ചെലവേറിയതും മുൻനിര ഉൽപ്പന്നവുമായിരുന്നു ഈ വാഹനം.കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങ്ങുമായി സഹകരിച്ച് വികസിപ്പിച്ച ഒരു ഉൽപ്പന്നമായിരുന്നു ആൾട്യൂറാസ് G4. അടുത്തിടെ മഹീന്ദ്ര 30.68 ലക്ഷം രൂപയ്ക്ക് RWD കോൺഫിഗറേഷനുള്ള ടോപ്പ്-സ്പെക്ക് വേരിയന്റ് പുറത്തിറക്കിയെങ്കിലും അതിലൂടെയും പിടിച്ചുനിൽക്കാനാവാതെ പോവുകയായിരുന്നു. ഓൾവീൽ ഡ്രൈവ് ഓപ്ഷൻ വരെ ലഭ്യമായിരുന്നെങ്കിലും ഫോർച്യൂണർ പോലുള്ള എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോയി.
ഹ്യുണ്ടായി എലാൻട്ര
എലാൻട്ര പ്രീമിയം സെഡാനും ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങിയ വർഷമായിരുന്നു ഇത്. 15.90 ലക്ഷം മുതൽ 20.39 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ 2019 ഒക്ടോബറിലാണ് എലാൻട്ര ഇന്ത്യയിൽ അവതരിപ്പിച്ചത്. 6,000 rpm-ൽ 150 bhp കരുത്തും 4,000 rpm-ൽ 192 Nm പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ എക്‌സിക്യൂട്ടീവ് സെഡാന് തുടിപ്പേകിയിരുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായിരുന്നു ഉൾപ്പെട്ടിരുന്നത്.
ഡാറ്റ്സൻ ഗോ, ഗോ പ്ലസ്, റെഡിഗോ
നിസാൻ ഇന്ത്യ ഈ വർഷം ഏപ്രിലിൽ ഡാറ്റ്‌സൻ ബ്രാൻഡിനെ ഔദ്യോഗികമായി രാജ്യത്തു നിന്നും പിൻവലിച്ചു. ഇതോടെ ഗോ, ഗോ പ്ലസ്, റെഡിഗോ തുടങ്ങിയ ബജറ്റ് കാറുകളുടെ അവസാനവും കണ്ടു. ഡാറ്റ്‌സൻ 2013-ൽ നിസാന്റെ കുറഞ്ഞ വിലയുള്ള സബ്-ബ്രാൻഡായി അവതരിപ്പിക്കപ്പെട്ടു. കമ്പനിയുടെ ആദ്യ മോഡൽ ഗോ ഹാച്ച്ബാക്കായിരുന്നു. ഒരു വർഷത്തിനുശേഷം ഡാറ്റ്‌സൺ ഗോ പ്ലസ്, കോംപാക്‌ട് എംപിവിയും അവതരിപ്പിച്ചു. തുടർന്ന് റെഡി ഗോ 2016-ൽ പോയി.


Click it and Unblock the Notifications








