മോഹൻലാലിന്റെ വണ്ടിയേക്കാൾ കേമം, 5.4 കോടിയുടെ എസ്‌യുവിയുമായി തെന്നിന്ത്യൻ സൂപ്പർതാരം
തെന്നിന്ത്യൻ സിനിമകൾ എന്നുകേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് മലയാളം, തമിഴ് സിനിമകളാണെങ്കിലും അടുത്തകാലത്തായി തെലുങ്കു സിനിമാ മേഖലയും വലിയ പ്രതീക്ഷ നൽകുന്നവയാണ്. ഈച്ച, ബാഹുബലി, പുഷ്‌പ, RRR എന്നിവയെല്ലാം പാൻഇന്ത്യൻ ലെവലിൽ പേരെടുത്തവയാണ്. ടോളിവുഡിൽ ഇവിടെ പ്രഭാസിനും അല്ലു അർജുനുമെല്ലാമാണ് ഫാൻസ് കൂടുതലുള്ളതെങ്കിലും അവിടുത്തെ പ്രിൻസാണ് മഹേഷ് ബാബു.
ചില ഡബ്ബിംഗ് ചിത്രങ്ങളിലൂടെ നമുക്കും ഏറെ സുപചിരിതമാണ് മഹേഷ് ബാബുവിന്റെ മുഖം. സിനിമ പോലെ തന്നെ വലിയ ആഡംബര വാഹനങ്ങളോടും പ്രത്യേക കമ്പമുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇപ്പോഴിതാ തന്റെ യാത്രകൾക്കായി താരം 5.4 കോടി രൂപ വില വരുന്ന പുത്തൻ ലക്ഷ്വറി എസ്‌യുവി വാങ്ങിയ വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഒട്ടേറെ പ്രത്യേകതയുള്ള ഈ വാഹനം ലാൻഡ് റോവറിന്റെ റേഞ്ച് റോവർ SV മോഡലാണ്.

രാജ്യത്ത് ഇന്ന് വാങ്ങാനാവുന്ന ഏറ്റവും വില കൂടിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി A7, ബിഎംഡബ്ല്യു 7 സീരീസ്, മെർസിഡീസ് ബെന്‍സ് S-ക്ലാസ് പോലുള്ള വമ്പൻ കാർ നിര വാഴുന്ന ഗരാജിലേക്കാണ് മഹേഷ് പുതുപുത്തൻ റേഞ്ച് റോവറിനെ കൊണ്ടുവന്നിരിക്കുന്നത്.പ്രത്യേകമായി ഗോൾഡൻ നിറത്തിൽ ഒരുക്കിയിരിക്കുന്ന എസ്‌യുവിയാണ് ഇനി സൂപ്പർതാരത്തിന്റെ യാത്രകൾക്ക് കൂട്ടായി എത്തുക.
സിനിമകളുടെ പ്രധാന നഗരമായ ഹൈദരാബാദില്‍ ഈ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും ഇനി മുതൽ മഹേഷ് ബാബുവാണ്. അതായത് താരം എവിടെയെത്തിയാലും ഇനി ആരാധകർക്ക് തിരിച്ചറിയാൻ എളുപ്പമാണെന്ന് സാരം. എല്ലാ വീക്ഷണകോണിൽ നിന്നും ഗാംഭീര്യവും ചാരുതയും പ്രസരിപ്പിക്കുന്ന ഈ ഗോൾഡൻ നിറം എസ്‌യുവിയുടെ ആഡംബരത്തം വിളിച്ചോതുന്നുണ്ട്. ലക്ഷ്വറി പോലെ തന്നെ സേഫ്റ്റിയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍ മോഡലുകൾ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമുക്ക് ഏവർക്കും പ്രിയപ്പെട്ട ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാന്‍ഡ് റോവറിന്റെ MLA ഫ്ലെക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്. ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടർ എഞ്ചിൻ എന്നിവയായെല്ലാം ഈ റേഞ്ച് റോവർ SV പതിപ്പിന്റെ പ്രത്യേകതകളാണ്. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വേരിയന്റുകളുമുണ്ട്.
3.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ പെട്രോൾ, 4.4 ലിറ്റർ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. മഹേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത് ഇതിൽ ഏതാണെന്ന് വ്യക്തമല്ല. 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ 294 kW കരുത്തിൽ 550 Nm torque നൽകുമ്പോൾ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ 258 kW പവറിൽ 700 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

അപകട സമയങ്ങളില്‍ മികച്ച സുരക്ഷയും അനാവശ്യ ശബ്ദങ്ങളില്‍ നിന്നുള്ള രക്ഷയും 80 അലൂമിനിയം കൊണ്ടു നിര്‍മിച്ച ഷാസിയുമാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. ഗോൾഡൻ നിറത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ കാഴ്ച്ചയിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ വണ്ടിക്കാവും. റേഞ്ച് റോവർ എസ്‌യുവിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ ഇവിടെയും പ്രീമിയം ഫീലാണ് യാത്രക്കാർക്ക് വാഹനം സമ്മാനിക്കുന്നത്.
പിവി പ്രോ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, JLR ഓട്ടോണമസ് ഡ്രൈവിംഗ് എയ്ഡ്, റിയർ-വീൽ സ്റ്റിയർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ, കീലെസ് എൻട്രി, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ക്രാഷ് സെൻസറുകൾ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന ഫീച്ചറുകൾ.

മറ്റ് സവിശേഷതകളിൽ PM2.5 ഫിൽട്രേഷൻ, നാനോ എക്സ് ടെക്നോളജി തുടങ്ങിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ ഫീച്ചറുകളും ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിലുണ്ട്. ഈ സംവിധാനം ദുർഗന്ധം, ബാക്ടീരിയ, വൈറസുകൾ, അലർജികൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. തെന്നിന്ത്യയിലെ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനം കൂടിയാണ് റേഞ്ച് റോവര്‍ എസ്‌യുവി. മോഹന്‍ലാല്‍, എന്‍ടിആര്‍, ചിരഞ്ജീവി തുടങ്ങി പല സൂപ്പർ താരങ്ങളും ഈ മോഡൽ തങ്ങളുടെ ഗരാജിലെത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








