സീറ്റ് കവറും അലോയ് വീലും വരെ പണിതരും, ഈ കാര്യങ്ങൾ ചെയ്‌താൽ ഇൻഷുറൻസ് തുകയും കൂടും
ഒരു വാഹന ഉടമയെ സംബന്ധിച്ച് വലിയ തലവേദന പിടിച്ചൊരു കാര്യമാണ് ഇൻഷുറൻസ് ചെലവ് (Insurance Expense). വർഷാവർഷം ഇതിനായി ഒരു വലിയ തുക കണ്ടെത്തുക എന്നത് പലരേയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് പലരും തേർഡ് പാർട്ടി ഇൻഷുറൻസെല്ലാം തെരഞ്ഞെടുക്കുന്നത്.
പക്ഷേ വണ്ടിയൊന്ന് തട്ടിയാലോ കൈയിൽ നിന്ന് കാശിറങ്ങുകയും ചെയ്യുമല്ലോ എന്നോർത്ത് മിക്കവരും വലിയ തുക മുടക്കി ബംബർ ടു ബംബറോ ഫുൾ കവറിനും ഒക്കെയാണ് പണം ചെലവഴിക്കുന്നത്. എന്നാൽ കാറിൽ നമ്മളിൽ പലരും ചെയ്‌തിരിക്കുന്ന പല മോഡിഫിക്കേഷനുകളും ഇൻഷുറൻസ് ചെലവ് 100 ശതമാനത്തിലധികം വർധിപ്പിക്കും എന്നതും പലർക്കുമറിയാത്തൊരു കാര്യമായിരിക്കും.

അതെ, സീറ്റ് കവറുകൾ ഇടുന്നതു മുതൽ എന്തെങ്കിലും എക്സ്ട്രാ ലൈറ്റുകൾ വരെ ഘടിപ്പിച്ചാൽ പോലും ഇത് ബാധകമാവുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അതുള്ളതാണ്. ആർടിഒയുടെ അനുമതിയില്ലാതെ കാറിൽ വരുത്തുന്ന ഏതുതരത്തിലുള്ള മാറ്റങ്ങളും നിയമ വിരുദ്ധമാണ് എന്നതിനു പുറമെ അവ ഉയർന്ന ഇൻഷുറൻസ് പ്രീമിയങ്ങളിലേക്കും നയിക്കുന്നുണ്ട്. അത്തരം മോഡിഫിക്കേഷനുകൾ എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?
ആഫ്റ്റർ മാർക്കറ്റ് സീറ്റ് കവറുകളും ഡാഷ്‌ബോർഡ് മോഡിഫിക്കേഷനുമാണ് ഇതിൽ ആദ്യത്തേത്. ഇന്ത്യയിൽ ഒരു കാർ വാങ്ങുന്നയാൾ ആദ്യം ചെയ്യുന്നൊരു കാര്യമായിരിക്കും ആഫ്റ്റർ മാർക്കറ്റ് സീറ്റ് കവറുകളിടുന്നത്. സീറ്റുകളെ സംരക്ഷിക്കുന്നതിനു പുറമെ വാഹനത്തിന് കൂടുതൽ പ്രീമിയം ഫീൽ നൽകാനും കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ പലരും ചെയ്യാറുള്ളത്. ഇതോടൊപ്പം ഡാഷ്‌ബോർഡിന്റെ ഘടകങ്ങൾ നവീകരിക്കുന്നത് സാധാരണമാണ്. സാങ്കേതികമായി ഈ മാറ്റങ്ങൾ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ 16 ശതമാനം വർധനവിന് ഇടയാക്കും എന്നൊന്ന് ഓർത്തുവെച്ചോ.

അലോയ് വീലുകളും വലിപ്പമേറിയ ടയറുകളുടെ ഉപയോഗവും ഇൻഷുറൻസ് പ്രീമിയം വർധിക്കാൻ കാരണമാവുന്നുണ്ട്. സീറ്റ് കവറുകൾ കഴിഞ്ഞാൽ ആളുകൾ സാധാരണമായി ചെയ്യാറുള്ള കാര്യമാണ് അലോയ് വീലുകളുടെ ഉപയോഗം. ആഫ്റ്റർ മാർക്കറ്റ് വീലുകളും കമ്പനികൾ നിഷ്ക്കർഷിക്കുന്നതിലും വലിപ്പമേറിയ ടയറുകളും ചേർക്കുന്നത് യഥാക്രമം 8 ശതമാനവും 18 ശതമാനവും ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിന് കാരണമായേക്കാം.
അധിക ലൈറ്റുകളുടെ ഉപയോഗവും ഇൻഷുറൻസ് ചെലവ് വർധിക്കാൻ കാരണമാവുമേ. വാഹന നിർമാതാക്കൾ നൽകുന്ന ഹെഡ്‌ലൈറ്റുകൾക്കും ടെയിൽ ലാമ്പുകൾക്കും പുറമെ ഓക്സിലറി ലൈറ്റുകളോ എൽഇഡി ബൾബുകളിലേക്കോ പോലുള്ള അപ്‌ഗ്രേഡിഗും നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. സാങ്കേതികമായി നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ 12 ശതമാനം വർധനവിന് കാരണമാകുന്നുണ്ട്.

