ടൈറ്റാനിക്കിന്റെ വിധി ടൈറ്റനും, സ്ഫോടനത്തിൽ തകർന്ന് സമുദ്രക്കപ്പൽ
അറ്റ്‍ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ടൈറ്റൻ സമുദ്രപേടകം തിരിച്ചെത്തില്ലെന്ന വാർത്തയെത്തി. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ആഴക്കടലിൽ നിന്നും അതിജീവനത്തിന്റെ വാർത്തയെത്തുമെന്ന കാത്തിരിപ്പ് ഇതോടെ വിഫലമായി.
സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷൻസ് കമ്പനിയും ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നുമാണ് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ച വിവരം. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. അതായത് ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് യാത്രക്കാരെല്ലാം മരിച്ചതെന്ന് സാരം.

കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാലും കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള അഞ്ച് സാഹസികരുടെ ദൗത്യം അതിദാരുണമായി അവസാനിച്ചതിനെ വളരെ ഞെട്ടലോടെയാണ് ലോകം കേട്ടറിയുന്നത്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ടൈറ്റാനിക് കപ്പലുമായി ബന്ധപ്പെട്ട ദുരന്തം രണ്ടായി.
ടൈറ്റാനിക്കിന് ഏതാണ്ട് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ലോക ചരിത്രത്തിന്റെ തന്നെ വലിയ ഭാഗമായ ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാനാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ടൈറ്റന്‍ എന്ന ജലപേടകം സർവീസ് നടത്തുന്നത്. കാനഡയുടെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങളുള്ളത്.

ആയതിനാൽ തന്നെ മികച്ച അന്തർവാഹിനികൾക്ക് പോലും കടന്നു ചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റൻ പര്യടനം നടത്തുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കടലിലിറങ്ങിയ ഓഷൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്.
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിൽ ഉണ്ടായിരുന്നത്. ടൈറ്റാനിയം, ഫിലമെന്റ്-വുൺഡ് കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ടൈറ്റന് 20,000 പൗണ്ട് (9,072 കിലോഗ്രാം) ഭാരമുണ്ടെന്നാണ് കണക്കുകൾ.

6.7 മീറ്റര്‍ നീളമുള്ള പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് സഞ്ചരിക്കാൻ കഴിയുക. ഗെയിംപാഡുകൾ ഉപയോഗിച്ചാണ് ഈ സമുദ്രക്കപ്പൽ പ്രവർത്തിപ്പിക്കുന്നത്. അതേസമയം ടൈറ്റന്റെ പ്രവർത്തനം ശരിയാണെന്ന് അറിയിക്കാൻ ഓരോ പതിനഞ്ച് മിനിറ്റിലും മദർ ഷിപ്പിലേക്ക് ബീപ്പ് അയക്കുന്ന തരത്തിലാണ് വാഹനം പ്രോഗ്രാം ചെയ്തിരിക്കുന്നത്. 2021-ലും 2022-ലും ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ സാഹസികരായ യാത്രക്കാരേയും വഹിച്ച സമാന ദൗത്യം ടൈറ്റൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അഞ്ച് യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുള്ളത്. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗത്തിലാണ് സമുദ്രാഴത്തിൽ ടൈറ്റൻ സഞ്ചരിക്കുന്നത്. എട്ടുദിവസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ഒരാളില്‍നിന്ന് 2 കോടി രൂപയാണു ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. സമുദ്രപേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണുള്ളത് എന്നതിനാൽ അകത്തു നിന്നും യാതൊരു വിധത്തിലും പുറത്തുകടക്കാനാവില്ല.

ടൈറ്റനിൽ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് പിന്തുടരേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ പിഴവുകളുണ്ടെന്ന് മുമ്പ് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. 2015-ലാണ് ഓഷൻഗേറ്റ് ആദ്യമായി 'സൈക്ലോപ്സ്' എന്ന സമുദ്രപേടകം പരീക്ഷിക്കപ്പെട്ടത്. പിന്നീടാണ് ടൈറ്റാനിക് കാണുവാനായി ടൈറ്റൻ നിർമിച്ചത്.
അഞ്ച് പേരുമായി കാണാതായ ടൂറിസ്റ്റ് സമുദ്രപേടകത്തിന് ഓക്‌സിജൻ തീരുന്നത് മാത്രമല്ല അപകടം. കപ്പലിന് വൈദ്യുതി നഷ്ടപ്പെടുന്നതും വലിയ ആപത്താണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ടൈറ്റനുള്ളിലെ ഓക്‌സിജന്റെയും കാർബൺ ഡൈ ഓക്‌സൈഡിന്റെയും അളവ് നിയന്ത്രിക്കുന്നതിൽ വൈദ്യുത ശക്തിക്ക് ഒരു പങ്കുണ്ട്. ഓക്സിജന്റെ അളവ് കുറയുന്നതിനനുസരിച്ച്, ജീവനക്കാർ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അനുപാതം ഉയരും. ഇത് മാരകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമ്പോൾ അത് സെഡേറ്റീവ് ആയി മാറുന്നുവെന്നും അത് ഒരു അനസ്തെറ്റിക് വാതകമായി മാറുകയും യാത്രക്കാരെ മയക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസ് മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിലെ ഹൈപ്പർബാറിക് മെഡിസിൻ വിദഗ്ധൻ കെൻ ലെഡെസ് പറഞ്ഞു. എന്തായാലും
ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള കൂടുതൽ സൂചനകൾക്കായി കോസ്റ്റ് ഗാർഡ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപം തിരച്ചിൽ തുടരും.


Click it and Unblock the Notifications








