എല്ലാം രണ്ടാംകല്യാണത്തിന്റെ ഐശ്വര്യം, 1.27 കോടിയുടെ പുത്തൻ കാർ വാങ്ങി നാഗചൈതന്യ; കറക്കം അച്ഛനെ ഒപ്പമിരുത്തി
രണ്ട് കല്യാണങ്ങൾക്കൊണ്ട് വാർത്തകളിൽ എപ്പോഴും ഇടംപിടിക്കുന്ന പേരായി മാറിയിരിക്കുകയാണ് തെലുങ്ക് നടൻ നാഗ ചൈതന്യയുടേത് (Actor Naga Chaitanya). സാമന്തയുമായുള്ള വേർപിരിയലും ശോഭിത ധുലിപാലയുമായുള്ള (Sobhita Dhulipala) രണ്ടാം വിവാഹവുമെല്ലാം മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ഏറെ ഇഷ്‌ടമുള്ള കാര്യങ്ങളാണ്. നാഗാർജുനയുടെ മകൻ എന്നതിലുപരിയായി ടോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നാഗചൈതന്യക്ക് സാധിച്ചിട്ടുണ്ട്. ലവ് സ്റ്റോറി, മജിലി, 100% ലവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ താരത്തിന്റെ അഭിനയം മലയാളികൾക്കിടയിൽ വരെ ട്രോളുകൾ ആയിട്ടുണ്ടെങ്കിലും അത്രമോശം നടനൊന്നുമല്ല കക്ഷി.
നിവിൻ പോളി തകർത്തഭിനയിച്ച പ്രേമം തെലുങ്കിൽ റീമേക്ക് ചെയ്‌തപ്പോൾ നായകവേഷത്തിലെത്തിയതും നാഗചൈതന്യയായിരുന്നു. സിനിമ കഴിഞ്ഞാൽ യാത്രകളോടും കാറുകളോടും ഏറെ കമ്പമുള്ള സെലിബ്രിറ്റിയാണ് ഇദ്ദേഹം. അത്യാഡംബര കാറുകളുടെ മോഹിപ്പിക്കുന്ന ശേഖരമുള്ള നാഗാർജുനയുടെ മകൻ തന്റെ ഗരാജിലേക്ക് പുത്തനൊരു കാർ കൂടി വാങ്ങിയിരിക്കുകയാണ്. പുത്തൻ കാറിൽ അച്ഛനേയും ഒപ്പമിരുത്തി റൈഡിനിറങ്ങിയ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പുതിയ കാറുമായി കറങ്ങാനിറങ്ങിയ നാഗചൈതന്യയുടേയും നാഗാർജുനയുടേയും വീഡിയോ ആർട്ടിസ്ട്രിബസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലൂടെയുള്ള വീഥികളിലൂടെ പുത്തൻ ബിഎംഡബ്ല്യ M2 ആഡംബര കാറിലാണ് അച്ഛനും മകനും കറങ്ങാനിറങ്ങിയിരിക്കുന്നത്. ഇത് നാഗചൈതന്യ സ്വന്തമായി വാങ്ങിയതാണോയെന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.
2024-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഈ കാറിന് ഏകദേശം 1.03 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസും മറ്റെല്ലാ ചെലവുകളുമായി ഈ അത്യാഡംബര കാർ നിരത്തിലിറക്കണമെങ്കിൽ ഹൈദരാബാദിൽ 1.27 കോടി രൂപയോളം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയി ഇന്ത്യയിലെത്തുന്നതിനിലാണ് ബിഎംഡബ്ല്യു M2 മോഡലിന് ഇത്രയും വില വരുന്നത്.

മുന്നിലും പിന്നിലും സിൽവർ നിറത്തിലുള്ള സറൗണ്ടുകൾ, കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, സിൽവർ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, പിൻഭാഗത്തെ ഡിഫ്യൂസർ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യു M2 മോഡലിന് അഴകേകുന്നത്. M സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ക്ലസ്റ്ററിനായി ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് വണ്ടിയുടെ മറ്റ് ഹൈലൈറ്റുകൾ.
ക്യാബിനിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയും ബിഎംഡബ്ല്യുവുനറെ കർവ്ഡ് ഡിസ്പ്ലേ സജ്ജീകരണത്തിന്റെ ഭാഗമായി 14.9 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീനും ഉണ്ട്. സ്പോർട്ടിയറായ എയർ കണ്ടീഷനിംഗ് വെന്റുകൾ, സ്റ്റാൻഡേർഡ് സ്പോർട്ട് സീറ്റുകളിൽ ഓപ്ഷണൽ റെഡ് ആക്സന്റുകൾ, മുമ്പ് M റേസ് ട്രാക്ക് പാക്കേജിൽ വാഗ്ദാനം ചെയ്തിരുന്ന M കാർബൺ ബക്കറ്റ് സീറ്റുകൾ എന്നിവയാണ് കാറിലെ മറ്റ് സവിശേഷതകൾ.

ആൽപൈൻ വൈറ്റ്, M സാൻഡ്‌വൂർട്ട് ബ്ലൂ, ബ്രൂക്ലിൻ ഗ്രേ, ബ്ലാക്ക് സഫയർ, ഫയർ റെഡ്, പോർട്ടിമാവോ ബ്ലൂ, സാവോ പോളോ യെല്ലോ, സ്കൈസ്‌ക്രാപ്പർ ഗ്രേ എന്നിവയാണ് M2 ലക്ഷ്വറി കാറിലെ കളർ ഓപ്ഷനുകൾ. ഇതിൽ സ്കൈസ്‌ക്രാപ്പർ ഗ്രേയാണ് സിനിമാ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയൊന്നുമില്ലാതെയാണ് ആഡംബര കാർ പണികഴിച്ചിരിക്കുന്നത്.
ആറ് എയർബാഗുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (ASC), M ഡൈനാമിക് മോഡ് (MDM), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC), ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഒരു ആക്റ്റീവ് M ഡിഫറൻഷ്യൽ എന്നിവയുൾപ്പെടെ നിരവധി സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും നാഗചൈതന്യ വാങ്ങിയിരിക്കുന്ന M2 കൂപ്പെയിലുണ്ട്.
3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-സിക്സ് എഞ്ചിനാണ് ബിഎംഡബ്ല്യു M2 സ്പോർട്സ് കൂപ്പെയുടെ ഹൃദയം. 473 bhp കരുത്തിൽ വാഹനത്തിന് പരമാവധി 600 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കാനാവുക. സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം ഓപ്ഷണൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