ലുക്ക് വർധിപ്പിക്കാനായി ആഫ്റ്റർ മാർക്കറ്റ് പെയിന്റ് വർക്കുകളും ഡീക്കലുകളും ചെയ്യുന്നതും ഇൻഷുറൻസിനെ ബാധിക്കുന്ന കാര്യമാണ്. നിങ്ങൾ ഒരു ആഫ്റ്റർ മാർക്കറ്റ് പെയിന്റിംഗ് വാഹനത്തിന് നൽകിയാൽ, കാറിന്റെ ഇൻഷുറൻസ് 36 ശതമാനം വർധിക്കും. കൂടാതെ ഏതെങ്കിലും പ്രധാനപ്പെട്ട ഡീക്കൽ വർക്കുകൾ കൂടി ചെയ്‌താൽ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ 22 ശതമാനം സർചാർജ് ഈടാക്കാം.
വാഹനങ്ങളിൽ ബോഡി കിറ്റുകൾ ചേർക്കുന്നത് ഇൻഷുറൻസ് ചെലവിൽ 66 ശതമാനം വർധനവിന് കാരണമാകും. തീർന്നില്ല, പെർഫോമൻസ് വർധിപ്പിക്കാനായി മെയിന്റനൻസില്ലാത്ത ആഫ്റ്റർ മാർക്കറ്റ് എയർ ഫിൽട്ടറുകളും പലരും പൊതുവേ ഉപയോഗിക്കാറുണ്ട്. ഈ മോഡിഫിക്കേഷൻ ഇൻഷുറൻസിൽ 25 ശതമാനം അധിക ചെലവ് വരുത്തും. അടുത്തത് ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് നിയമവിരുദ്ധമാണെന്നതിന് പുറമെ വാഹനത്തിന്റെ വാറണ്ടിയും അസാധുവാക്കും.

നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് വാഹനത്തിൽ അത്തരമൊരു സംവിധാനം തിരിച്ചറിയുകയാണെങ്കിൽ അത് കാറിന്റെ ഇൻഷുറൻസ് ചെലവിൽ ഏതാണ്ട് 26 ശതമാനം വർധനവിനും വഴിവെക്കും. കാറുകൾ കസ്റ്റമൈസ് ചെയ്യാൻ ഉപയോഗിക്കുന്ന വാഹനത്തിലെ ജനറിക് റിയർ സ്‌പോയിലറിന് ഇൻഷുറൻസ് ചെലവ് 23 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്നും ഓർമിക്കണം. ഇതുകൂടാതെ വാഹനത്തിന്റെ സസ്‌പെൻഷനും ബ്രേക്കിംഗും അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ അത്തരം പരിഷ്‌ക്കരണത്തിന് യഥാക്രമം 25 ശതമാനവും 36 ശതമാനവും സർചാർജ് ഈടാക്കും.
ടർബോ ചാർജിംഗ് അല്ലെങ്കിൽ കാർ സൂപ്പർചാർജ് ചെയ്യുന്നത് വാഹനത്തിന്റെ എഞ്ചിനും ട്രാൻസ്മിഷനും നേരിട്ട് സ്വാധീനം ചെലുത്തുന്ന കാര്യമാണ്. ആയതിനാൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ കാര്യത്തിൽ ഇത് ഏറ്റവും ചെലവേറിയ മോഡിഫിക്കേഷനായാണ് ഇതിനെ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം 132 ശതമാനം വർധിക്കും. ഇനിയിപ്പോൾ ഇൻഷൂററോട് മോഡിഫിക്കേഷനുകൾ മറച്ചുവെക്കാനാണ് പ്ലാനെങ്കിൽ അവിടെയും പണികൾ ഒളിഞ്ഞിരിപ്പുണ്ട്.

എന്തെന്നല്ലേ, നിങ്ങളുടെ കാറിൽ നടപ്പിലാക്കിയ മോഡിഫിക്കേഷനുകൾ ഇൻഷുറൻസ് കമ്പനിയോട് വെളിപ്പെടുത്തുന്നില്ലെങ്കിൽ, അത് ഒരു വഞ്ചനയായി കണക്കാക്കും. കൂടാതെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ ഒരു ക്ലെയിമിനും നിങ്ങൾ യോഗ്യനായിരിക്കില്ലെന്ന് ഓർത്തുവെച്ചോളൂ. ആയതിനാൽ കാറിനെ സ്റ്റോക്ക് കണ്ടീഷനിൽ കൊണ്ടുനടക്കുന്നതാവും ഉചിതം എന്ന് ഓർമപ്പെടുത്തട്ടേ...


Click it and Unblock the Notifications








