വെറുതേ കാശ് കളയണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാർ ബാറ്ററി കൂടുതൽക്കാലം ഈടുനിൽക്കും
വാഹനത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ബാറ്ററികൾ. അതിപ്പോൾ ഇരുചക്ര വാഹനമായാലും വലിയ ട്രക്കുകളായാലും ബാറ്ററികളില്ലാതെ പ്രവർത്തനം പൂർണമാവില്ലെന്നു വേണം പറയാൻ. ടൂവീലറുകളിലാണെങ്കിൽ ബാറ്ററി ഇല്ലാതെ താത്ക്കാലികമായി കൊണ്ടുനടക്കാനാവുമെങ്കിലും കാറുകളുടെയെല്ലാം കാര്യം വരുമ്പോൾ സംഗതി അൽപം ഗൗരവമേറിയതാവും. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത ഒരു സാഹചര്യം നിങ്ങള്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടെങ്കിൽ ബാറ്ററിയുടെ ഉപയോഗം എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
അപ്രതീക്ഷിതമായി ബാറ്ററി ചാർജ് തീർന്നു പോവുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പണികിട്ടുകയോ ചെയ്‌താൽ ഏതൊരാൾക്കും വലിയ അസൗകര്യം ഉണ്ടാക്കും. ലൈറ്റുകൾ മുതൽ മ്യൂസിക് സിസ്റ്റങ്ങൾ വരെ വാഹനത്തിലെ എല്ലാ ഇലക്ട്രിക്കൽ സിസ്റ്റങ്ങൾക്ക് വരെ പവർ നൽകുന്നത് ബാറ്ററിയാണ്. അതിനാൽ എഞ്ചിൻ അല്ലെങ്കിൽ ട്രാൻസ്മിഷൻ പോലുള്ള മറ്റ് പ്രധാന ഘടകങ്ങൾ പോലെ, കാർ ബാറ്ററിക്കും പ്രത്യേകം പരിഗണന നൽകേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

കാലാവസ്ഥ, ഉടമ വാഹനം ഉപയോഗിക്കുന്ന രീതി തുടങ്ങിയ ഘടകങ്ങൾ ബാറ്ററിയുടെ ആയുസിനെ ബാധിക്കും. കാലാവസ്ഥാ സാഹചര്യങ്ങളും ഉപയോഗത്തേയും ആശ്രയിച്ച് ശരാശരി ഒരു കാർ ബാറ്ററി മൂന്ന് മുതൽ അഞ്ച് വർഷം വരെ നീണ്ടുനിൽക്കും. എന്നാൽ ചില ലളിതമായ ടിപ്പുകൾ പിന്തുടർന്നാൽ ബാറ്ററി അൽപം കൂടിക്കാലം ഉപയോഗിക്കാനാവും. ഒന്നോ രണ്ടോ വർഷത്തിന് ശേഷം ബാറ്ററി മാറ്റുന്നത് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പിന്തുടരേണ്ട ചില പ്രധാന കാര്യങ്ങൾ പറഞ്ഞു തരാം.
അഴുക്ക്, ചെളി, അല്ലെങ്കിൽ ഈർപ്പം പോലുള്ള കാര്യങ്ങൾ കാർ ബാറ്ററിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ഇവ ബാറ്ററി കെയ്‌സിംഗിലുടനീളം ലീക്കേജിന് കാരണമായേക്കും. ഇത് ബാറ്ററിയുടെ ചാർജ് വേഗം തീർന്ന് ആയുസിനെ ബാധിക്കും. ആയതിനാൽ ഈ അവസ്ഥ ഒഴിവാക്കാനായി മാസത്തിലൊരിക്കലെങ്കിലും ഒരു സ്പോഞ്ചും ഉണങ്ങിയ തുണിയും ഉപയോഗിച്ച് ബാറ്ററിയുടെ അഴുക്ക് നീക്കം ചെയ്യാം.

ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയിൽ അതായത് മഴക്കാലം പോലുള്ള ദിവസങ്ങളിൽ കാറിന്റെ ബാറ്ററി ടെർമിനലുകളിലും ബാറ്ററി ലെഡ് ക്ലാമ്പുകളും കേടുവരുന്നത് സാധാരണമാണ്. കോറോഡഡ് ടെർമിനലുകളും ലെഡ് ക്ലാമ്പുകളും ബാറ്ററിയിലൂടെയുള്ള വൈദ്യുതി പ്രവാഹത്തെ ബാധിക്കും. അതിനാൽ ഇത്തരം തകരാറുകളിൽ നിന്നും രക്ഷനേടാനായി അവ ഇടയ്ക്കിടെ വൃത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കേണം.
കാർ നീണ്ട ദിവസങ്ങളോളം സ്റ്റാർട്ടാവാതെയിരിക്കുകയാണെങ്കിൽ ബാറ്ററി പണിതരാനുള്ള ചാൻസുണ്ട്. ബാറ്ററിക്ക് സ്വയം റീചാർജ് ചെയ്യാൻ കഴിയില്ലാത്തതിനാൽ കാർ പതിവായി സ്റ്റാർട്ട് ചെയ്‌ത് അൽപ നേരം ഓണാക്കിയുടുന്നത് ബാറ്ററിയുടെ ഹെൽത്തിനെ സഹായിക്കും. ഈ പ്രക്രിയയിലൂടെ എഞ്ചിൻ ചൂടാകുകയും ദ്രാവകങ്ങൾ എല്ലായിടത്തും എത്താൻ അനുവദിക്കുകയും ചെയ്യുന്നു.

കൂടാതെ, ഇത് ബാറ്ററി റീചാർജ് ചെയ്യാൻ മതിയായ സമയം അനുവദിക്കും. രണ്ടാഴ്ചയിലേറെയായി വാഹനം ഉപയോഗിക്കാതെ കിടന്നാൽ അടുത്ത തവണ നിങ്ങൾ കാർ ഉപയോഗിക്കുമ്പോൾ ബാറ്ററി ശ്രദ്ധ ആവശ്യമായി വന്നേക്കും. അതിനാൽ കാർ അധിക ദിവസം സ്റ്റാർട്ട് ചെയ്യാതിടരുത്. മാത്രമല്ല ദിവസത്തിൽ ഒന്നെങ്കിൽ ഒരു അരമണിക്കൂർ ഡ്രൈവിനായി കാ പുറത്തെടുക്കുന്നതും ബാറ്ററിയുടെ ആയുസിനെ സഹായിക്കുന്ന ഘടകമാണ്.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളോ ഇന്റീരിയർ ലൈറ്റുകളോ ഓണാക്കുന്നതും, എഞ്ചിൻ പ്രവർത്തിപ്പിക്കാതെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് ഇഗ്നിഷൻ ഓണാക്കുന്നതും ബാറ്ററി തകരാറിലാവാൻ ഇടയാക്കുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ എഞ്ചിൻ ഓഫാക്കുമ്പോൾ കാറിന്റെ ആൾട്ടർനേറ്റർ ഷട്ട് ഡൗൺ ആകുകയും ഇലക്‌ട്രോണിക് ആക്‌സസറികൾ കാറിന്റെ ബാറ്ററിയിൽ നിന്ന് വൈദ്യുതി ഡ്രെയിൻ ചെയ്യാനും ഇടയാക്കും.
അതിനാൽ, ഇലക്‌ട്രോണിക് ആക്‌സസറികൾ ഓണാക്കി വെക്കുന്ന ശീലും ഒഴിവാക്കുന്നതാവും നന്ന്. വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് എല്ലാം സ്വിച്ച് ഓഫ് ചെയ്യുക. കൂടാതെ കാറിൽ നിന്നും ഇറങ്ങുമ്പോൾ ലോക്ക് ചെയ്യാനും മറക്കേണ്ട. കാരണം വാഹനം അൺലോക്ക് ചെയ്‌ത് ഇടുന്നത് ഓൺബോർഡ് കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തിക്കാനിടയാക്കുന്ന കാര്യമാണ്. ഇക്കാര്യവും ബാറ്ററിയുടെ ഹെൽത്തിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം ചില കാര്യങ്ങളിൽ ശ്രദ്ധകൊടുത്താൽ 5 വർഷത്തിന് മുകളിൽ ബാറ്ററിയിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുനടക്കാം.


Click it and Unblock the Notifications








