ലാലേട്ടനെ തിരിച്ചുകിട്ടി, ഒപ്പം മലയാള സിനിമക്ക് ഒന്നൊന്നര വില്ലനെയും! ലംബോർഗിനിയിൽ കൊച്ചി കറങ്ങി ജോർജ് സാർ
വിമർശനങ്ങൾ ഏറെ കേട്ടൊരു മോഹൻലാൽ ആയിരുന്നു എമ്പുരാന് മുമ്പുണ്ടായിരുന്നത്. ചിത്രങ്ങളെല്ലാം തുടർച്ചയായി ബോക്‌സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടിവീഴുമ്പോൾ ലാലേട്ടന്റെ കാലമൊക്കെ കഴിഞ്ഞുവെന്ന് വിധിയെഴുതിയവരാണ് പലരും. എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലൂടെ ഇൻസ്ട്രി ഹിറ്റ് സമ്മാനിച്ച് മോഹൻലാൽ തിരിച്ചുവന്നുവെങ്കിലും സിനിമയെ കുറിച്ച് പലർക്കും സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരായ മലയാളികളെ സംതൃപ്‌തിപ്പെടുത്തുന്ന ഒന്നും തന്നെ എമ്പുരാൻ തന്നില്ലെന്ന് പലരും പരാതി പറഞ്ഞപ്പോൾ പിന്നാലെയെത്തിയ തുടരും അപ്രതീക്ഷിത ഹിറ്റാണടിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പടമായതിനാൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സിനിമ ഇത്രയും വലിയ ഹിറ്റാവുമെന്ന് മോഹൻലാൽ ഫാൻസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല. നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന തുടരും ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം വലിയ ചർച്ചയാണ്. ഹൈപ്പില്ലാതെ, ഹെലികോപ്റ്ററില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി വന്ന ലാലേട്ടനെ മലയാളികൾ ആഘോഷിക്കുകയാണ്.

കുടുംബ പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെയൊരു ചിത്രം തന്നെയാണ് തുടരും എന്നും സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറയുന്നുമുണ്ട്. എന്തൊരു ചേലാണ് ലാലേട്ടാ ഇങ്ങനെ നോക്കിയിരിക്കാൻ എന്ന് തുടങ്ങുന്ന പോസ്റ്റുകളും കമന്റുകളുമെല്ലാമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 50 കോടി ക്ലബ് കഴിഞ്ഞ് മുന്നേറുന്ന സിനിമ 100 കോടി ക്ലബിൽ ഉടൻ കയറുമെന്ന് തന്നെ ഉറപ്പിച്ച് പറയാനുമാവും.
മോഹൻലാലിനൊപ്പം തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തേയും ആരാധകർ കൊണ്ടാടുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ ട്രീറ്റ് പ്രതീക്ഷിച്ച് തീയറ്ററിലെത്തിയവരെ ഞെട്ടിച്ചത് മറ്റാരുമല്ല പടത്തിലെ വില്ലൻ കഥാപാത്രമാണ്. സര്‍പ്രൈസ് എന്‍ട്രിയാണ് ജോര്‍ജ് സാർ എന്ന പ്രകാശ് വര്‍മയെ ബിഗ്സ്ക്രീനിൽ പ്രേക്ഷകർ കണ്ടത്. കണ്ണില്‍ പകയുടെ തീക്കനല്‍ കത്തുമ്പോഴും വെളുക്കെ ചിരിച്ച് ഒറ്റയാനെ വീഴ്ത്താന്‍ വാരിക്കുഴി തീര്‍ത്ത ജോർജിനെ ആർക്കും അത്രവേഗം മറക്കാനാവില്ല.

കാടിളക്കി വരുന്ന ഒറ്റ കൊമ്പനെ തോട്ടിയിൽ നിർത്തുന്ന പാപ്പാനെ പോലെ ഓരു ഒന്നൊന്നര വില്ലൻ തന്നെയാണ് പ്രകാശ് വര്‍മ. ഇതെന്റെ കഥയാടാ ഇതിൽ ഞാനാ നായകൻ എന്ന് നായകന്റെ മുഖത്ത് നോക്കി പറയണമെങ്കിൽ ആ വില്ലന്റെ റേഞ്ച് ഒന്ന് വേറെ തന്നെയായിരിക്കണം. ക്യാമറയ്ക്ക് മുന്നിൽ പുതുമുഖമാണെങ്കിലും ഇതിനോടകം ഏവരും അറിഞ്ഞതുപോലെ ഇന്ത്യയിലെ പ്രമുഖ പരസ്യചിത്രങ്ങളുടെ സംവിധായകനാണ് കക്ഷി.
വോഡഫോൺ, ഡയറി മിൽക്ക്, കേരള ടൂറിസം, മഹീന്ദ്ര തുടങ്ങി നിരവധി ഫേമസ് പരസ്യങ്ങളുടെ സംവിധായകനാണ് പ്രകാശ് വര്‍മ. ഉള്ളുനിറയെ വിഷം നിറച്ച പാമ്പു പോലൊരു മനുഷ്യന്‍ സിനിമ കഴിഞ്ഞാൽ ശരിക്കുമൊരു വണ്ടിഭ്രാന്തനാണ് കേട്ടോ. ഇപ്പോഴിതാ സിനിമ ഹിറ്റായതിന് പിന്നാലെ പുള്ളിക്കാരന്റെ കാർ കളക്ഷനെപ്പറ്റിയുള്ള സംസാരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടയിൽ ലംബോർഗിനിയിൽ പറക്കുന്ന ജോർജ് സാറിന്റെ വീഡിയോയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റെ ഓറഞ്ച് കളർ ലംബോർഗിനി ഉറൂസിൽ കൊച്ചിയിലൂടെ പോവുന്ന പ്രകാശ് വര്‍മയുടേതാണ് വീഡിയോ. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള ഉറൂസ് കാണാനും അന്യായ ലുക്കാണെന്ന് മാത്രമല്ല റോഡ് നിറഞ്ഞാണ് ആഡംബര എസ്‌യുവിയുടെ പോക്ക്. 2018-ൽ ലോഞ്ച് ചെയ്‌ത ഉറൂസ് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ് കേട്ടോ.
ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള ആഡംബര എസ്‌യുവികളായ ഔഡി RSQ8, ബെന്റ്ലി ബെന്റേഗ, പോർഷ കയീൻ തുടങ്ങിയ മോഡലുകൾ പണികഴിപ്പിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ലംബോർഗിനി ഉറൂസും നിർമിച്ചിരിക്കുന്നത്. 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഈ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഹൃദയം.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിന് 657 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 3.3 സെക്കൻഡ് മാത്രം മതിയാവുമെന്നാണ് ലംബോർഗിനി പറയുന്നത്. അതേസമയം ലംബോർഗിനിയുടെ ആദ്യത്തെ എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. എന്തായാലും തുടരും സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖൻ എസ്ഐ ജോർജ് സാറിനു മുന്നിൽ ശരിക്കും വിയർത്തുവെന്ന് വേണം പറയാൻ. കൂടെ മലയാള സിനിമയ്ക്ക് പുതിയൊരു വില്ലനേയും കിട്ടി.


Click it and Unblock the Notifications








